സുൽത്താന് ആശംസകൾ നേർന്നു
text_fieldsമസ്കത്ത്: സ്ഥാനാരോഹണ വാർഷിക ദിനാചരണത്തിന്‍റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖിന് വിവിധ രാജാക്കന്മാർ, രാജ്യങ്ങളുടെ നേതാക്കൾ, കിരീടാവകാശികൾ, സഹോദര-സൗഹൃദ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ആശംസകൾ നേർന്നു.
സുൽത്താന് നല്ല ആരോഗ്യവും സന്തോഷവും നേർന്ന കേബിൾ സന്ദേശത്തിൽ അദ്ദേഹത്തിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിന് കീഴിൽ രാജ്യം കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും ഒമാനി ജനതക്ക് എല്ലാ നന്മകളും സമൃദ്ധിയും ഉണ്ടാവട്ടെയെന്നും അവർ ആശംസിച്ചു. മന്ത്രിമാർ, സുൽത്താന്റെ സായുധ സേനാ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷാ സേവനങ്ങൾ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ശൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഒമാനി അംബാസഡർമാർ, രാജ്യത്തെ ശൈഖുമാർ, ഉന്നത വ്യക്തിത്വങ്ങൾ, പൗരന്മാർ എന്നിവരും സുൽത്താന് ആശംസകൾ നേർന്നു.
സുൽത്താൻ ഹൈതം ബിൻ താരിഖിനെ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു. സന്ദേശത്തിൽ അമീർ സുൽത്താന്റെ നേട്ടങ്ങളെ പ്രശംസിക്കുകയും അദ്ദേഹത്തിന് നിത്യമായ ആരോഗ്യവും ഒമാന് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്തു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ദൃഢവും ചരിത്രപരവുമായ സാഹോദര്യ ബന്ധങ്ങളെ അമീർ പ്രശംസിച്ചു. എല്ലാ തലങ്ങളിലും നിലവിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സ്ഥിരവും സംയുക്തവുമായ താൽപര്യവും വ്യക്തമാക്കി. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും സുൽത്താനെ അഭിനന്ദിച്ചു
207 തടവുകാർക്ക് മോചനം
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സ്ഥാനാരോഹണ വാർഷിക ദിനാചരണത്തിന്‍റെ ഭാഗമായി 207 തടവുകാർക്ക് മോചനം നൽകി. വിവിധ കേസുകളിൽ ജയിലുകളിൽ കഴിഞ്ഞിരുന്നവർക്കാണ് സുൽത്താൻ രാജകീയ മാപ്പ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.