ഒമാനിൽ മുനിസിപ്പാലിറ്റി കൗൺസിൽ തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: രാജ്യത്തെ മൂന്നാമത് മുനിസിപ്പാലിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. 126 പ്രതിനിധികളെയാണ് തെരഞ്ഞെടുത്തത്.
ഞായറാഴ്ച രാത്രി വൈകീട്ടോടെ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയും മൂന്നാം ടേം മുനിസിപ്പൽ കൗൺസിലുകളുടെ തെരഞ്ഞെടുപ്പുകൾക്കായുള്ള പ്രധാന കമ്മിറ്റി ചെയർമാനുമായ എൻജിനീയർ ഖാലിദ് ഹിലാൽ അൽ ബുസൈദിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ നടന്ന വോട്ടെടുപ്പിൽ 2,88,469 വോട്ടർമാർ (40 ശതമാനം) തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്മാര്‍ട്ട് ഫോണ്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു.
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ‘ഇന്‍തഖിബ്’ എന്ന ആപ് വഴിയായിരുന്നു വോട്ട് ചെയ്തിരുന്നത്. ഇത് വോട്ടിങ് പ്രകിയയെ സുഗമമാക്കാൻ സഹായിച്ചതായി ഖാലിദ് ഹിലാൽ അൽ ബുസൈദി പറഞ്ഞു.
727 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ 28 പേർ വനിതകളാണ്. 3,46,965 വനിതകള്‍ ഉള്‍പ്പെടെ 7,31,767 പേര്‍ക്കായിരുന്നു വോട്ടവകാശം.മസ്കത്തിൽ 85 സ്ഥാനാർഥികളിൽനിന്ന് 12 അംഗങ്ങളും ദോഫാർ ഗവർണറേറ്റിൽനിന്ന് 145 സ്ഥാനാർഥികളിൽനിന്ന് 20 പേരും തിരഞ്ഞെടുക്കപ്പെട്ടു.
മുസന്ദത്ത് 22 പേരിൽനിന്ന് എട്ട് അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ, ബുറൈമി ഗവർണറേറ്റിൽ 20 പേരിൽനിന്ന് ആറുപേർ വിജയിച്ചു. തെക്കൻ ബാത്തിന-12, ദാഖിലിയ 18, വടക്കൻ ബാത്തിന-12, തെക്കൻ ശർഖിയ-പത്ത്, വടക്കൻ ശർഖിയ-14, ദാഹിറ-ആറ്, അൽവുസ്ത -എട്ട് എന്നിങ്ങനെയാണ് മറ്റിടങ്ങളിൽനിന്ന് വിജയിച്ച പ്രതിനിധികളുടെ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.