വെൽഫെയർ കപ്പ്: ടോപ്ടെൻ ബർക്ക ജേതാക്കൾ
text_fieldsവെൽഫെയർ കപ്പ് സീസൺ രണ്ടിൽ ജേതാക്കളായ ടോപ്ടെൻ ബർക്ക
മസ്കത്ത്: പി.ബി. സലീം മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള വെൽഫെയർ കപ്പ് 2024 സീസൺ-2 ഫുട്ബാൾ ടൂർണമെന്റിൽ ടോപ്ടെൻ ബർക്ക ജേതാക്കളായി. മാൾ ഓഫ് മസ്കത്തിനു സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ കലാശക്കളിയിൽ സൈനൊ എഫ്.സി സീബിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചാണ് ടോപ്ടെൻ വിജയ കിരീടം ചൂടിയത്. മസ്കത്ത് ഹാമേഴ്സിനെ ടോസിലൂടെ മറികടന്ന് ജി.എഫ്.സി അസൈബ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഗോൾ കീപ്പറായി അഫ്സൽ (ടോപ്ടെൻ ബർക്ക), ടോപ്സ്കോറെർ ദിൽഷാദ് (ടോപ് ടെൻ ബർക്ക), മികച്ച കളിക്കാരനായി ജിതിൻ (സൈനോ എഫ്.സി), ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി ഗോകുൽ (ടോപ് ടെൻ ബർക്ക) എന്നിവരെ തെരഞ്ഞെടുത്തു. 14 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ടൂർണമെന്റും നടന്നു. അകാലത്തിൽ പൊലിഞ്ഞ ഫുട്ബാൾ താരവും ഗുബ്ര ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിയുമായിരുന്ന മിഫ്സാൽ റഹ്മാന്റെ ഓർമക്കായുള്ള വിന്നേഴ്സ് ട്രോഫി ക്യൂ.എഫ.ടി ജൂനിയർ കരസ്ഥമാക്കി.
റണ്ണേഴ്സ് ട്രോഫിയുമായി സൈനൊ എഫ്.സി സീബ്
ഗോൾ കീപ്പർ -ഷാസിൽ (വാദി സ്ട്രൈക്കേഴ്സ്), ടോപ് സ്കോറർ-ഹയാൻ , ഹംദി (വാദി സ്ട്രൈക്കേഴ്സ്) ഫൈനലിലെ മാൻ ഓഫ് ദി മാച്ച് -അസീസ് (ക്യൂ.എഫ്.ടി ജൂനിയർ), മികച്ച കളിക്കാരൻ -മുസ്തഫ [ക്യൂ.എഫ്.ടി ജൂനിയർ) എന്നിവർ കരസ്ഥമാക്കി.
വെൽഫെയർ കപ്പ് സീസൺ 2 ഫുട്ബാൾ ടൂർണമെന്റ് പ്രവാസി മലയാളികൾക്ക് ആവേശവും നവ്യാനുഭവവും സമ്മാനിക്കുന്നതായി. മസ്കത്തിലെ പ്രഗത്ഭരായ 16 ഫുട്ബാൾ ടീമുകളായിരുന്നു ടൂർണമെന്റിൽ മാറ്റുരച്ചത്.
കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള രസകരങ്ങളായ കളികളും മത്സരങ്ങളും ടൂർണമെന്റിന്റെ ഭാഗമായി മൈതാനിയിൽ പ്രത്യേകം സജ്ജീകരിച്ചിരുന്നു. മൈലാഞ്ചി മത്സരം, കസേരകളി, സ്പോട്ട് ക്വിസ്സ് തുടങ്ങിയ രസകരങ്ങളായ കളികൾ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരേപോലെ ആസ്വാദ്യകരമായി.
സാമൂഹിക സാംസ്കാരിക കായിക രംഗങ്ങളിൽ നിറ സാന്നിധ്യമായി മാറിയ പ്രവാസി വെൽഫെയർ, മലായാളി പ്രവാസികളുടെ ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാകുമെന്നും പ്രവാസി ക്ഷേമത്തിനായി ഇനിയും ധാരാളം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുവാൻ പ്രതിജ്ഞാബദ്ധരാണെന്നും സമാപനത്തിൽ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് വയനാട് പറഞ്ഞു.
ഉത്ഘാടന ചടങ്ങിൽ മുഖ്യ സ്പോണ്സർമാരായ നൂർ ഗസൽ, പെൻഗ്വിൻ , എ.എം.കെ. ഗ്രൂപ്പ് പ്രതിനിധികൾ സംബന്ധിച്ചു. നൂർ ഗസൽ മാനേജിങ് ഡയറക്ടർ ഹസ്ലിൻ സലിം കിക്ക് ഓഫ് നിർവഹിച്ചു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.