വയനാട്ടിലെ ഉരുൾപൊട്ടൽ; കണ്ണീരണിഞ്ഞ് പ്രവാസലോകവും
text_fieldsമസ്കത്ത്: വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം ഒമാനിലെ മലയാളി പ്രവാസികളെയും കണ്ണീരിലാഴ്ത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നാട്ടിലെ കനത്ത മഴയും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും പ്രവാസികളെ ആശങ്കയിൽ ആഴ്ത്തിയിരുന്നു. എന്നാൽ, വലിയ ആപത്തുകൾ ഒന്നുമില്ലാതെ കടന്നുപോകുന്നതിന്റെ ആശ്വാസത്തിലായിരുന്നു ഇവരെല്ലാം. എന്നാൽ, കഴിഞ്ഞ ദിവസം പുർച്ച എഴുന്നേറ്റപ്പോൾ കേട്ട വാർത്ത എല്ലാവരെയും നടുക്കുന്നതായിരുന്നു.
വയനാട്ടിൽ നിന്നുള്ള നിരവധി പ്രവാസികൾ മസ്കത്തിലുണ്ട്. ഭൂരിഭാഗം പേരും സുൽത്താൻ ബത്തേരി, കൽപറ്റ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ, ചിലരുടെ ബന്ധുക്കളും സ്വന്തക്കാരും ദുരന്തഭൂമിക്ക് അടുത്താണ് താമസം എന്നത് മിക്കവരെയും ആശങ്കയിലാഴ്ത്തി. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാതായാതോടെ ആശങ്കയേറി. ടി.വിയിലൂടെയും മൊബൈലിലൂടെയും ആയിരുന്നു പിന്നീട് വിവരങ്ങൾ അറിഞ്ഞത്. ജോലിക്ക് പോകുന്നതിനു മുമ്പായി നാട്ടിലുള്ള ബന്ധുക്കളെ പലർക്കും ബന്ധപ്പെടാൻ കഴിഞ്ഞത് ആശ്വാസം നൽകുന്നതായി.
രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ പലരും നാട്ടിലുള്ളവർക്ക് നിർദേശം നൽകുകയും ചെയ്തു. മത്ര സൂഖിൽ കച്ചവടം നടത്തുന്ന ഷറഫുദ്ദീൻ , ഉസ്മാൻ എന്നിവർ ചൂരൽമല സ്വദേശികൾ ആളാണെങ്കിലും ഇവരുടെ കുടുംബം സുരക്ഷിതമാണെന്ന് ഇരുവരും പറഞ്ഞു.മരണസംഖ്യ ഉയരുന്നതും അപകടത്തിന്റെ ഭീതിദമായ കാഴ്ചകളും പ്രവാസികൾ വേദനയോടെയാണ് ഉൾക്കൊണ്ടത്. സുഹൃത്തുക്കളെയും നാട്ടുകാരെയും വിളിച്ചു ഉടനടി കാര്യങ്ങൾ അറിഞ്ഞാണ് ആശ്വാസം കൊണ്ടത്. ബന്ധുക്കളും സുഹൃത്തുക്കളും ഏറെയുള്ളതിനാൽ വയനാടിന് പുറത്തുള്ളവരും ആശങ്കയിലായിരുന്നു.
വയനാടിന്റെ ദുരന്തത്തിനൊപ്പം കേരളത്തിൽ മഴ ശക്തമായതും പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി. പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും വീടുള്ളവർ ആശങ്കയോടെയാണ് ഓരോ വാർത്തകളും ശ്രദ്ധിച്ചത്. പലയിടങ്ങളിലും വെള്ളം ഉയർന്നുവരുന്നതും വീടുകളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകുന്നതുമായ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ നിറയുമ്പോൾ നിസ്സഹായരായി കണ്ണീർതുടക്കാനേ പ്രവാസികൾക്കായുള്ളൂ.
അതേസമയം, നാട്ടിലേക്ക് അവധിക്കുപോയ പ്രവാസികളായ വയനാട്ടുകാർ സജീവമായി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സങ്കപ്പെടുത്തുന്നതാണ് ഇവിടത്തെ കാഴ്ചകളെന്നും അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പറ്റാത്തത് രക്ഷാ പ്രവർത്തനത്തെ ദുഷ്കരമാക്കിയെന്നും മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രവർത്തകനായ ഇബ്രാഹി ഒറ്റപ്പാലം ഗൾഫ് മാധ്യമത്തോട് പറഞ്ഞു. രാവിലെ മുതൽക്കുതന്നെ അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ, അങ്ങോട്ടുള്ള യാത്രാമാർഗങ്ങൾ അടഞ്ഞത് തടസ്സമായി. പ്രവാസലോകത്തുനിന്നടക്കം വയനാടിന് സഹായഹസ്തങ്ങൾ വരും ദിവസങ്ങളിൽ എത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തഭൂമിയിലേക്ക് എല്ലാവിധ സഹായങ്ങൾ എത്തിക്കാനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു സജീവമായി ഇടപെടാനും ലോകകേരള സഭ വേണ്ടെതെല്ലാം ചെയ്യുമെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം.ജാബിർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ദുരന്തഭൂമിയിൽ എല്ലാവിധ സഹായവും എത്തിക്കാൻ നാട്ടിലുള്ള പ്രവർത്തകർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു കൈരളി ഒമാൻ ഭാരവാഹികളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.