തണുപ്പ് കൂടുന്നു; ശൈത്യകാല വസ്ത്രവിപണിയിൽ ഉണർവ്
text_fieldsസുഹാർ: രാജ്യത്ത് ശൈത്യകാലം പതിയെ വരവറിയിച്ചതോടെ തണുപ്പകറ്റാനുള്ള സാധനങ്ങൾക്ക് ആവശ്യക്കാർ ഏറി. മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും പരമ്പരാഗത സൂഖുകളിലും ശൈത്യകാല വസ്ത്രങ്ങളുടെ സ്റ്റോക്കെത്തി കഴിഞ്ഞു.
വസ്ത്രവിഭാഗത്തിൽ വിൽപനക്കായി പ്രദർശിപ്പിച്ചതിൽ കൂടുതലും വിന്റർ കാലാവസ്ഥ വസ്ത്രങ്ങളും ജാക്കറ്റുകളുമാണ്. അവധി ആഘോഷിക്കാൻ ആളുകൾ തിരഞ്ഞെടുക്കുന്ന സുഖവാസ രാജ്യങ്ങളിൽ ഭൂരിഭാഗവും തണുപ്പു കൂടുതലുള്ള പ്രദേശങ്ങളാണ്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കൊടുംതണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ജാക്കറ്റും കൈ ഉറയും സോക്സും തൊപ്പിയും ഷാളും പുതപ്പും എന്നിവതേടിയാണാളുകൾ എത്തുന്നതെന്ന് മാളുകളിലെ റെഡിമെയ്ഡ് വിഭാഗത്തിലെ സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
രണ്ടു വർഷം മുമ്പ് റൂം ഹീറ്റർ ആയിരുന്നു തണുപ്പ് കാലത്ത് ഏറ്റവും കൂടുതൽ വിറ്റിരുന്നതെങ്കിലും ഇപ്പോൾ ഇതിനു ആവശ്യക്കാർ കുറവാണെന്ന് സുഹാർ സൂഖിൽ വർഷങ്ങളായി തണുപ്പ് അകറ്റാനുള്ള വസ്ത്രങ്ങൾ വിൽക്കുന്ന കട നടത്തുന്ന തലശ്ശേരി സ്വദേശി മഷൂദ് പറയുന്നു.
കമ്പിളിപ്പുതപ്പിനാണ് പ്രവാസികൾ കൂടുതലും എത്തുന്നത്. കേരളത്തിലേതു പോലെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. അവിടെ തണുപ്പു കൂടുതലാണ്. പുതപ്പും സ്വറ്ററും ജാക്കറ്റും മങ്കിത്തൊപ്പിയും കൈയുറയും അവധിക്കു നാട്ടിൽ പോകുമ്പോൾ കൊണ്ടുപോകും. ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നീരാജ്യക്കാരും തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ കൂടുതലും വാങ്ങുന്നവരാണ്. പുറത്തു ജോലി ചെയ്യാൻ ജാക്കറ്റുവേണ്ടിവരുന്ന അവസ്ഥയിലാണ് ചിലമേഖലയിലെ തണുപ്പിന്റെ കാഠിന്യം. സ്വദേശികൾ ജാക്കറ്റും കൈ ഉറയും അടിയിൽ ധരിക്കുന്ന വസ്ത്രസങ്ങളുമാണ് കൂടുതൽ വാങ്ങുക. അതിരാവിലെ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് തണുപ്പ് പ്രയാസമാകാതിരിക്കാനാണിത്.
ജനുവരി ആദ്യത്തോടെ രാജ്യത്തു തണുപ്പിന്റെ കാഠിന്യം കൂടും എന്ന് കാലാവസ്ഥ അറിയിപ്പിൽ വിശ്വസിച്ചു വിന്റർ വസ്ത്രങ്ങൾ കൂടുതലായി സ്റ്റോക്ക് എത്തിച്ചിട്ടുണ്ടെന്നു കച്ചവടക്കാർ പറയുന്നു.ഏതു രാജ്യക്കാരും നാട്ടിലേക്ക് പോകുമ്പോൾ കൂടുതലും വാങ്ങുന്നത് ഇതുപോലുള്ള വസ്ത്രസങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.