രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്തിന്? അവിടെ ആര് മത്സരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...
text_fieldsഇലക്ഷൻ ചൂടിലമർന്ന് മത്ര ബലദിയ പാര്‍ക്ക്
മത്ര: മത്രയിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റായ ബലദിയ പാര്‍ക്ക് മലയാളികളുടെ ഒരു സംഗമ വേദിയാണ്. ജോലിയുടെ ഇടവേളകളില്‍ ജി.ടി.ഒ പരിസരത്തുള്ള ഇരിപ്പിടത്തില്‍ ഒരുമിച്ചിരുന്ന് നാട്ടിലെ രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇവിടുത്തെ സ്ഥിരം കുറ്റികള്‍ ബലദിയ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളികളും സമീപത്തെ മൊത്ത വിതരണ കടകളിലുള്ളവരുമാണ്. ഒമാന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സാധനങ്ങള്‍ വാങ്ങാനെത്തുന്നവർ വിഷയത്തിലെ താല്പര്യം അനുസരിച്ച് ചര്‍ച്ചകളിലും സംഭാഷണങ്ങളിലും നേരംപോലെ പങ്കാളികളുമാകും.
പ്രധാന സംഭവ വികാസങ്ങളുണ്ടായാല്‍ അതിന്റെ സന്തോഷങ്ങള്‍ പങ്കിട്ട് മധുര വിതരണവും മറ്റും മിക്ക ദിവസങ്ങളിലും ഇവിടെ വന്നാല്‍ കാണാം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇലക്ഷന് തന്നെയാണ് ഇപ്പോഴത്തെ ചൂടുള്ള വിഷയം. ദിവസവും പല തവണ ഇവിടെ ഇവര്‍ ഒത്തുകൂടാറുണ്ട്. രാവിലെ ദിനപത്രം എത്തിയാല്‍ ആദ്യം എത്തി പത്രം സ്വന്തമാക്കുക കണ്ണൂര്‍ എടക്കാട്ടുകാരനായ ഷഫീഖാണ്. മാർക്കറ്റിലെ കയറ്റിറക്ക് തൊഴിലില്‍ ഏർപ്പെട്ട് കഴിയുന്ന ഷഫീഖ് സൂഖിലെ ഏതാണ്ട് എല്ലാവര്ക്കും സുപരിചിത മുഖമാണ്. കടുത്ത ഇടതുപക്ഷ അനുഭാവി കൂടിയാണ് ഇദ്ദേഹം. ഷഫീഖാണ് പൊതുവെ ചര്‍ച്ചകള്‍ തുടങ്ങിവെക്കാറുള്ളത്.
ദേശീയ തലത്തില്‍ ഇൻഡ്യ മുന്നണിയുടെ ഭാഗമായവരാണ് ഇവിടെ കൂടിയവർ എല്ലാവരും. എങ്കിലും കേരളത്തില്‍ ഇവര്‍ കീരിയും പാമ്പും പോലെയാണ്. ആ വൈരുധ്യം ഇവിടത്തെ ചര്‍ച്ചകളിലും കാണാം. രാഹുല്‍ വയനാട്ടില്‍ വന്ന് ഇൻഡ്യ മുന്നണിയിലെ മുതിര്‍ന്ന നേതാവായ ആനി രാജയോട് മത്സരിക്കുന്നതിലെ പരിഹാസ്യത പറഞ്ഞാണ് ഷഫീഖ്, കോണ്‍ഗ്രസ് അനുഭാവിയായ കോഴിക്കോട് സ്വദേശി കോയയെ ചൊടിപ്പിച്ചത്. ഞങ്ങളുടെ സിറ്റിങ് സീറ്റില്‍ ആര് മത്സരിക്കണം എന്ന് നിങ്ങള്‍ പറയേണ്ടെന്നായിരുന്നു കോയയുടെ മറുപടി. രാഹുലിനെ കൊണ്ടുവന്നത് കൊണ്ടൊന്നും കഴിഞ്ഞ തവണത്തെ വിജയമൊന്നും കിട്ടില്ലെന്ന് ഷഫീഖിനെ പിന്തുണച്ച് ആഡൂര് സ്വദേശി സാബിറും രംഗത്തെത്തി.
15 സീറ്റ് എൽ.ഡി.എഫ് നേടുമെന്നാണ് സാബിര്‍ പറയുന്നത്. ചര്‍ച്ചകള്‍ക്ക് എരിവും ചൂടും പകരാന്‍ കോസ്മറ്റിക്ക് വ്യാപാരിയായ കണ്ണൂര്‍ സിറ്റിയിലുള്ള ഫൈസല്‍ വന്നത് സമീപത്തെ ചായക്കടയില്‍നിന്ന് ചായയും പലഹാരവുമായാണ്. രാഷ്ട്രീയമായ അകല്ച്ചയിന്നും ചായയില്‍ കാണിക്കില്ലെന്ന് പറഞ്ഞ് എല്ലാവരും ചായ പങ്കിട്ടു. സാബിറും സിദ്ദിഖും കോയയും ഫൈസലുമൊക്കെ പരസ്പരം കൊണ്ടും കൊടുത്തും ചര്‍ച്ചകള്‍ നീണ്ടുപോയി. ലീഗുകാരനായ ഫൈസലിന് രാഹുല്‍ പ്രധാനമന്ത്രിയായി കാണണമെന്നതാണ് വലിയ ആഗ്രഹം.
വിദ്വേഷ വിഭാഗീയ വിഭജന രാഷ്ട്രീയം പയറ്റുന്ന മോദി സര്‍ക്കാര്‍ മാറി എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിക്കുന്ന സ്നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കാറുള്ള രാഹുല്‍ അധികാരത്തിലേറിയാല്‍ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറുമെന്നാണ് ഫൈസലിന് പറയാനുള്ളത്. യു.ഡി.എഫ് ഇത്തവണ 17 സീറ്റ് നേടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് സിദ്ദിഖ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.