ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിക്ക് ഊഷ്മള വരവേൽപ്
text_fieldsമസ്കത്ത്: ഇന്ത്യ-ഒമാൻ ബന്ധങ്ങൾക്ക് കൂടുതൽ ഉണർവ് പകർന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ദ്വിദിന ഒമാൻ സന്ദർശനത്തിന് തുടക്കമായി. സുൽത്താനേറ്റിൽ എത്തിയ മന്ത്രിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി വാർത്ത-വിവര കൈമാറ്റത്തിന് ഒമാനും ഇന്ത്യയും ധാരണയായി. ഇതുമായി ബന്ധപ്പെട്ട സഹകരണകരാറിൽ ഒപ്പുവെക്കുകയും ചെയ്തു. മസ്കത്ത് എംബസിയിൽ എത്തിയ മന്ത്രിയെ അംബാസഡർ അമിത് നാരങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
എംബസിയിൽ നടന്ന ചടങ്ങിൽ ഒമാനിലെ ആദ്യത്തെ മഹാത്മാ ഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ധീരതയുടെയും സത്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എന്നും പ്രസക്തമാണെന്ന് വി. മുരളീധരന് പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ചറല്‍ റിലേഷന്‍സ് കമീഷന്‍ചെയ്ത മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ ഒമാനിലെ ആദ്യത്തേതാണ്.
'ഇന്ത്യ-ഒമാൻ: ഒരു രാഷ്ട്രീയ യാത്ര' എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചൊവ്വാഴ്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദിയുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും പരസ്പര താൽപര്യമുള്ള മറ്റു കാര്യങ്ങളും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ചർച്ചചെയ്യും. മറ്റു മുതിർന്ന പ്രമുഖരുമായും മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. വൈകീട്ട് 4.45ന് എംബസി അങ്കണത്തിൽ പ്രവാസിസമൂഹം സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്.
വി. മുരളീധരന്റെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണിത്. 2020 ഡിസംബറിലായിരുന്നു ഇതിനുമുമ്പ് സന്ദർശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി ഉന്നതതല സന്ദർശനങ്ങൾ വിവിധ സമയങ്ങളിലായി നടന്നിട്ടുണ്ട്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2019ൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഒമാനിൽ എത്തിയിരുന്നു.
ഈ വർഷം മാർച്ചിൽ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും മേയ് മാസത്തിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫും ഇന്ത്യ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.