നജ്ദ് മേഖലയിൽനിന്ന് വിളവെടുത്തത് 5,940 ടൺ ഗോതമ്പ്
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ തുംറൈത്ത് വിലായത്തിലെ അൽ നജ്ദ് മേഖലയിലെ 2022-23 സീസണിലെ ഗോതമ്പ് വിളവെടുപ്പ് പ്രവർത്തനങ്ങൾക്ക് സമാപനമായി. മൊത്തം 5,940 ടൺ ഗോതമ്പ് ആണ് ഈ സീസണിൽ ഉൽപാദിപ്പിച്ചത്. 77 ദിവസം നീണ്ടുനിന്ന ഈ സീസണിൽ 5,112 ഏക്കറിൽ കൃഷി നടത്തിയതായി കൃഷി, ജലവിഭവ വകുപ്പ് ഡയറക്ടർ എൻജിനീയർ സഈദ് ബിൻ മുസല്ലം അൽ ഖത്തിരി പറഞ്ഞു. അൽനജ്ദ് ഫാമുകളിലെ ഗോതമ്പ് വിസ്തൃതി വർധിപ്പിക്കുന്നതിന് അഗ്രികൾചർ ആൻഡ് ഫിഷറീസ് ഡെവലപ്മെന്റ് ഫണ്ടും ഒമാനി അഗ്രികൾചറൽ സൊസൈറ്റിയുടെ ദോഫാർ ശാഖയുമായി സഹകരിച്ച് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
1500 ടണിലധികം ഗോതമ്പാണ് കഴിഞ്ഞ സീസണിൽ ലഭിച്ചത്. വെള്ളത്തിന്റെ ലഭ്യത, മണ്ണിന്റെ ഗുണനിലവാരം, അനുയോജ്യമായ കാലാവസ്ഥ തുടങ്ങിയ അനുകൂല ഘടകങ്ങളാൽ നജ്ദ് പ്രദേശം ഗോതമ്പുകൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. മെച്ചപ്പെട്ട വിത്തുകൾ, മാർഗനിർദേശം, ദിശാബോധം, വിളവെടുപ്പ് സേവനങ്ങൾ എന്നിവ നൽകി ഒമാനി ഗോതമ്പുകൃഷി ഉൾപ്പെടെ വിവിധ കാർഷിക വിളകളുടെ കൃഷി നിലനിർത്താൻ മന്ത്രാലയം കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
2022-2023 വിളവെടുപ്പ് സീസണിൽ ഒമാനി കർഷകരിൽനിന്ന് ഗോതമ്പ് വാങ്ങുന്നതിന് ഒമാൻ ഫ്ലോർ മിൽസ് കമ്പനിയുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം കരാർ ഒപ്പിട്ടിട്ടുണ്ട്. കരാർപ്രകാരം, മന്ത്രാലയം ഒമാനി കർഷകരിൽനിന്ന് ഒരു ടൺ ഗോതമ്പ് 500 റിയാലിന് വാങ്ങും. ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും കർഷകരെ സഹായിക്കാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നിരവധി അന്താരാഷ്ട്ര, പ്രാദേശിക, സംഘടനകളുമായും ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ച് ഗോതമ്പ് വിളയുടെ ഉത്പാദനം വർധിപ്പിക്കുന്നതിന് മന്ത്രാലയം വളരെയധികം ശ്രദ്ധ ചെലുത്തുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020-21 കാർഷിക സീസണിൽ ഒമാൻ 2,649 ടൺ ഗോതമ്പാണ് ഉൽപാദിപ്പിച്ചത്., 2019-20 സീസണിനെ അപേക്ഷിച്ച് 19.6 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്. 2,449 ഏക്കറിലാണ് ഗോതമ്പ് കൃഷിചെയ്യുന്നത്. കർഷകരുടെ എണ്ണം 5.5 ശതമാനം വർധിച്ച് 2020-21ൽ 3,067എത്തിയെന്നും മന്ത്രാലയം അറിയിച്ചു.
ദാഖിലിയ ഗവർണറേറ്റിലാണ് ഒമാനിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കൃഷി നടക്കുന്നത്. 1,109 ഏക്കർ സ്ഥലത്താണ് ഗവർണറേറ്റിൽ കൃഷി നടക്കുന്നത്. ഇത് രാജ്യത്തെ മൊത്തം ഗോതമ്പ് കൃഷിഭൂമിയുടെ 45 ശതമാനമാണ്. ഗോതമ്പ് ഉൽപാദനത്തിലും ദാഖിലിയ തന്നെയാണ് ഒന്നാംസ്ഥാനത്ത്. 1,465 ടൺ ഗോതമ്പാണ് ദാഖിലിയയിൽ കഴിഞ്ഞ സീസണിൽ ഉൽപാദിപ്പിച്ചത്. ഇത് ഒമാനിലെ മൊത്തം ഗോതമ്പ് ഉൽപാദനത്തിെൻറ 55 ശതമാനമാണ്. എന്നാൽ ഒമാനിൽ പ്രാദേശികമായി കൃഷി ചെയ്യുന്ന ഗോതമ്പ് രാജ്യത്തിെൻറ ആഭ്യന്തര ആവശ്യങ്ങൾക്ക് തികയില്ല. ആസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്താണ് ആഭ്യന്തര ആവശ്യം നിറവേറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.