ബി.ബി.സി ഡോക്യുമെന്ററി കാണാൻ അവസരമൊരുക്കണം -തമിഴച്ചി തങ്കപാണ്ഡ്യൻ എം.പി
text_fieldsമസ്കത്ത്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് തമിഴ്നാട്ടിൽനിന്നുള്ള ഡി.എം.കെ എം.പി തമിഴച്ചി തങ്കപാണ്ഡ്യൻ പറഞ്ഞു. ഒമാനിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ അവർ ഗൾഫ് മാധ്യമവുമായി സംസാരിക്കുകയായിരുന്നു. ഗുജറാത്ത് കലാപം എന്താണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ്.
ഈ സംഭവങ്ങളുടെ കൂട്ടിച്ചേർക്കലുകളില്ലാത്ത രേഖയാണ് ഡോക്യുമെന്ററി. ഇത് കാണാൻ സൗകര്യമൊരുക്കി ജനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അവസരം കൊടുക്കുക എന്നത് ജനാധിപത്യ പ്രക്രിയയുടെ അന്തസ്സത്ത ഉൾക്കൊള്ളുന്നതിന്റെ ഭാഗമാണെന്നും തമിഴ് കവിയും ഗാനരചയിതാവും കൂടിയായ തമിഴച്ചി തങ്കപാണ്ഡ്യൻ പറഞ്ഞു.
രാഹുൽ ഗാന്ധി നടത്തുന്ന ജോഡോ യാത്രക്ക് ഇക്കാലത്ത് വളരെയധികം പ്രാധാന്യമുണ്ട് . കോൺഗ്രസിന്റെ മാത്രം യാത്രയല്ല ഇത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകളെ ഒന്നിപ്പിക്കാൻ യാത്രക്ക് സാധിക്കും. ഈ യാത്രയുടെ ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ടാണ് കന്യാകുമാരിയിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തതും നിരവധി മുതിർന്ന ഡി.എം.കെ നേതാക്കൾ പങ്കെടുത്തതും. ഡിസംബർ 25ന് ഡൽഹിയിൽ നടന്ന യാത്രയിൽ ഡി.എം.കെ എം.പിമാരോടൊപ്പം ഞാനും യാത്രയിൽ പങ്കാളിയാകുകയുണ്ടായി.
വിവിധ വിഭാഗം ജനങ്ങളിൽനിന്ന് യാത്രക്ക് കിട്ടുന്ന പിന്തുണ മനസ്സിലാക്കാനും കഴിഞ്ഞു. അടുത്ത വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാൻ ഈ യാത്ര സഹായിക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള യാത്ര നടത്തിയതിന് രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കോൺഗ്രസ് പാർട്ടിയെയും അഭിനന്ദിക്കുകയാണ്.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്ന കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളെ അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ സമഗ്ര വികസന പ്രവർത്തനങ്ങളുമായി തമിഴ്നാട് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ തമിഴച്ചി തങ്കപാണ്ഡ്യൻ എ.പിയുമായി കൂടിക്കാഴ്ച നടത്തി. ചടങ്ങിൽ സർക്കുലേഷൻ കോഓഡിനേറ്റർ മുഹമ്മദ് നവാസ് സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.