ദുകമിലും ബനീ ബുആലിയിലും ഹർവീലിലും കാറ്റാടി പദ്ധതികൾ
text_fieldsമസ്കത്ത്: ദുകം, ജഅലാൻ ബനീ ബുആലി, ഹർവീൽ എന്നിവിടങ്ങളിൽ 2026ഓടെ കാറ്റാടി വൈദ്യുതി പദ്ധതികൾ ആരംഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഈ വൻപദ്ധതിക്ക് ഒമാൻ പവർ ആൻഡ് വാട്ടർ പ്രെക്യുയർമെൻറ് കമ്പനിയാണ് മുതൽ മുടക്കുന്നത്. ഇതിനായി രണ്ട് കൺസൾട്ടൻസി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കുന്നതിനായി വാണിജ്യ, സാമ്പത്തിക കൺസൾട്ടൻസി, നിയമ ഉപദേശ സേവന കൺസൾട്ടൻസി എന്നിവക്കുള്ള ടെൻഡറുകളാണ് ക്ഷണിച്ചിട്ടുള്ളത്.
വിവിധ മാർഗങ്ങളിലൂടെ മാലിന്യ മുക്തമായ ഊർജ ഉൽപാദനം നടത്താനുള്ള ഒമാന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് മൂന്നിടങ്ങളിൽ കാറ്റാടി പദ്ധതികൾ നടപ്പാക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. ദുകം, ജഅലാൻ ബനീ ബുആലി പദ്ധതികൾ 2026 രണ്ടാം പാദത്തിൽ പൂർത്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അൽ ഹർവീൽ പദ്ധതി 2026 അവസാന പാദത്തിലാണ് പൂർത്തിയാവുക.
കമ്പനിയുടെ വെബ്സൈറ്റിൽ കൺസൾട്ടൻസിയുടെ ടെൻഡർ സംബന്ധമായ വിവരങ്ങൾ ലഭ്യമാണ്. ഇതിൽ വാണിജ്യ സാമ്പത്തിക കൺസൾട്ടൻസി ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന തീയതി അടുത്ത മാസം 22ആണ്. നിയമോപദേശ കൺസൾട്ട് ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 23 ആണ്.
ഒമാൻ ഇത്തരം പാരമ്പര്യേതര മാർഗങ്ങളിലൂടെ ഊർജം ഉൽപാദിപ്പിക്കാനുള്ള നയം ഏതാനും വർഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയിരുന്നു.
2025 ഓടെ പത്ത് ശതമാനം വൈദ്യുതിയെങ്കിലും ഇത്തരം രീതിയിൽ ഉൽപാദിപ്പിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. 2030 ഓടെ 30 ശതമാനം വൈദ്യുതിയെങ്കിലും ഇത്തരം മാർഗങ്ങളിലൂടെ ഉൽപാദിപ്പിക്കാനും ലക്ഷ്യമിടുന്നു. ഒമാൻ പവർ ആൻഡ് വാട്ടർ പ്രെക്യുയർമെൻറ് കമ്പനി സൗരോർജ, കാറ്റാടി പദ്ധതികളിലൂടെ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്ന പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.