തണുപ്പെത്തിയില്ല ചൂടുപിടിക്കാതെ ശൈത്യകാല വസ്ത്ര വിപണി
text_fieldsമസ്കത്ത്: നവംബർ അവസാനമായിട്ടും ഒമാനിൽ തണുപ്പ് എത്തിയില്ല. സാധാരണ നവംബർ ആദ്യമാവുമ്പോൾതന്നെ തണുത്ത കാലാവസ്ഥ അനുഭവപ്പെടാറുണ്ട്. അന്തരീക്ഷ ഊഷ്മാവും 20 ഡിഗ്രി സെൽഷ്യസിൽ താഴേക്ക് വരാറുമുണ്ട്. എന്നാൽ, ഈ വർഷം ഇപ്പോഴും ഒമാനിൽ 25-30 സെൽഷ്യസിന് ഇടയിലാണ് അന്തരീക്ഷ ഊഷ്മാവ്. അടുത്ത ഏതാനും ദിവസങ്ങളിലും സമാനമായ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ് അനുഭവപ്പെടുക. ഇപ്പോഴും പകൽസമയങ്ങളിൽ ചൂടുതന്നെയാണ് അനുഭവപ്പെടുന്നത്. മഴ അടക്കമുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ ഇടക്കിടെ അനുഭവപ്പെട്ടിട്ടും അന്തരീക്ഷം ചൂടായിതന്നെ നിലകൊള്ളുകയാണ്.
ചൂടുള്ള കാലാവസ്ഥതന്നെ തുടരുന്നത് തണുപ്പുകാല വസ്ത്ര വ്യാപാരികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ചില വ്യാപാര സ്ഥാപനങ്ങൾ തണുപ്പുകാല വസ്ത്രങ്ങളുടെ വിൽപന ആരംഭിച്ചിരുന്നെങ്കിലും സീസൺ ആകാത്തതിനാൽ കാര്യമായി ഉപഭോക്താക്കളൊന്നുമെത്തിയിട്ടില്ല. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിലുമൊന്നും പ്രത്യേകമായി തണുപ്പുകാല വസ്ത്രങ്ങളും പുതപ്പുകളൊന്നും എത്തിയിട്ടില്ല.
മുൻകാലങ്ങളിൽ ഇത്തരം ഉൽപന്നങ്ങൾ വിൽപന നടത്തുന്ന നിരവധി ചെറുകിട സ്ഥാപനങ്ങൾ നിലവിലുണ്ടായിരുന്നു. റൂവിയായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ കേന്ദ്രം. ഹൈപർ മാർക്കറ്റുകൾ ഉയർന്നുവന്നതോടെ ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം പൊതുവേ കുറഞ്ഞു.
മുൻകാലങ്ങളിൽ ഡിസംബർ അടുക്കുന്നതോടെ ഒമാനിൽ കടും തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇതിന് മുമ്പുതന്നെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും തണുപ്പുകാല വസ്ത്രങ്ങളും ജാക്കറ്റുകളും തൂക്കിയിടാറുണ്ട്. ഈ വർഷം തണുപ്പ് എത്താത്തതിനാൽ ഇത്തരം ഉൽപന്നങ്ങളുടെ സ്റ്റോക്ക് എത്തിയിട്ടില്ലെന്ന് റൂവിയിലെ വ്യാപാരിയായ തൃശൂർ സ്വദേശി അഷ്റഫ് പറഞ്ഞു. പൊതുവേ ഉപഭോക്താക്കൾ കുറവാണെന്നും ഉള്ളവർതന്നെ ഹൈപ്പർമാർക്കറ്റുകളെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എല്ലാ ഭാഗത്തും കടകൾ വർധിച്ചതിനാൽ പുറമെ നിന്ന് അധികമൊന്നും ആളുകൾ റൂവിയിൽ എത്താറില്ലെന്നും റൂവിയിലെ ഗതാഗതക്കുരുക്കും പാർക്കിങ് സൗകര്യങ്ങളുടെ കുറവും കാരണം പുറമെ നിന്ന് ആളുകൾ എത്താൻ മടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ തണുപ്പുകാല വസ്ത്രങ്ങളും മറ്റും കാര്യമായി വിറ്റിരുന്നത് റൂവിയിലായിരുന്നു. ഇത്തരം ഉൽപന്നങ്ങൾ വിൽപന നടത്തുന്ന നൂറിലധികം ചെറുകിട സ്ഥാപനങ്ങൾ അക്കാലത്തുണ്ടായിരുന്നു. ഇവയിൽ വലിയ അളവും മലയാളികൾ നടത്തുന്നതായിരുന്നു. എന്നാൽ, ഇപ്പോൾ ഇത്തരം സ്ഥാപനങ്ങൾ വിരലിലെണ്ണാവുന്നത് മാത്രമാണുള്ളത്. വ്യാപാരം കുറഞ്ഞതോടെ പല വ്യാപാരികളും ഇത്തരം കടകൾ പൂട്ടുകയോ കടകൾ മറ്റു വ്യാപാരത്തിലേക്ക് മാറ്റുകയോ ചെയ്തിരുന്നു.
ഇത്തരം സ്ഥാപനങ്ങൾ പലതും ഇപ്പോൾ മൊബൈൽ ഫോൺ കടകളാണ്. ഇതോടെ തണുപ്പുകാല വസ്ത്രങ്ങൾക്കും ജാക്കറ്റുകൾക്കും ഉപഭോക്താക്കൾ ഹൈപ്പർ മാർക്കറ്റുകളെ ആശ്രയിക്കാനും തുടങ്ങിയിരിക്കുന്നു. ഇതോടെ ഒരു കാലത്തെ റൂവിയിലെ ചെറുകിട വ്യാപാരികളുടെ പ്രധാന സീസൺ കച്ചവടമായ ജാക്കറ്റ്, പുതപ്പ് കച്ചവടങ്ങളുടെ കാലവും അവസാനിച്ചിരിക്കുന്നു. മുൻകാലങ്ങളിൽ റൂവിയിലെ ചെറുകിട വ്യാപാരികൾ തണുപ്പുകാല സീസണിനായി കാത്തിരിക്കുകയും നല്ല രീതിയിൽ വ്യാപാരം നടത്തുകയും നല്ല ലാഭം ഉണ്ടാക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ പ്രത്യേക തണുപ്പുകാല സീസൺ ഒന്നുമില്ലെന്നും സാധാരണ സീസണിലെ കച്ചവടം മാത്രമാണ് ഈ സീസണിൽ ലഭിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.