സൂർ ഇന്ത്യൻ സ്കൂളിൽ അംബാസഡർക്ക് ഊഷ്മള വരവേൽപ്
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് സൂറിലെ ഇന്ത്യൻ സ്കൂൾ സന്ദർശിച്ചു. പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ ചേർന്ന് ഊഷ്മളമായ വരവേൽപാണ് അംബാസഡർക്കും വിശിഷ്ടാതിഥികൾക്കും നൽകിയത്. സെക്കൻഡ് സെക്രട്ടറിമാരായ പ്രവീൺ കുമാർ, ജയപാൽ എന്നിവരും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മഹാമാരി മറ്റ് മേഖലകളെപ്പോലെ വിദ്യാഭ്യാസ രംഗത്തെയും ബാധിച്ചുവെന്നും എന്നാൽ അധ്യാപകരുടെ കഠിനാധ്വാനവും അർപ്പണബോധവും നിശ്ചയദാർഢ്യവും ദുരിതങ്ങളെ മറികടക്കാൻ കഴിഞ്ഞുവെന്നും അധ്യക്ഷ പ്രസംഗത്തിൽ അംബാസഡർ അമിത് നാരംഗ് പറഞ്ഞു.
ഇന്ത്യൻ സമൂഹം വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നും അത് നമ്മുടെ രാജ്യത്തിെൻറ പുരോഗതിക്ക് കാരണമായെന്നും അംബാസഡർ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യകളുടെയും നവീകരണത്തിെൻറയും പ്രാധാന്യത്തെക്കുറിച്ചും അംബാസഡർ സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ സ്കൂൾ സൂർ നടത്തിയ വിവിധ പരിപാടികളുടെ വിഡിയോ അവതരണവും നടന്നു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് അമീൻ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ സ്കൂൾ സൂറിലെ ചിത്രകലാ അധ്യാപകൻ ശ്യാം ശരത്ത് വരച്ച അംബാസഡറുടെ പെൻസിൽ കാരിക്കേച്ചറും സമ്മാനിച്ചു. അധ്യാപകരും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളും അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ടി.പി. സയീദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.