എൽ.എം.ആർ.എ ഫൈൻ ലഭിച്ചാൽ?
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?വിസ ഇഷ്യൂചെയ്ത കമ്പനിയിൽ അല്ലാതെ മറ്റൊരു കമ്പനിയിൽ ജോലിചെയ്തതിന് എെന്റ കൂട്ടുകാരിക്ക് എൽ.എം.ആർ.എ ഫൈൻ കിട്ടിയിരുന്നു. കൂട്ടുകാരിക്ക് 100 ദീനാറും കമ്പനിക്ക് 1000 ദീനാറുമാണ് ഫൈൻ ലഭിച്ചത്. ഫൈൻ അടച്ചെങ്കിലും ക്ലിയറൻസ് പേപ്പർ കിട്ടിയിരുന്നില്ല. അവൾ ഇപ്പോൾ നാട്ടിലാണുള്ളത്. പുതിയ വിസക്ക് അപേക്ഷിച്ചപ്പോൾ നിരസിക്കപ്പെട്ടു. ഇനി എന്താണ് ചെയ്യേണ്ടത്?
ജാസ്മിൻ
• സാധാരണ എൽ.എം.ആർ.എ ഫൈൻ അടച്ചതുകൊണ്ടുമാത്രം കേസ് തീരുകയില്ല. കോടതിവിധി വന്നശേഷം മാത്രമാണ് കേസ് തീർപ്പാകുന്നത്. അതിനാൽ, ഈ കേസിെന്റ കോടതിവിധി എന്താണെന്ന് മനസ്സിലാക്കണം. കേസിെന്റ വിവരങ്ങൾ നേരിട്ട് തിരക്കാൻ സാധിക്കും. അല്ലെങ്കിൽ, ഏതെങ്കിലും ബഹ്റൈനി അഭിഭാഷകന് പവർ ഓഫ് അറ്റോണി കൊടുത്താൽ അദ്ദേഹത്തിന് പരിശോധിക്കാൻ സാധിക്കും.
എൽ.എം.ആർ.എ കേസുകളിൽ ആദ്യം തൊഴിലുടമക്കും തൊഴിലാളിക്കും ഫൈൻ ചുമത്തും. പിന്നീട് കേസ് കോടതിക്ക് കൈമാറും. കോടതിവിധി അനുസരിച്ചാണ് പിന്നീട് നടപടികൾ വരുന്നത്. താങ്കളുടെ കൂട്ടുകാരി ഇവിടെ ഇല്ലാത്തതുകൊണ്ട് ഏതെങ്കിലും ബഹ്റൈനി അഭിഭാഷകനെ സമീപിക്കുക. എൽ.എം.ആർ.എ കേസുകൾ തീരാൻ സമയമെടുക്കും.
?ഇവിടെ വർക്ക്മെൻ കോംപൻസേഷൻ ഇൻഷുറൻസ് നിലവിലുണ്ടോ? ഇത് സോഷ്യൽ ഇൻഷുറൻസ് ആണോ, അതോ വേറെ ഏതെങ്കിലും ഇൻഷുറൻസ് സ്കീം ആണോ?
മനീഷ്
•വർക്ക്മെൻ കോംപൻസേഷൻ ഇൻഷുറൻസും സോഷ്യൽ ഇൻഷുറൻസും രണ്ടാണ്. സോഷ്യൽ ഇൻഷുറൻസ് (ഗോസി) ഇവിടെ ജോലിക്കുവരുന്ന എല്ലാവർക്കും ബാധകമാണ്. ഇത് തൊഴിലുടമയും തൊഴിലാളിയും വിഹിതം അടക്കുന്ന നിർബന്ധിത ഇൻഷുറൻസ് സ്കീമാണ്. വർക്ക്മെൻ കോംപൻസേഷേൻ ഇൻഷുറൻസ് സോഷ്യൽ ഇൻഷുറൻസിെന്റ പരിധിയിൽ വരാത്ത ആനുകൂല്യങ്ങൾ ലഭിക്കാനുള്ളതാണ്. സോഷ്യൽ ഇൻഷുറൻസിെന്റ ആനുകൂല്യങ്ങൾ വിദേശ തൊഴിലാളികൾക്ക് വളരെ പരിമിതമായതിനാൽ ചില കമ്പനികൾ ഈ ഇൻഷുറൻസ് എടുക്കുന്നുണ്ട്. ഇതിെന്റ പ്രീമിയം അടക്കുന്നത് തൊഴിലുടമയാണ്.
?ഞാൻ ഒരു വീട്ടിൽ ജോലിചെയ്യുകയാണ്. ഈ അടുത്ത് എന്റെ സ്പോൺസർ മരിച്ചു. വിസയുടെ കാലാവധി അടുത്തവർഷം അവസാനംവരെ ഉണ്ട്. ഈ സാഹചര്യത്തിൽ എനിക്ക് നാട്ടിൽ പോയിവരുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?
മുനീർ
• സ്പോൺസറുടെ സ്വന്തം പേരിലുള്ള തൊഴിൽ വിസയാണെങ്കിൽ സ്പോൺസർ മരിക്കുമ്പോൾ താങ്കളുടെ വിസ റദ്ദാക്കപ്പെടും. സ്പോൺസറുടെ സി.പി.ആർ ഇല്ലാതാകുന്നതാണ് ഇതിന് കാരണം. അതിനാൽ, വിസ ആ വീട്ടിലെ മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റണം. അതുകഴിഞ്ഞ് നാട്ടിൽ പോകുന്നതിനും തിരിച്ചുവരുന്നതിനും തടസ്സമില്ല. വിസയുടെ കാര്യം അറിഞ്ഞശേഷം നാട്ടിൽ പോകുന്നകാര്യം തീരുമാനിച്ചാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.