സുൽത്താന് കുവൈത്തിൽ ഊഷ്മള വരവേൽപ്പ്
text_fieldsമസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് കുവൈത്തിൽ ഊഷ്മള വരവേൽപ്പ്. അമീരി വിമാനത്താവളത്തിൽ സുൽത്താനെയും പ്രതിനിധി സംഘത്തെയും കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് ഇരു രാജ്യങ്ങളുടെയും പതാകകളുടെ പശ്ചാത്തലത്തിൽ സുൽത്താന്റെ വാഹനവ്യൂഹത്തെ ബയാൻ പാലസിലേക്ക് ആനയിച്ചു.
ബയാൻ പാലസിൽ അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യാൻ പീരങ്കികൾ ഇരുപത്തിയൊന്ന് വെടിയുതിർത്തു. കുതിരപ്പടയാളികളും കുവൈത്ത് പരമ്പരാഗത കലാപരിപാടികളും ഇവിടെ ഒരുക്കിയിരുന്നു. സുൽത്താൻ കുവൈത്ത് അമീറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തു. പ്രാദേശിക അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങളും കൈമാറി.
സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ-കുവൈത്ത് ബിസിനസ് ഫോറം സ്ഥാപിക്കുന്നതിനുൾപ്പെടെ നാല് ധാരണ പത്രങ്ങളിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഒപ്പുവെച്ചു. നേരിട്ടുള്ള നിക്ഷേപം, സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങൾ, നയതന്ത്ര പഠനങ്ങൾ, പരിശീലനം എന്നീ മേഖലകളിലാണ് ധാരണയിലെത്തിയിരിക്കുന്നത്. ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രത്തിലും ഒപ്പിട്ടു.
സുൽത്താന്റെ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയ എഴുതിച്ചേർക്കലായിട്ടാണ് നിരീക്ഷകർ വിലയിരുത്തുന്നത്. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ലഫ്റ്റനൻറ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്പെഷൽ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി പ്രസിഡൻറ് അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സലേഹ് ബിൻ അമർ അൽ ഖറൂസി എന്നിവരടങ്ങുന്ന പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്. കുവൈത്തിലെ വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചൊവ്വാഴ്ച ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.