കരുത്തോടെ മുന്നോട്ട്
text_fieldsജനക്ഷേമ രാഷ്ട്രമെന്ന ചുരുങ്ങിയ അർഥം മാത്രമായിരുന്നു റിപ്പബ്ലിക്ക് എന്ന വാക്കിന് പണ്ട് ഉണ്ടായിരുന്നത്. ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിൽ നടന്ന വിപ്ലവത്തോടെ ആ അർത്ഥം മാറി. ‘രാഷ്ട്രത്തലവൻ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി’ എന്നാണ് റിപ്പബ്ലിക് എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. എങ്കിലും ഇന്ത്യയിൽ അതുകൊണ്ട് അർത്ഥമാക്കുന്നത് ജനകീയ പരമാധികാരം ആത്മാംശമാക്കിയ ഒരു എഴുതപ്പെട്ട ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നു എന്നാണ്. ജനകീയ പരമാധികാരം എന്ന ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ തത്വസംഹിതയെ ഭാരതത്തിലെ എല്ലാ കാലത്തും എല്ലാ ദേശത്തും ഉള്ള കോടാനുകോടി ജനങ്ങൾക്ക് ജാതി,മത, വർഗ്ഗ, വർണ, ലിംഗ, രാഷ്ട്രീയ, വ്യത്യാസമില്ലാതെ ഉറപ്പ് നൽകപ്പെട്ട സുദിനമാണ് നമ്മുടെ റിപ്പബ്ലിക് ദിനം.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരം സമാനതകളില്ലാത്തതായിരുന്നു.
1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം ആയതിന്റെ സ്മരണ ഇന്ന് നമ്മൾ പുതുക്കുന്നു. ഭരണഘടന വാഴ്ചയുടെ എഴുപത്തിനാല് വർഷങ്ങൾ ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം അഭിമാനവും വലിയൊരളവോളം തൃപ്തിയും നൽകുന്നതാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയിരുന്നു. എന്നാൽ, ജനാധിപത്യ ഭരണസമ്പ്രദായം നിലനിർത്താൻ അതിൽ പല രാജ്യങ്ങൾക്കും കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് ഒരു റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യയുടെ വ്യക്തിത്വം വേറിട്ട് നിൽക്കുന്നത്. മുക്കാൽ നൂറ്റാണ്ട് മുമ്പ് എന്നപോലെ ഇന്നും ഇന്ത്യ ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെയും ഭരണഘടന ശില്പികളെയും നന്ദിപൂർവം സ്മരിക്കാനുള്ള അവസരം കൂടിയാണിത്. മഹാത്മാഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെയാണ് സമരത്തിന് പുതിയ രൂപഭാവങ്ങൾ കൈവന്നത്. അഹിംസയിൽ ഊന്നിയ ഗാന്ധിജിയുടെ സമര രീതിയും നിസ്സഹകരണ പ്രസ്ഥാനവും സിവിൽ നിയമലംഘനവും ലോകം അന്നുവരെ കാണാത്ത സമരമാർഗങ്ങൾ ആയിരുന്നു. ജനാധിപത്യവും ബഹുസ്വരതയും ഫെഡറലിസവും ആണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലകൾ. അടുത്തകാലത്തായി ഇവയ്ക്ക് നേരെ ചില ഭീഷണികൾ ഉയരുന്നത് കാണാതിരുന്നുകൂടാ.
ബഹുസ്വരതക്ക് വെല്ലുവിളി
ഉയരുന്നു
നമ്മുടെ ബഹുസ്വരതക്ക് നേരെ ഉയരുന്ന നീക്കങ്ങൾ ആശങ്ക ഉളവാക്കുന്നതാണ്. ‘നാനാത്വത്തിൽ ഏകത്വം’ ആണ് ഇന്ത്യയുടെ ശക്തി എന്ന് നെഹ്റുവിനെ പോലുള്ളവർ വിശ്വസിച്ചിരുന്നത് അതുകൊണ്ടാണ്.
വൈവിധ്യങ്ങളും വൈജാത്യങ്ങളും ബലപ്രയോഗത്തിലൂടെയും സമ്മർദ്ദ തന്ത്രങ്ങളിലൂടെയും ഇല്ലാതാക്കപ്പെടുമ്പോൾ അത് ഇന്ത്യ ആവില്ലെന്ന് പലർക്കും മനസ്സിലാകാതെ പോകുന്നു. ഏതൊക്കെ പ്രതിസന്ധികൾ വന്നാലും ആഭ്യന്തരവും ബാഹ്യവുമായ എല്ലാ വെല്ലുവിളികളെയും നേരിട്ട് മുന്നോട്ടുപോകാനുള്ള ആന്തരികമായ കരുത്ത് ഇന്ത്യൻ റിപ്പബ്ലിക്കിനുണ്ട്.
‘പൂർവ്വ നിശ്ചിതമായ ആ ദിവസം സമാഗതമായി. വിധിയാൽ നിശ്ചയിക്കപ്പെട്ട ദിനം. ദീർഘകാലം തുടർന്ന ഗാഢനിദ്രക്കും, പോരാട്ടങ്ങൾക്കും ഒടുവിൽ നമ്മുടെ രാജ്യം വീണ്ടും ഉണർന്നെണീക്കുന്നു. ഊർജ്ജസ്വലയായി സ്വതന്ത്രയായി വിമുക്തയായി. ചില അളവുകളിൽ ഭൂതകാലം നമ്മെ ചുറ്റിപ്പിടിച്ച് നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നാം എടുത്ത പ്രതിജ്ഞകൾ നിറവേറ്റാൻ ഇനിയും അധ്വാനിക്കേണ്ടതുണ്ട് . എങ്കിലും നമ്മുടെ വഴിത്തിരിവ് കഴിയുകയും നമുക്കായി ഒരു പുതിയ ചരിത്രം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. നാം ജീവിക്കുകയും നാം ഇടപെടുകയും ചെയ്യുന്ന മറ്റുള്ളവരാൽ എഴുതപ്പെടേണ്ട ചരിത്രം’’ ഇന്ത്യ സ്വതന്ത്രമായപ്പോൾ അർധരാത്രിയിൽ ഭരണഘടന നിർമ്മാണ സഭയിൽനിന്നുകൊണ്ട് ലോകത്തോട് മഹാനായ ജവഹർലാൽ നെഹ്റു വിളിച്ചുപറഞ്ഞ വാക്കുകളാണിത്.
അതിജീവനത്തിനുള്ള
പോരാട്ടം
രാജ്യത്ത് വിവിധ വിഭാഗങ്ങളിൽപെടുന്ന ധാരാളം ആളുകൾ അതിജീവനത്തിനുവേണ്ടി കനത്ത പോരാട്ടത്തിലാണ്.
നമ്മുടെ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ചേർത്തു നിർത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. പൗരാവകാശം വെല്ലുവിളിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ വർത്തമാന ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പൗരസ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും വെല്ലുവിളിക്കപ്പെടുക എന്നാൽ ഭരണഘടന തന്നെ വെല്ലുവിളിക്കപ്പെടുന്നു എന്നാണ് അർത്ഥം.
ഭരണഘടന ആകണം രാജ്യത്തിന്‍റെ വിശുദ്ധ ഗ്രന്ഥം. അതിനെ അട്ടിമറിക്കുന്ന എല്ലാ തരം ദുഷ്പ്രവണതകളും എതിർത്ത് ഇല്ലാതാക്കാൻ ഭരണഘടന വിശ്വാസികൾ എന്ന നിലയിൽ നമുക്ക് ഏവർക്കും ഉത്തരവാദിത്വം ഉണ്ട്. എല്ലാവർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.