ശൈത്യം വരുന്നു, ആഘോഷ ദിനങ്ങളും
text_fieldsകോവിഡിനെത്തുടർന്ന് രണ്ടു വർഷമായി ഒരു കൂടിച്ചേരലുകളൂം നടന്നിരുന്നില്ല
വി.കെ. ഷെഫീർ
മസ്കത്ത്: കോവിഡ് സൃഷ്ടിച്ച ആഘാതങ്ങൾക്കിടെ പ്രത്യാശയുടെ കുളിരു പകർന്ന് ശൈത്യകാലം വരവായി, കൂടെ ആഘോഷ ദിനങ്ങളും. തകർന്നുപോയ സാമ്പത്തിക സ്ഥിതി തിരികെ പിടിക്കാനുള്ള അവസരമായാണ് പലരും ശൈത്യകാല സീസണിനെ കാണുന്നത്. ഏകദേശം രണ്ടു വർഷമായി കോവിഡ് മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങളാൽ ഒരു കൂടിച്ചേരലുകളൂം നടന്നിരുന്നില്ല. ഇത്തരം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ഉപജീവനം കണ്ടെത്തിയിരുന്ന ആളുകൾ തീരാദുരിതത്തിലായിരുന്നു. ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, സൂപ്പർ-ഹൈപ്പർ മാർക്കറ്റുകൾ എന്നിവയെല്ലാം ആഘോഷ പരിപാടികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. മലയാളികൾക്ക് ഏറെ സുപരിചിതം അല്ലെങ്കിലും ഒരുവിധം പ്രവാസികൾക്ക് ആവേശമായ 'ഹാലോവീൻ' പാർട്ടി മിക്ക ഹോട്ടലുകളിലും നടന്നു. ഹാലോവീൻ ഉൽപന്നങ്ങൾ ലഭിക്കുന്ന കടകളിൽ നല്ല വിൽപന നടന്നുവെന്ന് കച്ചവടക്കാർ പറഞ്ഞു. കായിക മത്സരങ്ങൾക്ക് ലഭിച്ച അഭൂതപൂർവമായ പിന്തുണ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കഴിഞ്ഞ ദിവസം കായിക മന്ത്രാലയത്തിെൻറ പിന്തുണയോടെ നടന്ന ട്രിയത്ത് ലോൺ ( നീന്തൽ, സൈക്കിളിങ്, ഓട്ടം) എന്നിവയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പരിപാടി കാണാനായി വൻ ജനക്കൂട്ടവും എത്തിയിരുന്നു. വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകമായാണ് മത്സരം നടത്തിയത്.
ദീപാവലി ആഘോഷത്തിനായി പ്രവാസികൾ
കഴിഞ്ഞ വർഷങ്ങളിൽ നടക്കാതിരുന്ന ദീപാവലി ആഘോഷം പൊടിപൊടിക്കാൻ പ്രവാസികൾ പ്രത്യേകിച്ച് ഉത്തരേന്ത്യക്കാർ ഒരുങ്ങി കഴിഞ്ഞു. ദീപാവലി പ്രവൃത്തിദിനമായ വ്യാഴാഴ്ച ആണെങ്കിലും ഇനി വരുന്ന വാരാന്ത്യ അവധി ദിനങ്ങളിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങളിലാകും പ്രവാസികൾ. ഇത്തരം പരിപാടികൾക്ക് അലങ്കാര പണി ഒരുക്കുന്നവർ, മ്യൂസിക്-സൗണ്ട് സജ്ജീകരിക്കുന്നവർ, കാറ്ററിങ് യൂനിറ്റുകൾ, ഫോട്ടോ-വിഡിയോഗ്രാഫർമാർ എന്നിവർക്കെല്ലാം തന്നെ വരും ദിവസങ്ങളിൽ ദീപാവലി ബുക്കിങ് ആയിക്കഴിഞ്ഞു. ഇതിനു പിന്നാലെ രാജ്യത്തിെൻറ ദേശീയ ദിനാഘോഷവും