വേണം, നമുക്കും മാലിന്യ സംസ്കരണ നയം
text_fieldsഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെ മന്ത്രിമാരും നേതാക്കളും നടത്താത്തത്ര വിദേശപഠന യാത്രകള്‍ നടത്തിയിട്ടുള്ളവരാണ് നമ്മുടെ ഭരണ-പ്രതിപക്ഷ നേതാക്കള്‍. എന്നാല്‍, ഈ യാത്രകള്‍ നമ്മുടെ സംസ്ഥാനത്തിന് എന്ത് നേട്ടമാണ് നേടിത്തന്നിട്ടുള്ളത്? നമ്മുടെ നേതാക്കളും കുടുംബങ്ങളും ഇത്രയുംനാള്‍ നടത്തിയ വിദേശ യാത്രകളുടെ ഗുണങ്ങള്‍ ഒരു സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതല്ലേ? ഇന്ത്യ മുഴുവൻ നേരിടുന്ന അത്യന്തം ഗുരുതര പ്രശ്നമാണ് മാലിന്യ സംസ്കരണം.
ലോകം മുഴുവൻ യാത്ര നടത്തുന്ന നമ്മുടെ നേതാക്കൾ സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ടും എന്തുകൊണ്ട് ഒരു വേസ്റ്റ് മാനേജ്മെന്റ് പോളിസി രൂപപ്പെടുത്തിയിട്ടില്ല? വികസിത രാജ്യങ്ങളിലെല്ലാം പതിറ്റാണ്ടുകള്‍ക്കുമുമ്പേ അങ്ങനെയുള്ള കുറ്റമറ്റ സംവിധാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ദുരന്തങ്ങള്‍ ഉണ്ടായാല്‍ കണ്ണില്‍ പൊടിയിടാന്‍ ഒരന്വേഷണം പ്രഖ്യാപിക്കും. ഗള്‍ഫ് രാജ്യങ്ങളില്വന്ന് സ്വീകരണം ഏറ്റുവാങ്ങി പോകുന്ന നേതാക്കളെ, നിങ്ങള്‍ക്ക് അൽപമെങ്കിലും ആത്മാർഥതയുണ്ടായിരുന്നെങ്കില്, ഇവിടങ്ങളിലുള്ള സര്‍ക്കാറുകള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്യുന്നുവെന്നത് കണ്ടുപഠിച്ച് നടപ്പാക്കാമായിരുന്നില്ലേ. വിളപ്പില്‍ശാലയില്‍ ഈ വിഷയം ഉണ്ടായപ്പോഴും അതിന്റേതായ ഗൗരവമോ ശാശ്വത പരിഹാരമോ തേടിയില്ല. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളില്‍ നിന്നാണ്.
നമ്മുടെ സ്കൂള്‍തലത്തില്‍തന്നെ ഇതൊരു പ്രധാന വിഷയമാക്കി, വരുംതലമുറക്കെങ്കിലും വഴികാട്ടണം. ബയോമൈനിങ് പോലുള്ള കാര്യങ്ങളില്‍ ഒരനുഭവവും അറിവും ഇല്ലാത്ത കമ്പനിക്ക് രാഷ്ട്രീയസ്വാധീനം മാത്രം നോക്കി ഇത്രയും കോടികളുടെ കരാര്‍ കൊടുക്കുക എന്നതുതന്നെ അലംഭാവവും അഴിമതിയും സൂചിപ്പിക്കുന്നു. ഇടതും വലതും പരസ്പരം പുറംചൊറിഞ്ഞ് അഴിമതി തുടര്‍ന്നാല്‍ വരുംതലമുറ പുകഞ്ഞുതീരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.