ആഘോഷരാവിന് വിസിൽ മുഴങ്ങി: സോക്കർ കാർണിവലിന് ഉജ്ജ്വല തുടക്കം
text_fieldsരാവിനെ പകലാക്കി അരങ്ങേറിയ ഗ്രൂപ് സ്റ്റേജ് മത്സരങ്ങൾ പൂർത്തിയായി, കാർണിവലിന്റെ ആദ്യ ദിനത്തിൽ നടന്ന മത്സരങ്ങൾ കാണാൻ നിരവധിയാളുകളാണെത്തിയത്
മസ്കത്ത്: ഗൾഫ് മാധ്യമം സോക്കർ കാർണിവലിന് മസ്കത്തിലെ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. ഫുട്ബാളും വിനോദ പരിപാടികളും സംയോജിപ്പിച്ച് നടത്തുന്ന കാർണിവലിന്റെ ആദ്യദിനത്തിൽ നടന്ന മത്സരങ്ങൾ കാണാൻ നിരവധിയാളുകളാണെത്തിയത്.
രാവിനെ പകലാക്കി അരങ്ങേറിയ മത്സരത്തിൽ ബർക്ക ബ്രദേഴ്സ് എഫ്.സി, ലയൺസ് മസ്കത്ത് എഫ്.സി, സെന്ന മലബാർ നെസ്റ്റോ എഫ്.സി, സൈനോ എഫ്.സി സീബ്, യുനൈറ്റ് കാർഗോ എഫ്.സി, മഞ്ഞപ്പട എഫ്.സി, ഫിഫ മൊബേല എഫ്.സി, ജീപാസ് എഫ്.സി, റിയലക്സ് എഫ്.സി, നേതാജി എഫ്.സി, സ്മാഷേഴ്സ് എഫ്.സി, മസ്കത്ത് ഹാമേഴ്സ് എഫ്.സി, ബ്ലുസ്റ്റാർ എഫ്.സി, സോക്കർ ഫാൻസ് ബ്രൗൺ സേഫ്റ്റി എഫ്.സി, ജി.എഫ്.സി അൽ അൻസാരി എഫ്.സി, ടോപ് ടെൻ ബർക്ക എഫ്.സി എന്നിങ്ങനെ മസ്കത്തിലെ തലയെടുപ്പുള്ള 16 ടീമുകളാണ് മാറ്റുരച്ചത്. ആദ്യ കളിമുതൽ അവസാനംവരെ വീറും വാശിയും നിറഞ്ഞുനിന്നതായിരുന്നു ഓരോ മത്സരങ്ങളും. രാത്രി 10.30 ഓടെ തുടങ്ങി ഗ്രൂപ് സ്റ്റേജ് മത്സരം പുലർച്ച മൂന്നരയോടെയാണ് അവസാനിച്ചത്.
സോക്കർ കാർണിവലിലെ ടൂർണമെന്റിന്റെ ഉദ്ഘാടനം മുഖ്യാതിഥിയായ ബൗഷർ ക്ലബ് ബോർഡ് ഡയറക്ടർ ബദർ അൽ ബശാരി നിർവഹിച്ചു. ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ അധ്യക്ഷതവഹിച്ചു. സോക്കർ കാർണിവൽ കൺവീനർ അർഷാദ് പെരിങ്ങാല, ലുലു എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ബിനോദ് കുമാർ ദാസ്, അൽഹാജിസ് പെർഫ്യൂംസ് ഓപറേഷൻ മാനേജർ ജിഷാദ്, യുനൈറ്റഡ് കാർഗോ മാനേജിങ് ഡയറക്ടർ നിയാസ് അബ്ദുൽ ഖാദർ, കെ.എം.എഫ്.എ എക്സിക്യൂട്ടിവ് അംഗം ഫൈസൽ എന്നിവർ സംബന്ധിച്ചു. കാർണിവലിനോടനുബന്ധിച്ച് ഗൾഫ് മാധ്യമം പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
ക്വാർട്ടർ മുതൽ ഫൈനൽവരെയുള്ള മത്സരം വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ തുടങ്ങും. ടൂർണമെന്റിലെ വിജയികൾക്ക് 600 റിയാലും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 300 റിയാലും റണ്ണേഴ്സ് ട്രോഫിയും നൽകും. കൂടാതെ മികച്ച കളിക്കാർക്കും മറ്റും പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിക്കും.
കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ. എം.എഫ്.എ) സഹകരിച്ചാണ് ഫുട്ബാൾ കാർണിവൽ നടത്തുന്നത്. പ്രവേശനം സൗജന്യമാണ്. സോക്കർ കാർണിവലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടികയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ രാജ് കലേഷും എത്തും. മുഖ്യാതിഥിയായാണ് അനസ് സംബന്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.