മനം കവരും, സൈജയിലെ പ്രകൃതിഭംഗി
text_fieldsമസ്കത്ത്: മനം കവരുന്ന കാഴ്ചകളാൽ സമ്പന്നമാണ് സമാഇൗൽ വിലായത്തിലെ സൈജ ഗ്രാമം. ജബൽ അഖ്ദറുമായി തൊട്ടുചേർന്നുള്ള അൽ ഹജർ പർവതനിരകളുടെ താഴ്ഭാഗത്താണ് സൈജ ഗ്രാമമുള്ളത്. 'മഴ വരുന്നു' എന്ന് അർഥം വരുന്ന 'സൈൽ ഗാ' എന്നാണ് മുൻകാലങ്ങളിൽ സൈജ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഗ്രാമത്തിലും പരിസരങ്ങളിലും ശക്തമായ മഴ പെയ്യാറുണ്ടായിരുന്നതുകൊണ്ടാണ് സൈജക്ക് ഇൗ പേര് ലഭിച്ചത്. മികച്ച കാലാവസ്ഥക്കും പ്രകൃതിഭംഗിക്കുമൊപ്പം ചരിത്രമുറങ്ങുന്ന മണ്ണുകൂടിയാണ് സൈജ. പുരാതന മസ്ജിദുകളടക്കം നിരവധി മതസ്മാരകങ്ങളും സൈജയിൽ കാണാം. ഒമാെൻറ സാംസ്കാരിക പഴമയുടെ മഹത്വം വിളിച്ചോതുന്ന പുരാതന കാലത്തെ കോട്ടകൾ, ടവറുകൾ, നാഗരികതയുടെ അവശിഷ്ടങ്ങൾ എന്നിവയും ഇവിടെ കാണാം. നിരവധി പുരാവസ്തു അവശിഷ്ടങ്ങളും ഇവിടെ കാണാം. ഗ്രാമ കവാടത്തിലെ അൽ റജിം ശ്മശാനത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
അൽ സൈജ ഗ്രാമത്തിൽ നിരവധി പുരാതനമായ താമസ കേന്ദ്രങ്ങളുണ്ടായിരുന്നു. നിരവധി വീടുകൾ ചേർന്നതായിരുന്നു പുരാതന താമസ കേന്ദ്രങ്ങൾ. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് യാരിബ, ഹദ്റമി, ജബ്രീൻ എന്നീ കുടുംബങ്ങളുടെ താമസ കേന്ദ്രങ്ങളാണ്. ഗ്രാമത്തിന് അൽ സബാഹത്ത് എന്ന പേരിലുള്ള മൂന്ന് കവാടങ്ങളുണ്ട്. കവാടങ്ങൾ പുലർച്ച തുറക്കുകയും സന്ധ്യ പ്രാർഥനയോടെ അടക്കുകയുമാണ് ചെയ്തിരുന്നത്.
ഗ്രാമത്തെ ശത്രുക്കളിൽനിന്ന് പ്രതിരോധിക്കാൻ നിരവധി മതിലുകളും ടവറുകളും നിർമിച്ചിട്ടുണ്ട്. യെലോ ടവർ, അൽ ഖുബ് ടവർ, അൽ ശറാജ് ടവർ, അൽ ഹംറൂത്ത് ടവർ, വിൻറ് ടവർ, അൽ മഖ്സൂറ ടവർ എന്നിവ ഇതിൽപെട്ടതാണ്. ഇവയിൽ ഏറ്റവും പ്രശസ്തമായത് അൽ സൗദ ടവറാണ്. ഇവയെല്ലാം നാശഭീഷണിയിലാണ്. ഗ്രാമത്തിെൻറ പ്രൗഢ ചരിത്രത്തിെൻറ സ്മാരകമായ ഇൗ ടവറുകൾ പുനർനിർമാണം നടത്താനൊരുങ്ങുകയാണ് ഗ്രാമവാസികൾ.
13 പുരാതന മസ്ജിദുകളാണ് ഗ്രാമത്തിലുള്ളത്. ജാമ മസ്ജിദാണ് ഇവയിൽ ഏറ്റവും പ്രശസ്തമായത്. പുരാതന മസ്ജിദുകളിൽ ഏറ്റവും വലുതും ഇതുതന്നെയാണ്. സമൃദ്ധമായി ജലം ലഭിക്കുന്ന ഗ്രാമമാണ് സൈജ ഗ്രാമം. വർഷം മുഴുവൻ മഴ ലഭിക്കുന്ന ഗ്രാമമാണിത്. ഗ്രാമത്തിലെ വീടുകളിലേക്ക് പുരാതന ഫലജ് ഉപയോഗിച്ച് വെള്ളമെത്തിക്കുന്നുമുണ്ട്. തണുപ്പുകാലത്ത് ഇവിടെ ചൂടുവെള്ളമാണ് ഒഴുകുന്നത്. വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണിത്. അൽ ഖാരി, അൽ ഹദീത്, അൽ മഹ്ദൂത്ത് എന്നീ ഫലജുകളും പേരുേകട്ടവയാണ്. ഇൗത്തപ്പനകൾകൊണ്ടും വടവൃക്ഷങ്ങൾകൊണ്ടും ചുറ്റപ്പെട്ട ഇൗ ഗ്രാമം ഏറെ മനോഹരമാണ്. അതോടൊപ്പം തണ്ണിമത്തൻ, നാരങ്ങ, വെള്ളുള്ളി, തക്കാളി, ഗോതമ്പ് തുടങ്ങിയ കാർഷിക വിഭവങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.