ഗോതമ്പുൽപാദനം 7,000 ടണായി വർധിപ്പിക്കാൻ കൃഷിമന്ത്രാലയം
text_fieldsമസ്കത്ത്: രാജ്യത്തെ ഗോതമ്പുൽപാദനം കഴിഞ്ഞ വർഷത്തിൽനിന്ന് ഈ വർഷം മൂന്ന് മടങ്ങായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. 2022ലെ 2,167 ടണിൽനിന്ന് ഈ വർഷം ഏകദേശം 7,000 ടണായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് പിന്തുണ നൽകുക, ഒമാനി കർഷകർക്ക് പുതിയ വരുമാനമാർഗങ്ങൾ തുറക്കുക എന്നിവയാണ് ഗോതമ്പ് കൃഷിയിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റമെന്ന് മന്ത്രാലയത്തിലെ ഒരു ഔദ്യോഗിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ വർഷത്തെ ഉൽപാദന ലക്ഷ്യം കൈവരിക്കുന്നതിന് ഗോതമ്പ് കൃഷിചെയ്യാൻ അനുവദിച്ച ഭൂമി 2022ൽ 2,422 ഏക്കറിൽനിന്ന് ഇരട്ടിയായി 6,000 ഏക്കറായി വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1,900 കർഷകർ ഈ വർധിച്ച ഉൽപാദനത്തിന് സംഭാവന നൽകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. രാജ്യത്തെ ഗോതമ്പ് കൃഷിയുടെ പുനരുജ്ജീവനത്തിന് ഊർജം പകരാൻ ഈ വർഷം 50 ലക്ഷം റിയാൽ ബജറ്റ് നീക്കിവെച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഉയർന്ന വിളവ് നൽകുന്ന ഗോതമ്പ് ഇനങ്ങൾ അവതരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഗവേഷണ-വികസനം, സമൃദ്ധമായ വെള്ളം, ഫലഭൂയിഷ്ഠമായ മണ്ണ്, അനുയോജ്യമായ കാലാവസ്ഥ തുടങ്ങിയ അനുകൂല സാഹചര്യങ്ങളുള്ള ഗവർണറേറ്റുകളിൽ ഗോതമ്പുകൃഷി വ്യാപനം, വിപണനതന്ത്രം (വളർന്നുവരുന്ന വിളകൾക്ക് ശക്തമായ വിപണന മാർഗങ്ങൾ ഉറപ്പാക്കുന്നതിനായി മന്ത്രാലയം ഒമാൻ ഫ്ലോർ മില്ലുകളുമായുള്ള പിന്തുണ കരാർ തന്ത്രപരമായി പുതുക്കുന്നു) എന്നീ മൂന്ന് ലക്ഷ്യങ്ങളെ പിന്തുണക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ വിഹിതം.
അതേസമയം, ഗോതമ്പുകൃഷിക്ക് അപ്പുറത്തേക്കാണ് ഒമാനി കർഷക സമൂഹത്തോടുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിത്ത്, വളങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ വാങ്ങുന്നതിന് കർഷകർക്ക് മന്ത്രാലയത്തിൽനിന്ന് സുപ്രധാന സാമ്പത്തിക സഹായവും ലഭിക്കുന്നു. സുസ്ഥിര കൃഷിരീതികൾ, ഫലപ്രദമായ കീട-രോഗ പരിപാലനം, വിപണന തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള പരിശീലനം ഉൾപ്പെടെയുള്ള സാങ്കേതിക മാർഗനിർദേശങ്ങളും മന്ത്രാലയം അതിന്റെ സേവനങ്ങളിലൂടെ കർഷകർക്ക് നൽകുന്നുണ്ട്.
കൂടാതെ, ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഡ്രിപ് ഇറിഗേഷൻ, പ്രിസിഷൻ ഫാമിങ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ മന്ത്രാലയം കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
നിരവധി അന്താരാഷ്ട്ര, പ്രാദേശിക, സംഘടനകളുമായും ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ച് ഗോതമ്പ് വിളയുടെ ഉൽപാദനം വർധിപ്പിക്കുന്നതിന് മന്ത്രാലയം വളരെയധികം ശ്രദ്ധ ചെലുത്തുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020-21 കാർഷിക സീസണിൽ ഒമാൻ 2,649 ടൺ ഗോതമ്പാണ് ഉൽപാദിപ്പിച്ചത്. 2019-20 സീസണിനെ അപേക്ഷിച്ച് 19.6 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്. 2,449 ഏക്കറിലാണ് ഗോതമ്പ് കൃഷിചെയ്യുന്നത്. കർഷകരുടെ എണ്ണം 5.5 ശതമാനം വർധിച്ച് 2020-21ൽ 3,067എത്തിയെന്നും മന്ത്രാലയം അറിയിച്ചു.
ദാഖിലിയ ഗവർണറേറ്റിലാണ് ഒമാനിൽ ഏറ്റവും കൂടുതൽ ഗോതമ്പുകൃഷി നടക്കുന്നത്. 1,109 ഏക്കർ സ്ഥലത്താണ് ഗവർണറേറ്റിൽ കൃഷി നടക്കുന്നത്. ഇത് രാജ്യത്തെ മൊത്തം ഗോതമ്പു കൃഷിഭൂമിയുടെ 45 ശതമാനമാണ്. ഗോതമ്പ് ഉൽപാദനത്തിലും ദാഖിലിയ തന്നെയാണ് ഒന്നാംസ്ഥാനത്ത്. 1,465 ടൺ ഗോതമ്പാണ് ദാഖിലിയയിൽ കഴിഞ്ഞ സീസണിൽ ഉൽപാദിപ്പിച്ചത്. ഇത് ഒമാനിലെ മൊത്തം ഗോതമ്പ് ഉൽപാദനത്തിെൻറ 55 ശതമാനമാണ്. എന്നാൽ ഒമാനിൽ പ്രദേശികമായി കൃഷിചെയ്യുന്ന ഗോതമ്പ് രാജ്യത്തിെൻറ ആഭ്യന്തര ആവശ്യങ്ങൾക്ക് തികയില്ല. ആസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്താണ് ആഭ്യന്തര ആവശ്യം നിറവേറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.