വോട്ടര്‍മാര്‍ ഒരു സ്ഥാനാർഥിയോട് ചെയ്തത്...!
text_fieldsകാലം 1995, തേവര എസ്.എച്ച് കോളജിൽ നിന്ന് എം.എ പൂര്‍ത്തിയാക്കിയ കാലം. അഭ്യസ്ത വിദ്യെൻറ അവസാന പ്രതീക്ഷയായ പാരലല്‍ കോളജില്‍ വാധ്യാരായി. അക്കാലത്താണ് എല്ലാവരേയും പുളകത്തിലാറാടിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നത്. നാടിെൻറ മുക്കും, മൂലയും ഉണര്‍ന്നു, പല നിറത്തില്‍ കൊടികള്‍...തോരണങ്ങള്‍...ആനന്ദലബ്ധിക്കിനിയെന്തു വേണം...? അപ്പോഴാണ് രണ്ട് പ്രാവശ്യം കോളജ് യൂനിയന്‍ ഭാരവാഹി ആയി പ്രവര്‍ത്തിച്ചു പരിചയമുള്ള എന്നിലെ രാഷ്ട്രീയക്കാരന് സടകുടഞ്ഞെണീറ്റത്. എന്തുകൊണ്ട് ഒരു സ്ഥാനാര്‍ഥി ആയിക്കൂടായെന്ന സുഹൃത്തുക്കളുടെ നിര്‍ദേശം കൂടിയായപ്പോള്‍ എെൻറ മനസ്സിലും ലഡു പൊട്ടി. നാട്ടുകാരും അടുത്ത സുഹൃത്തുക്കളുമായ ജോണ്സൺ, ടോമി, രാജു, ബിജു തുടങ്ങിയവരുടെ സമ്മര്‍ദവും നിര്‍ബന്ധവും ഞാന്‍ മുഖവിലക്കെടുത്തു. ആരെങ്കിലും ഒന്നു നിര്‍ബന്ധിക്കൂ എന്ന് മനസ്സിലുണ്ടായിരുന്നത് പുറത്തുകാണിക്കാതെ.... എെൻറ കുടുംബാംഗങ്ങളുടെ മൗനാനുവാദം കൂടി നേടി മത്സരിക്കുവാനുള്ള തീരുമാനം ഉറപ്പിച്ചു. അങ്ങനെ ഞാനും ഒരു സ്ഥാനാർഥിയായി, സ്വന്തം പഞ്ചായത്തായ എറണാകുളം ജില്ലയിലെ ആമ്പല്ലൂരിലെ വാര്‍ഡ് നമ്പര്‍ ഏഴിൽ. പാരലല്‍ കോളജ് അധ്യാപകനായ എനിക്ക് അനുവദിച്ചു കിട്ടിയ ചിഹ്നമോ? ബ്ലാക്ക് ബോര്‍ഡ്.
പത്രപ്രവര്‍ത്തകനായ കൂട്ടുകാരന് സുനില്‍ വെണ്ടയ്ക്ക നിരത്തി, 'അധ്യാപകന് ചിഹ്നം ബ്ലാക്ക്ബോര്‍ഡ്'! . ഉന്തിെൻറ കൂടെ ഒരു തള്ളും കൂടിയായപ്പോൾ ഞങ്ങള്‍ ആവേശത്തിലായി. ഭീഷണിയും, പ്രലോഭനങ്ങളുമായി മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ എതിരിട്ടു. കോളജ് യൂനിയെൻറ ഭാരം വഹിച്ച അനുഭവജ്ഞാനം കൈമുതലായി ഉണ്ടായിരുന്നതിനാൽ ഒന്നും ഏശിയില്ല. രാപകല്‍ തന്ത്രങ്ങള്‍ മെനഞ്ഞു. കൈയിൽ ഉണ്ടായിരുന്നതും കടം മേടിച്ചതും തപ്പിപ്പെറുക്കി, നോട്ടീസടിച്ച് മിച്ചമുണ്ടായിരുന്ന സ്ഥലങ്ങളില്‍ ഒട്ടിച്ചു. അന്ന് മൊബൈല്‍ ഫോണില്ല, ഇ-മെയിലോ, വാട്ട്സ് ആപ്പോ ഇല്ല. സകലമാന ആപ്പുകളേയും നേരില്‍ കാണണം, വോട്ട് അഭ്യഥിക്കണം. ഭവന സന്ദര്‍ശനത്തിന് ഇറങ്ങിയപ്പോൾ അധ്യാപകനായിരുന്നതിനാല്‍, വിദ്യാർഥികളും, അവരുടെ മാതാപിതാക്കളും സ്നേഹപൂർവം സ്വീകരിച്ചു. ജയിച്ചതു തന്നെ. അന്തമില്ലാത്ത ഭാവന ചിറകു വിരിച്ച് റാകിപ്പറന്നു. എല്ലാ റോഡുകളും ടാറിടും, കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന് ഏര്‍പ്പാടു ചെയ്യും, ഇതുവരെ കേരളം കാണാത്ത ഒരു മെമ്പറാകും, ഒടുവില്‍ ആ ദിനമെത്തി. എന്തിന് ശങ്കിക്കണം? ഭൂരിപക്ഷത്തില്‍ എത്ര കുറവ് മാത്രമെന്ന് കൂട്ടുകാര്‍ തല പുകഞ്ഞു.
വോട്ടു ചെയ്യാനെത്തുന്നവരെല്ലാം മുഖത്ത് നോക്കി പുഞ്ചിരിക്കുന്നുണ്ട്, അവരെല്ലാം ബ്ലാക് ബോര്‍ഡില്‍ കുത്തിയതു തന്നെ... റിസള്‍ട്ടറിഞ്ഞപ്പോള്‍ എെൻറ തലയാണ് ശരിക്കും പുകഞ്ഞത്, വെളുക്കെ ചിരിച്ചവരെല്ലാം വെടിപ്പായി ചതിച്ചു. ബ്ലാക്ക് ബോര്‍ഡില്‍ കുത്തുകയായിരുന്നില്ല, കുത്തി വരയ്ക്കുകയായിരുന്നു, അവര്‍....ആകെ 32 പേര് മാത്രമാണ് എന്നെ തിരിച്ചറിഞ്ഞത്. എെൻറ കുടുംബക്കാര് തന്നെ അതിെൻറ എത്രയോ ഇരട്ടിയുണ്ട്. ഞാന്‍ കൊടുത്ത വാഗ്ദാനങ്ങള്‍ എല്ലാം അവര്‍ എനിക്കു തന്നെ തിരിച്ചു തന്ന് ഭംഗിയായി കൈ കഴുകി. എെൻറ സ്വപ്നങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ മാഞ്ഞു പോയി. അപ്പോള്‍ മനസ്സിലായി, വോട്ടര്‍മാര്‍ സ്ഥാനാർഥികള്‍ക്ക് നല്‍കുന്നതും വെറും വാഗ്ദാനങ്ങള്‍ മാത്രമാണെന്ന്...!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.