ചൂടിനോടു വിട, തണുപ്പെത്തുന്നു
text_fieldsമസ്കത്ത്: ശൈത്യ കാലത്തിന്റെ വരവറിയിച്ച് താപനില കുറഞ്ഞുതുടങ്ങിയപ്പോൾ പ്രതീക്ഷയോടെ വിനോദ സഞ്ചാര മേഖലയും. ഒമാന്റെ പലഭാഗങ്ങളിലും താപനില കുറഞ്ഞതോടെ പാർക്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തീരദേശത്തോടുത്ത മേഖലകളിൽ രാത്രി കാലങ്ങളിൽ നല്ല തണുപ്പാണ്.
ഒമാനിലെ താപനില കുറഞ്ഞ് വരുകയാണെന്ന് കാലവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇത് തണുപ്പ് കാലത്തിന്റെ വരവിന്റെ സൂചനയാണെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈഖിലാണ്. 11.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില. മസിയോന -16.2 ഡിഗ്രി സെൽഷ്യസ്, തുംറൈത്ത് -16.5 ഡിഗ്രി സെൽഷ്യസ്, മുഖ്ഷിൻ 16.7 ഡിഗ്രി സെൽഷ്യസ് എന്നിവയാണ് താഴ്ന്ന താപനില അനുഭപ്പെട്ട മറ്റു പ്രദേശങ്ങൾ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടത് സൂർ വിലായത്തിലാണ്. 35.3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ചൂട്.
താപനില താഴുന്നതോടെ ആവശ്യമായ മുൻ കരുതലുകൾ എടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പനി ജലദോശം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും സാധാരണമാണ്. കാലാവസ്ഥ മാറുന്നതോടെ മറ്റു ശാരീരിക പ്രശ്നങ്ങൾക്കും ഇടയാക്കും. തണുപ്പിനെ അകറ്റാനുള്ള കമ്പളി വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുന്നതും നല്ലതാണ്.
വാരാന്ത്യ അവധി ദിവസങ്ങളിൽ പാർക്കുകളിലും ബീച്ചുകളിലുമെല്ലാ നല്ല തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ച ദേശീയ ദിന അവധി ആയതിനാൽ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വർധിക്കും.
ജബൽ അഖ്ദർ, ജബൽ ശംസ് എന്നിവിടങ്ങളിലും താപനില കുറഞ്ഞതോടെ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുകയാണ്. ജബൽ അഖ്ദറിൽ വിളവെടുപ്പ് കാലമാണ്. മാതള നാരങ്ങ അടക്കമുള്ളവയുടെ വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.
താപനില കുറഞ്ഞതോടെ ഒമാനിലെ വിവിധ പാർക്കുകളിൽ വൈകുന്നേരങ്ങളിൽ വിശ്രമിക്കാനും വിനോദത്തിനുമെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കുടുംബങ്ങളാണ് കാര്യമായി വൈകുന്നേരം ചിലവിടാൻ പാർക്കുകളിലെത്തുന്നത്.
കുട്ടികളുടെ ആഹ്ലാദത്തിൽ പാർക്കുകളും ബീച്ചുകളും ശബ്ദ മുകരിതവും ബഹള മയവും ആവുന്നുണ്ട്. ശൈത്യകാലം എത്തുന്നതോടെ രാജ്യത്തിനു പുറത്തുനിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും വർധിക്കും. ഏതായാലും ഇനിയുള്ള മാസങ്ങൾ വിനോദത്തിന്റെയും ചുറ്റിക്കറങ്ങലുകളുടെയും കാലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.