ജലസംരക്ഷണം: പുനർനിർമിച്ചത് 70 ഫലജുകൾ
text_fieldsമസ്കത്ത്: രാജ്യത്തെ കർഷകരെയും ജലമേഖലയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം 70 ഫലജുകൾ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പുനർനിർമിച്ചു. ഏറ്റവും കൂടുതൽ ഫലജുകൾ പുനഃസ്ഥാപിച്ചിരിക്കുന്നത് വടക്കൻ ശർഖിയയിലാണ്.
ഇവിടെ 26 എണ്ണം നന്നാക്കിയെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ എട്ട്, മുസന്ദം, വടക്കൻ ബാത്തിന, ശർഖിയ നാല്, തെക്കൻ ബാത്തിന ഒമ്പത്, ദാഖിലിയ അഞ്ച്, ദോഫാർ പത്ത് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ നന്നാക്കിയെടുത്ത ഫലജുകളുടെ കണക്കുകൾ. ഒമാനികൾ കാലങ്ങളായി ജലസേചനത്തിന് ആശ്രയിക്കുന്ന പ്രധാന പരമ്പരാഗത ജലസ്രോതസ്സുകളിലൊന്നാണ് ഫലജുകൾ. പ്രദേശത്തിന്റെ ഭൂമിശാസത്രവും മറ്റും അനുസരിച്ച് ഫലജുകൾ വ്യത്യാസപ്പെട്ടിരിക്കും.
വിവിധ ഗവർണറേറ്റുകളിലായി 4112 ഫലജുകളാണുള്ളത്. പുതിയ കിണർ കുഴിക്കാൻ ജനുവരിയിൽ 842 ലൈസൻസുകൾ നൽകിയതായി മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റവും കൂടുതൽ ലൈസൻസുകൾ നേടിയത് ദാഖിലിയ ഗവർണറേറ്റാണ്. 223 ലൈസൻസാണ് നൽകിയിരിക്കുന്നത്. 170 ലൈസൻസ് നേടി വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത്.
വടക്കൻ ശർഖിയ 102, തെക്കൻ ബാത്തിന 99, ബുറൈമി 38, തെക്കൻ ശർഖിയ 33, ദോഫാർ 12, അമസ്കത്ത് അഞ്ച്, മുസന്ദം നാല്, അൽവുസ്ത മൂന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകൾക്ക് ലൈസൻസ് നൽകിയിട്ടുള്ളത്.
മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്തരം ലൈസൻസുകൾ നൽകുന്നത്. കൃഷി-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020ൽ ഒമാനിൽ ശരാശരി 123 മില്ലിമീറ്റർ മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.