ഒമാന്‍ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിൽ ഊഷ്മള വരവേൽപ്
text_fieldsമസ്കത്ത്/ന്യൂ ഡൽഹി: ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുടെ ദ്വിദിന ഇന്ത്യ സന്ദർശനത്തിന് തുടക്കമായി. ബുധനാഴ്ച വൈകീട്ടോടെ ന്യൂ ഡൽഹിയിലെത്തിയ മന്ത്രിക്ക് ഊഷ്മള വരവേൽപാണ് നൽകിയത്. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അയൽക്കാരെന്നനിലയിൽ, സമുദ്ര മേഖലയിലെ സുരക്ഷക്കുവേണ്ടിയുള്ള സഹകരണം വർധിപ്പിക്കാൻ തീരുമാനമായി. ഗൾഫ്, യമൻ, യുക്രെയ്ൻ എന്നിവിടങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറി. ഇരുരാജ്യങ്ങളുശടയും തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതി ചർച്ചയായി.
കോവിഡ്കാലത്ത് ഇരുരാജ്യങ്ങളും കൂടുതൽ സഹകരണത്തോടെയാണ് നീങ്ങിയത്. ഒമാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. നടപ്പുസാമ്പത്തിക വർഷത്തെ ഉഭയകക്ഷി വ്യാപാരം ഇതുവരെ 750 കോടി ഡോളറിന്റേതാണ്. 6.20 ലക്ഷം ഇന്ത്യൻ പ്രവാസികളുള്ള ഒമാനുമായുള്ള ബന്ധം ഊഷ്മളമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴച ഉച്ചതിരിഞ്ഞ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവുമായി ഒമാൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ യു.എ.ഇയിൽ നടന്ന സമ്മേളനത്തിനോടനുബന്ധിച്ച് ഡോ. എസ്. ജയ്ശങ്കറുമായി ഒമാൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സാബി, റോയൽ ഒമാൻ നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് അൽ റഹ്ബി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം ന്യൂഡൽഹിയിൽ എത്തിയിരുന്നു. ഈ സന്ദർശനങ്ങളുടെ തുടർച്ചയുടെ ഭാഗമായാണ് ഒമാൻ വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.