ദോഫാറിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കം
text_fieldsമസ്കത്ത്: ഈ വർഷത്തെ ഗോതമ്പ് സീസണിന് തുടക്കം കുറിച്ച് ദോഫാറിലെ നജ്ദ് മേഖലയിൽ വിളവെടുപ്പ് ആരംഭിച്ചു. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം, കാർഷിക, മത്സ്യബന്ധന വികസന ഫണ്ടുമായി സഹകരിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. ഈ വർഷത്തെ ഗോതമ്പ് കൃഷി 29 ശതമാനം വർധിച്ച് 7,200 ഏക്കറിലായിട്ടുണ്ട്. ഇതിലൂടെ ഗോതമ്പ് ഉൽപാദനം 10,000 ടണ്ണായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നജ്ദ് മേഖലയിലെ 7,200 ഏക്കർ കൃഷിയിടം 82 ഫാമുകളിലായി വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് തുംറൈത്തിലെ കൃഷി, ജലവിഭവ വകുപ്പ് ഡയറക്ടർ സഈദ് ബിൻ മുസ്ലിം അൽ കാതിരി അറിയിച്ചു. വിളവെടുപ്പ് സമയത്ത് കർഷകർക്ക് പിന്തുണ നൽകുന്നതിനായി ആറ് കൊയ്ത്തു യന്ത്രങ്ങളും നൽകിയിട്ടുണ്ട്. വിപുലപ്പെടുത്തിയ സ്ഥലത്ത് കൃഷി സുഗമമാക്കുന്നതിനായി 30 ടൺ ഗോതമ്പ് വിത്തും വിതരണം ചെയ്തു.
ഒമാൻ ഫ്ലോർ മിൽസ് കമ്പനിയുമായി സഹകരിച്ച് ഗോതമ്പ് വാങ്ങൽ പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്തു. വെള്ളത്തിന്റെ ലഭ്യത, മണ്ണിന്റെ ഗുണനിലവാരം, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളാൽ നജ്ദ് പ്രദേശം ഗോതമ്പുകൃഷിക്ക് അനുയോജ്യമായ സ്ഥലമാണ്. മെച്ചപ്പെട്ട വിത്തുകൾ, മാർഗനിർദേശം, ദിശാബോധം, വിളവെടുപ്പ് സേവനങ്ങൾ എന്നിവ നൽകി ഒമാനി ഗോതമ്പുകൃഷി ഉൾപ്പെടെ വിവിധ കാർഷിക വിളകളുടെ കൃഷി നിലനിർത്താൻ മന്ത്രാലയം കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഗോതമ്പ് നിർണായക പങ്കാണ് വഹിക്കുന്നതെന്ന് കാതിരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.