ദോഫാറിൽ ശൈത്യകാല ടൂറിസത്തിന് തുടക്കം
text_fieldsമസ്കത്ത്: ശൈത്യകാല ടൂറിസം ആരംഭിച്ചതോടെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി ടൂറിസം, വിനോദ പരിപാടികൾ അവതരിപ്പിച്ച് പൈതൃക-ടൂറിസം മന്ത്രാലയം പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നായാണ് മുഗ്സെയ്ൽ ബീച്ച് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനായി ടൂറിസം മേഖലയിലെ പങ്കാളികളുമായി സഹകരിച്ച് മന്ത്രാലയം എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ദോഫാർ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ പ്രൊമോഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ മർവാൻ ബിൻ അബ്ദുൽഹക്കിം അൽ ഗസാനി പറഞ്ഞു. ഗവർണറേറ്റിലേക്ക് അടുത്തിടെയായി വിമാനങ്ങളും ക്രൂസ് കപ്പലുകളും വർധിച്ചിട്ടുണ്ട്. ഗവർണറേറ്റിന്റെ ജനപ്രീതിയാണ് ഇത് തെളിയിക്കുന്നത്. 2022-2023 വർഷങ്ങളിൽ യൂറോപ്യൻ വിപണികളിൽനിന്ന് സലാല വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളുടെ എണ്ണം 478 ആയിരുന്നുവെന്ന് സ്ഥിതിവിവര കണക്കുകൾ പറയുന്നു.
30 ചാർട്ടേഡ് വിമാനങ്ങൾക്കും ക്രൂസ് കപ്പലുകൾക്കും പുറമേയാണിത്. കൂടാതെ, ഗവർണറേറ്റിനെയും ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി 60ലധികം പ്രാദേശിക, അന്തർദേശീയ ഇവന്റുകൾക്ക് മന്ത്രാലയം പിന്തുണയും നൽകി. മാധ്യമ പ്രതിനിധികൾക്കും പ്രാദേശിക, അന്തർദേശീയ ടൂറിസം ഓഫിസുകളുടെ പ്രതിനിധികൾക്കും ഗവർണറേറ്റിലേക്ക് 33 യാത്രകളും മന്ത്രാലയം സംഘടിപ്പിച്ചു. 30ലധികം പ്രമോഷനൽ കാമ്പയിനുകളും നടത്തി. അടുത്ത ആഴ്ചയിൽ, ഫ്രഞ്ച് പത്രപ്രവർത്തകരുടെ പ്രതിനിധി സംഘം പുരാവസ്തു, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. ദോഫാർ ഗവർണറേറ്റിന്റെ ടൂറിസ്റ്റ് സൈറ്റുകളിൽ ഒരു പ്രമോഷനൽ ഫിലിം നിർമിക്കാൻ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ടെലിവിഷൻ ടീമും ഉടൻ എത്തും. ചെക്ക് വിപണിയിലും എല്ലാ കിഴക്കൻ യൂറോപ്യൻ വിപണികളിലും ദോഫാറിന്റെ സവിശേഷതകൾ ഉയർത്തിക്കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ഗവർണറേറ്റുകളിലെ ടൂറിസം പ്രമോഷന്റെ ഭാഗമായി നിലവിൽ ഇന്ത്യയിൽനിന്നുള്ള ടൂറിസം കമ്പനികളുടെ പ്രതിനിധി സംഘത്തിന് പുറമെ നെതർലൻഡ്സിലെ അറിയപ്പെടുന്ന മുൻ ഫുട്ബാൾ കളിക്കാരുടെ ഒരു ഗ്രൂപ്പിനും മന്ത്രാലയം ആതിഥേയത്വം വഹിക്കുന്നുണ്ട്.
മിതമായ കാലാവസ്ഥ, വി ബീച്ചുകൾ, മനോഹരമായ പ്രകൃതി, പൈതൃകം, ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അൽ ബലീദ്, സംഹാര, അൽ ഷാസർ എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നിരവധി ഘടകങ്ങൾ ദോഫാർ ഗവർണറേറ്റിലുണ്ടെന്ന് അൽ ഗസാനി പറഞ്ഞു. പ്രകൃതിദത്ത നീരുറവകൾ, താഴ്വരകൾ, ഗുഹകൾ എന്നിവക്കുപുറമെ താഖയിലെയും മിർബത്തിലെയും ചരിത്രപരമായ കോട്ടകളും സഞ്ചാരികളുടെ മനം കവരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.