എ.ഐ മനുഷ്യരാശിക്ക് പ്രയോജനകരമാണെന്ന് ഉറപ്പാക്കണം-ഇലോൺ മസ്ക്
text_fieldsമസ്കത്ത്: കണിശമായതും സത്യസന്ധമായതുമായ നിർമിത ബുദ്ധി (എ.ഐ) നമുക്ക് നിർമിക്കേണ്ടതുണ്ടെന്ന് സ്പേസ് എക്സിന്റെയും ടെസ്ലയുടെയും സി.ഇ.ഒ ഇലോൺ മസ്ക് പറഞ്ഞു. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മസ്കത്തിൽ സംഘടിപ്പിച്ച സോവറിൻ വെൽത്ത് ഫണ്ടുകളുടെ വാർഷിക സമ്മേളനത്തിൽ ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ) റോബോട്ടിക്സും ആധിപത്യം പുലർത്തുന്ന ഭാവിയെക്കുറിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായങ്ങൾ എന്നിവയിൽ എ.ഐ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന വിപ്ലവത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മനുഷ്യന്റെ കഴിവുകളെ മറികടന്ന്, സമാനതകളില്ലാത്ത കൃത്യതയോടെ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള എ.ഐയുടെ സാധ്യതയും അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാഭ്യാസത്തിൽ എ.ഐയുടെ പങ്ക് നമ്മൾക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്തേക്കായിരിക്കുമെന്നും മസ്ക് പറഞ്ഞു.
എ.ഐ ഉണ്ടാക്കാവുന്ന ദോഷത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മാസ്ക്, ഇത് മനുഷ്യരാശിക്ക് പ്രയോജനകരമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു. 2030 ഓടെ ടെസ്ല കമ്പനിക്ക് പ്രതിവർഷം 10 ദശലക്ഷത്തിലധികം ഓട്ടോണമസ് വാഹനങ്ങൾ നിർമ്മിക്കാൻ കഴിയും.
ടെസ്ലയിലെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ വികസനത്തെക്കുറിച്ചും സംസാരിച്ച സി.ഇ.ഒ , അവ തന്റെ കമ്പനി നിർമ്മിച്ചില്ലെങ്കിൽ എതിരാളികൾ വിടവ് നികത്തുമെന്ന് പറഞ്ഞു.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മസ്കത്തിൽ സംഘടിപ്പിച്ച സോവറിൻ വെൽത്ത് ഫണ്ടുകളുടെ വാർഷിക സമ്മേളനം സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്തു. 46 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.