വരും. പതാകകൾ, ഷാളുകൾ, ബാഡ്ജുകൾ എല്ലാം തന്നെ സ്റ്റോക്കുകൾ വന്നു തുടങ്ങി. ദേശീയ ദിനത്തിനോട് അനുബന്ധിച്ചു ലഭിക്കുന്ന വാരാന്ത്യ അവധി ദിനം കൂടി ചേർത്ത് നാട്ടിലേക്ക് ചെറിയ അവധിക്കായി പോകുന്ന പ്രവാസികളുടെ എണ്ണത്തിൽ ഇപ്രാവശ്യം വലിയ കുറവുണ്ടാകും. ഇന്ത്യ വിമാന സർവിസ് വിലക്ക് നീട്ടിയതാണ് കാരണം. രാജ്യത്തിെൻറ പാരമ്പര്യം വിളിച്ചോതുന്ന ഒട്ടക ഓട്ടങ്ങളും സജീവമായിട്ടുണ്ട്. റോയൽ കോർട്ടും ക്യാമൽ അസോസിയേഷനും സംയുക്തമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉൾപ്രദേശങ്ങളിൽ ആണ് പ്രധാനമായും മത്സരം നടക്കുന്നത്.
പാർട്ടികൾ സജീവമാകുന്നു
കുടുംബങ്ങൾ ഒന്നിച്ചു കടൽത്തീരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും നടത്തുന്ന ബാർബിക്യൂ പാർട്ടിക്കു വേണ്ട വിറക്, കരി, അടുപ്പു, ഗ്രില്ലുകൾ എന്നിവക്കെല്ലാം വിൽപന വർധിച്ചതായി കച്ചവടക്കാർ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി ഇത്തരം പരിപാടികളൊക്കെ നടന്നിട്ട്. ശൈത്യകാല വസ്ത്രവിൽപന സജീവമായിട്ടില്ലെങ്കിലും കടകളിൽ സ്റ്റോക്കുകൾ വന്നുതുടങ്ങിയിട്ടുണ്ട്. നീണ്ട ഇടവേളക്കുശേഷം സ്റ്റേജ് പരിപാടികൾ സജീവമാകുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഡിസംബറിൽ പ്രമുഖ ശ്രീലങ്കൻ പോപ്പ് സിംഗർ മസ്കത്തിൽ എത്തുന്നുണ്ട്. അമ്പതു ശതമാനം ആളുകളെ പ്രവേശിപ്പിച്ചു പരിപാടി നടത്തിയാൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നാണ് ഇവൻറ് മാനേജ്െമൻറ് കമ്പനികൾ പറയുന്നത്. എന്നാൽ, ജനുവരി ആകുന്നതോടെ ഇതിൽ മാറ്റം വരുമെന്നും അപ്പോഴേക്കും പൂർണ ശേഷിയിൽ പരിപാടികൾ നടത്താൻ കഴിയും എന്നാണ് ഇവരുടെ പ്രതീക്ഷ. മാർച്ച് മാസത്തിനുള്ളിൽ മലയാള സിനിമ താരങ്ങൾ ഉൾെപ്പടെ പങ്കെടുക്കുന്ന ഒരു ഡസനോളം സ്റ്റേജ് ഷോകൾക്കുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
ജാഗ്രത കൈവെടിയരുത്
കോവിഡിൽനിന്നും രാജ്യം മുക്തി നേടുന്നുണ്ടെങ്കിലും ജാഗ്രതെ കൈവെടിയരുതെന്ന് ആരോഗ്യ വിദഗ്ധരും മന്ത്രാലയവും ഓർമിപ്പിക്കുന്നു. ഒരുപാട് ആളുകളുടെ ജീവത്യാഗത്തിെൻറ കൂടി ഫലമായാണ് മഹാമാരിയിൽ നിന്നും രാജ്യം പതിയെ കരകയറിക്കൊണ്ടിരിക്കുന്നത്. മുഖാവരണം ധരിക്കുന്നതിലും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച പാടില്ലെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.