വയനാട് സഹായ പദ്ധതി; കെ.പി.സി.സി മാർഗനിർദേശം പുറപ്പെടുവിച്ചുവെന്ന് ഇൻകാസ് ഒമാൻ
text_fieldsമസ്കത്ത്: പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടമായ വയനാടിനെ പുനരുദ്ധരിക്കാൻ കെ.പി.സി.സി ഏറ്റെടുത്തു നടപ്പാക്കുന്ന പദ്ധതികളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഇൻകാസ് ഒമാൻ പ്രവർത്തകർ സജ്ജമായിക്കഴിഞ്ഞുവെന്ന് ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേപ്പും ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ടും പത്രപ്രസ്താവനയിൽ പറഞ്ഞു.
വയനാട് ഉരുൾ ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ് വഴിയുള്ള ധനസമാഹരണ യജ്ഞം ഈ മാസം 19 മുതല്‍ ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എം.പി.അറിയിച്ചു.
പൂർണമായും ഓണ്‍ലൈനിലൂടെയായിരിക്കും കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പുനരധിവാസ ധനസമാഹരണ യജ്ഞം നടത്തുക. ഇതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡ് വിത്ത് വയനാട് -ഐ.എന്‍.സി എന്നാണ് ആപ്ലിക്കേഷന്റെ പേര്.ആപ്പിന്റെ ലോഞ്ചിങ് കഴിഞ്ഞ ദിവസം എറണാകുളം കളമശേരി ചാക്കോളാസ് പവിലിയന് കണ്വെന്ഷന് സെന്ററില്‍ നടന്നു.
പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ വഴി ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഫണ്ട് സമാഹരണത്തിനായി ധനലക്ഷി ബാങ്കിന്റെയും ഫെഡറല്‍ ബാങ്കിന്റെയും രണ്ട് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സംഭാവന നല്കിയ വ്യക്തിക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എം.പിയുടെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഒപ്പോടുകൂടിയ ഡിജിറ്റല്‍ രസീതും എസ്.എം.എസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കും.
ഡിജിറ്റല്‍ രസീത് ആപ് വഴി പ്രിന്റെടുക്കാനുള്ള സൗകര്യവുമുണ്ട്. വയനാട് ധനസമാഹരണ യജ്ഞത്തിനും പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനായി ഒമ്പതംഗ കമ്മിറ്റിക്ക് കെ.പി.സി.സി രൂപം നല്‍കിയിട്ടുണ്ട്. ഇവരാകും കോണ്‍ഗ്രസിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളും പോഷകസംഘടനകളും സെല്ലുകളും ഉള്‍പ്പെടെയുള്ളവയുടെ ഭാരവാഹികളും വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കേണ്ടത് ഈ ആപ് ഉപയോഗിച്ചാകണം.
മറ്റുതരത്തിലുള്ള ഫണ്ട് ശേഖരണം ഒരു കാരണവശാലും അനുവദിക്കുന്നതല്ല. വയനാട് ജനതയെ സഹായിക്കാന്‍ മുന്നോട്ടു വരുന്ന എല്ലാ സുമനസുകള്‍ക്കും കെ.പി.സി.സി ആപ് വഴി സംഭാവന നല്‍കാവുന്നതാണെന്നും കെ.സുധാകരന് എം.പി. അറിയിച്ചു.
വയനാടിന്റെ വിലാപം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.പി.സി.സി പൂണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തസ്ഥലം സന്ദര്‍ശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 വീടുകള്‍ നിർമിച്ച് നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീടുകള്‍ നിർമിക്കാനുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്കുന്ന മുറക്ക് അതിന്റെ നടപടികളിലേക്ക് കോണ്‍ഗ്രസ് കടക്കും. ഇതിനുപുറമെ കോണ്‍ഗ്രസിന്റെ പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളും കർണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാറും വയനാടിലെ ദുരന്തബാധിതര്‍ക്ക് വീട് വെച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.