വടക്കുപടിഞ്ഞാറൻ കാറ്റ്; താപനില കുറയും
text_fieldsമസ്കത്ത്: ബുധനാഴ്ച വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ താപനിലയിൽ പ്രകടമായ മാറ്റംവരും.
കാറ്റിന്റെ ഭാഗമായി മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയർന്നേക്കും. ഇത് ദൃശ്യപരതയെയും വായുവിന്റെ ഗുണനിലവാരത്തെയും ബാധിക്കും. മുസന്ദം തീരങ്ങളിലും ഒമാൻ കടലിന്റെ ചില ഭാഗങ്ങളിലും കടൽ തിരമാലകൾ ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളെയും ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിൽ ഒമാന്റെ പല ഭാഗങ്ങളിലും താപനില താഴേക്ക് പോവാൻ സാധ്യതയുണ്ട്. മസ്കത്തിൽ നിലവിൽ പകൽ സമയത്ത് 30-34 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ് ചൂട്. ഏതാനും ദിവസം കൂടി സമാന കാലാവസ്ഥയാണ് അനുഭവപ്പെടുക. രാത്രികാലങ്ങളിൽ ചൂടിന് കുറവുവന്നിട്ടുണ്ട്. രാജ്യം ശൈത്യകാലത്തിലേക്ക് നീങ്ങി തുടങ്ങുന്നതോടെ ടൂറിസം മേഖലയിലും ഉണർവുണ്ടാകും. ജബൽ ശംസിലും ജബൽ അഖ്ദറിലും തണുപ്പ് വർധിക്കുന്നതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും.
സാധാരണ ജബൽ അഖദറിൽ തണുത്ത് കാലാവസ്ഥ അനുഭവിക്കാനാണ് കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നത്. ടെന്റ് കെട്ടിയും കമ്പിളി വസ്ത്രങ്ങൾ ധരിച്ച് തുറന്ന സ്ഥലങ്ങൾ ഭക്ഷ്യവസ്തുക്കൾ ചുട്ട് തിന്നുമൊക്കെയാണ് പലരും തണുപ്പ് ആസ്വദിക്കുന്നത്. മത്സ്യം, മാംസം എന്നിവ ചുട്ട് തിന്നാനുള്ള സൗകര്യവുമായാണ് പലരും ജബൽ അഖ്ദറിൽ എത്തുന്നത്.
രാത്രി കാലം തണുപ്പിൽ കഴിഞ്ഞ് രാവിലെ മല ഇറങ്ങുന്നവരുമുണ്ട്. ജനുവരിയോടെ ജബൽ അഖ്ദറിലും ജബൽ ശംസിലും തണുപ്പ് കടുക്കുകയും അന്തരീക്ഷ ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് താഴുകയും ചെയ്യാറുണ്ട്. ഇതോടെ റോഡുകളും പാതയോരങ്ങളുമടക്കം എല്ലാ ഇടവും ഐസ് കട്ട നിറയുകയും ചെയ്യും. ഇത് ആസ്വദിക്കാനും നിരവധി വിനോദ സഞ്ചാരികളെത്താറുണ്ട്. ഏതായാലും ഇനിമുതൽ ജബൽ അഖ്ദറിലും ജബൽ ശംസിലും സീസൺ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.