ശൈത്യകാലമെത്തി; ഉപഭോക്താക്കളെ തേടി വ്യാപാരികൾ
text_fieldsമസ്കത്ത്: ഒമാനിൽ ശൈത്യകാലമെത്തി. എന്നാൽ, കടുത്ത തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയിട്ടില്ല. ശനിയാഴ്ച മസ്കത്തിൽ 22 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. കൂടിയ താപനില 28 ഡിഗ്രിയും. ഇൗ ആഴ്ച മുഴുവൻ 20-30 ഡിഗ്രി സെൽഷ്യസിന് ഇടയിലുള്ള താപനിലയാണ് മസ്കത്തിൽ അനുഭവപ്പെടുന്നത്. മറ്റു ഗവർണറേറ്റുകളിലും ഇതിലും കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. ഇത് ഏറെ സുഖകരമായ കാലാവസ്ഥയാണ്.
ജനം പുറത്തിറങ്ങിത്തുടങ്ങിയതോടെ വിനോദസഞ്ചാര മേഖലകളിൽ തിരക്ക് അനുഭവപ്പെടാനും തുടങ്ങി. കോവിഡ് പ്രതിസന്ധി അവസാനത്തിലെത്തുകയും രോഗവ്യാപ്തി ഒരക്കത്തിലും രണ്ടക്കത്തിലും ചുരുങ്ങുകയും ചെയ്തത് പൊതുജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ ജനങ്ങൾ വിനോദസഞ്ചാര േകന്ദ്രങ്ങളിലും മറ്റും വീണ്ടും ഒത്തുകൂടാനും തുടങ്ങി.
തണുപ്പ് വർധിക്കാൻ തുടങ്ങിയതോടെ റൂവി അടക്കമുള്ള നഗരങ്ങളിലെ വ്യാപാരികൾ തണുപ്പുകാല വസ്ത്രങ്ങളും പുതപ്പുകളും വിൽപനക്കെത്തിച്ചിട്ടുണ്ട്. ജാക്കറ്റുകൾ, പുതപ്പുകൾ, കുട്ടികളുടെ ചൂടുവസ്ത്രങ്ങൾ തുടങ്ങിയ നിരവധി ഇനങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഇവ തൂക്കിയിടാനും തുടങ്ങിയിട്ടുണ്ട്.
എന്നാൽ, തണുപ്പുകാല വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കാര്യമായി എത്തിത്തുടങ്ങിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. തണുപ്പ് കടുക്കാത്തതാണ് ഇതിന് പ്രധാന കാരണം. തണുപ്പുകാലത്ത് നാട്ടിൽ പോകുന്നവരാണ് പുതപ്പും ജാക്കറ്റുമടക്കമുള്ള തണുപ്പുകാല വസ്ത്രങ്ങൾ വാങ്ങിക്കൂട്ടാറുള്ളതെന്ന് വ്യാപാരികൾ പറയുന്നു.
എന്നാൽ, ടിക്കറ്റ് നിരക്ക് വർധിച്ചത് അടക്കമുള്ള നിരവധി കാരണങ്ങളാൽ നാട്ടിലേക്ക് േപാകുന്നവരുടെ എണ്ണം കുറഞ്ഞതും തിരക്ക് കുറയാൻ കാരണമായെന്ന് വ്യാപാരികൾ പറയുന്നു. മാസങ്ങളായി നടക്കുന്ന പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് വിദേശികൾ കഴിഞ്ഞ മാസങ്ങളിൽ രാജ്യം വിട്ടിരുന്നു. കോവിഡ് പ്രതിസന്ധി കാരണം നാട്ടിൽ കുടുങ്ങിയ നിരവധി േപർ അടുത്തിടെ മാത്രമാണ് തിരിച്ചെത്തിയത്. ഇക്കാരണങ്ങളാൽ തണുപ്പുകാല വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കുറവാണെന്ന് വ്യാപാരികൾ പറയുന്നു.
കോവിഡ് പ്രതിസന്ധി അടക്കമുള്ള കാരണങ്ങളാൽ റൂവി അടക്കമുള്ള നഗരങ്ങളിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പുതപ്പ്, ജാക്കറ്റ് തുടങ്ങിയ തണുപ്പുകാല വസ്ത്രങ്ങളുടെ ഒമാനിലെ പ്രധാന വ്യാപാരകേന്ദ്രം ഒരുകാലത്ത് റൂവിയായിരുന്നു. ഇത്തരം ഉൽപന്നങ്ങൾക്കുവേണ്ടി മാത്രം ഒമാെൻറ എല്ലാ ഭാഗങ്ങളിൽനിന്നും നിരവധി േപരാണ് ദിവസവും റൂവിയിൽ എത്തിയിരുന്നത്. അതിനാൽ ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങൾ റൂവിയിലുണ്ടായിരുന്നു. ഇവയിൽ ബഹുഭൂരിഭാഗവും മലയാളി സ്ഥാപനങ്ങളായിരുന്നു.
എന്നാൽ, ഒമാെൻറ മറ്റ് ഭാഗങ്ങളിലേക്ക് നഗരം വ്യാപിക്കുകയും എല്ലാ പ്രധാന നഗരങ്ങളിലും ൈഹപ്പർമാർക്കറ്റുകളും ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിക്കുകയും ചെയ്തതോടെ റൂവിയുടെ പ്രതാപകാലം അവസാനിക്കുകയായിരുന്നു.
ഇതോടെ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഇത്തരം ഉൽപന്നങ്ങൾ വിൽപന നടത്തുന്ന നിരവധി സ്ഥാപനങ്ങൾക്കാണ് പൂട്ടുവീണത്. കോവിഡ് പ്രതിസന്ധിക്കു ശേഷം വ്യാപാരം കുറയുകയും വാടക കുടിശ്ശിക നൽകാൻ പ്രയാസം അനുഭവപ്പെടുകയും ചെയ്തതോടെയും നിരവധി പേർ രാജ്യം വിട്ടിരുന്നു. ഇതോടെ തണുപ്പുകാല വസ്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വളരെ കുറഞ്ഞെങ്കിലും അത്തരം സ്ഥാപനങ്ങളിൽപോലും ആവശ്യക്കാരെത്താത്ത അവസ്ഥയാണ് നിലവിലുള്ളത്. തണുപ്പ് വർധിക്കുന്നതോടെ കൂടുതൽ സന്ദർശകെരത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.