കൂടെയുണ്ട് പദ്ധതികൾ; പ്രവാസികൾക്ക് തണലൊരുക്കാൻ
text_fieldsമസ്കത്ത്: പ്രവാസികളാണ് കേരളത്തിെൻറ നട്ടെല്ല് എന്നു പറയാം. കേരള സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുകയും നാടിെൻറ വികസനത്തിന് ചുക്കാൻപിടിക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ. വിദേശ രാജ്യങ്ങളിൽ ഒഴുക്കിയ അവരുടെ വിയർപ്പിൽനിന്നാണ് നാടിെൻറ വളർച്ചക്കുള്ള ജീവജലം കിട്ടുന്നത്.
പൊതുവേ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് പ്രവാസി സമൂഹം. തൊഴിൽ, യാത്ര തുടങ്ങി വിവിധ തരത്തിലുള്ള ആശങ്കകൾ ഇവരെ ചുറ്റിനിൽക്കുന്നു. കോവിഡ് മഹാമാരികൂടി വന്നതോടെ ദുരിതങ്ങൾ ഇരട്ടിയായി. പലർക്കും ജോലി നഷ്ടപ്പെട്ടു. ജോലി നിലനിർത്താൻ കഴിഞ്ഞവർക്കാകട്ടെ ശമ്പളം കുറയുകയും ചെയ്തു. ഇങ്ങനെ അസ്വസ്ഥതകളുടെ എരിതീയിലാണ് പ്രവാസികളുടെ ജീവിതം. കോവിഡ് മഹാമാരിയിൽ വലയുന്ന പ്രവാസികളുടെ അനുഭവങ്ങൾ നിരവധി തവണ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, പ്രവാസികൾക്കായി സംസ്ഥാന സർക്കാറിെൻറ കീഴിൽ ആവിഷ്കരിച്ചിട്ടുള്ള നിരവധി ക്ഷേമ, ആശ്വാസ പദ്ധതികളുണ്ട്. ചികിത്സ സഹായം, ഇൻഷുറൻസ്, തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ, പ്രതിസന്ധിയുടെ നാളുകളിൽ ആശ്വാസമേകുന്ന ഈ പദ്ധതികളെക്കുറിച്ച് നല്ലൊരു ശതമാനം പ്രവാസികൾക്കും വ്യക്തമായ ധാരണയില്ലെന്നതാണ് വസ്തുത. വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കി അവയിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കാൻ തയാറായാൽ പ്രവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് കുറച്ചെങ്കിലും ആശ്വാസമാകും. സംസ്ഥാന സർക്കാറിെൻറ കീഴിൽ നോർക്ക റൂട്ട്സും പ്രവാസി വെൽഫെയർ ബോർഡും നടപ്പാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുകയാണ് ഇന്നു മുതൽ.
ആശ്വാസ പദ്ധതികളൊരുക്കി നോർക്ക റൂട്ട്സ്
പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ആരംഭിച്ചതാണ് നോര്‍ക്ക റൂട്ട്സ്. സംസ്ഥാന നോര്‍ക്ക വകുപ്പിെൻറ ഫീല്‍ഡ് ഏജന്‍സിയായ നോർക്ക റൂട്ട്സിെൻറ തുടക്കം 2002ലാണ്. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നോഡല്‍ ഏജന്‍സിയായാണ് ഈ സംവിധാനത്തിെൻറ പ്രവർത്തനം.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, അവകാശങ്ങള്‍ സംരക്ഷിക്കുക, മറുനാട്ടില്‍നിന്ന് മടങ്ങിയെത്തിയവരെ പുരധിവസിപ്പിക്കുക, കേരളത്തില്‍ മൂലധന നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുക, നിയമപരമായ ആനുകൂല്യങ്ങള്‍ നേടുന്നതിന് പ്രവാസി മലയാളികളെ സഹായിക്കുന്നതിന് സംവിധാനം രൂപപ്പെടുത്തുക തുടങ്ങിയവയാണ് നോര്‍ക്ക റൂട്ട്സിെൻറ ദൗത്യം. ഒപ്പം, വിദേശത്ത് ജോലി തേടുന്നവര്‍ക്കുള്ള അവബോധം, റിക്രൂട്ട്മെൻറ്, നൈപുണ്യ വികസനം, സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും നിര്‍വഹിച്ചുവരുന്നു.
തിരുവനന്തപുരം തൈക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല ഓഫിസും ന്യൂഡൽഹി, മുംബൈ, ബറോഡ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫിസും പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമേ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നോർക്ക റൂട്ട്സ് സെല്ലുകളുമുണ്ട്.
വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ്
വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ തിരഞ്ഞെടുത്ത് അയക്കാനുള്ള കേന്ദ്ര വിദേശകാര്യ വകുപ്പിെൻറ അംഗീകാരമുള്ള റിക്രൂട്ട്മെൻറ് ഏജന്‍സികൂടിയാണ് നോര്‍ക്ക റൂട്ട്സ്. നോര്‍ക്ക റൂട്ട്സിെൻറ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്റ് വിഭാഗം 2015 മുതല്‍ നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാർഗങ്ങളിലൂടെ വിദേശ ജോലികള്‍ കണ്ടെത്താന്‍ ഉദ്യോഗാർഥികളെ സഹായിച്ചുവരുന്നു. നിലവില്‍ സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, മാലദ്വീപ് എന്നീ രാജ്യങ്ങളിലെ ആരോഗ്യ മേഖലയിലേക്ക് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, മെഡിക്കല്‍ ടെക്നീഷ്യന്മാര് തുടങ്ങിയവരെ തിരഞ്ഞെടുത്ത് അയച്ചുവരുന്നു. ഇതുകൂടാതെ എൻജിനീയര്‍മാര്‍, അധ്യാപകര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരെയും റിക്രൂട്ട് ചെയ്യുന്നുണ്ട്.
ഇതിനകം 1000ത്തില്പരം നഴ്സുമാര്‍ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് വിഭാഗം മുഖേന വിവിധ വിദേശ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിൽ ജോലി ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഇംഗ്ലണ്ടിലെ എന്‍.എച്ച്.എസ് ട്രസ്റ്റിന് കീഴിലുള്ള വിവിധ ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന നടപയും ആരംഭിച്ചിട്ടുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളിലെ ഗാര്‍ഹിക മേഖലയിൽ ലഭ്യമായ ഒഴിവുകളിലേക്ക് 300ഓളം വനിതകളെ സുതാര്യവും നിയമാനുസൃതവുമായ മാർഗങ്ങളിലൂടെ അയക്കുകയും ചെയ്തു.
റിക്രൂട്ട്മെന്റ് ഫീസിനത്തില്‍ 30,000 രൂപയും നികുതിയും മാത്രമാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് നോര്‍ക്ക റൂട്ട്സ് ഈടാക്കുന്നത്. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, വിസ പ്രോസസിങ്, ആരോഗ്യ പരിശോധന എന്നിവക്കുള്ള ചാര്‍ജുകള്‍ ഉദ്യോഗാര്‍ഥികള്‍തന്നെ വഹിക്കേണ്ടതുണ്ട്.
ഗാര്‍ഹിക തൊഴിലാളികളായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 18 ഇ.സി.ആർ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഈ രാജ്യങ്ങളിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കു മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. സുതാര്യമായ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നോര്‍ക്ക റൂട്ട്സിലൂടെയുള്ള നിയമനങ്ങള്‍ നടക്കുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.