ശൈത്യകാലം: സലാലയിലേക്ക് സഞ്ചാരികളുടെ വരവ് തുടരുന്നു
text_fieldsമസ്കത്ത്: ശൈത്യകാല ടൂറിസ്റ്റ് സീസൺ ആരംഭിച്ചതോടെ സലാലയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് തുടരുന്നു. കഴിഞ്ഞ ദിവസം ഈജിപ്തിലെ ഹുർഗാദയിൽനിന്ന് നേരിട്ട് 437 വിനോദസഞ്ചാരികളുമായി രണ്ട് വിമാനം സലാല വിമാനത്താവളത്തിലെത്തി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് സഞ്ചാരികൾ.
പൈതൃക-ടൂറിസം മന്ത്രാലയം അധികൃതരുടെ നേതൃത്വത്തിൽ സഞ്ചാരികൾക്ക് വരവേൽപ് നൽകി. സന്ദർശകർ നാല് രാത്രികൾ സലാലയിൽ ചെലവഴിക്കും. ഗവർണറേറ്റിന്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ സമൃദ്ധി ഉയർത്തിക്കാട്ടി വ്യതിരിക്തമായ പുരാവസ്തു, പ്രകൃതി ആകർഷണങ്ങൾ എന്നിവ സന്ദർശിക്കുകയും ചെയ്യും.
ദോഫാറിന്റെ പ്രശസ്തമായ പൈതൃക സ്ഥലങ്ങളിലും പ്രകൃതി ദൃശ്യങ്ങളിലും ഉടനീളം വിനോദസഞ്ചാരികൾ അവരുടെ താമസസമയത്ത് ടൂറുകൾ നടത്തും. സലാലയിലെ താമസത്തിന് ശേഷം, സന്ദർശകർ ഇവിടെനിന്ന് മസ്കത്തിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തേക്ക് പോകുന്ന വാസ്കോ ഡ ഗാമ എന്ന ക്രൂസ് കപ്പലിൽ യാത്ര തിരിക്കും.
ഇതുവഴി പ്രാദേശിക സമ്പദ്വ്യവസ്ഥക്ക് ഉണർവ് പകരുകയും ആഗോള ടൂറിസം വിപണിയിലെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഒമാന്റെ സ്ഥാനത്തെ മാറ്റുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പൈതൃക-ടൂറിസം മാന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.