നല്ലോർമകൾ ഇനി കൂട്ട്; സതീശൻ മൂത്തേടത്ത് നാടണഞ്ഞു
text_fieldsമസ്കത്ത്: കാൽ നൂറ്റാണ്ടിലെ പ്രവാസ ജീവിതം സമ്മാനിച്ച നല്ലോർമകളുായി മലപ്പുറം ജില്ലയിലെ എടപ്പാൾ തലമുണ്ട സ്വദേശി സതീശൻ മൂത്തേടത്ത് നാടണഞ്ഞു. 1995ൽ 25ാം വയസ്സിലായിരുന്നു ആദ്യമായി ഒമാനിൽ എത്തുന്നത്. നിസ്വയിലെ മനയിൽ ഫ്രഞ്ച് കമ്പനിയായ എൻജി ഗ്രൂപ്പിന്റെ പവർ പ്ലാന്റിൽ സൈറ്റ് കോഓഡിനേറ്റർ ആയിട്ടായിരുന്നു ജോലിയുടെ തുടക്കം. 15 വർഷത്തോളം അവിടെ ജോലി ചെയ്തു. പിന്നീട് 2011ൽ കമ്പനിയുടെതന്നെ ബർക്കയിലെ സ്റ്റോമോ എൻജി ഹെഡ് ഓഫിസിലേക്ക് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റിൽ സൂപ്പർവൈസറായി ജോലി തുടർന്നു. വിരമിക്കുന്നതുവരെ ഇവിടെതന്നെയായിരുന്നു സേവനം ചെയ്തിരുന്നത്.
നല്ല സൗഹൃദ ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതുതന്നെയാണ് പ്രവാസത്തിലൂടെ നേടിയെടുത്ത വലിയ സമ്പാദ്യമെന്ന് സതീശൻ പറഞ്ഞു. ആദ്യകാലത്ത് താൻ ജോലി ചെയ്തിരുന്ന നിസ്വയടക്കം ഒമാന്റെ പ്രദേശങ്ങൾ വെറും മരുഭൂമി മാത്രമായിരുന്നു. എന്നാൽ, കുറഞ്ഞ കാലംകൊണ്ട് രാജ്യം കുതിപ്പ് നടത്തിയത് വിസ്മയിപ്പിക്കുന്നതാണ്. ശേഷിക്കുന്ന കാലം നാട്ടിൽ കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്തിലെ സാമൂഹിക-സാംസ്കാരിക സംഘടനകളായ, വേൾഡ് മലയാളി കൗൺസിൽ, സർഗ മസ്കത്ത്, ഇടപ്പാളയം ഒമാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് (മലയാളം വിങ്), മസ്കത്ത് ആർട്സ് എന്നിവയിലെല്ലാം സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: സ്വാതി (മെഡിക്കൽ വിദ്യാർഥി), സഞ്ജയ് (പ്ലസ് ടു).
നാട്ടിലേക്കു മടങ്ങുന്ന സതീശൻ മൂത്തേടത്തിന് വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ് യാത്രയയപ്പ് നൽകി. വേൾഡ് മലയാളി കൗൺസിലിന്റെ എല്ലാ വേദികളിലും നിറസാന്നിധ്യമായിരുന്നു സതീശനെന്ന് സ്നേഹോപഹാരം നൽകി ചെയർമാൻ രവീന്ദ്രൻ മറ്റത്തിൽ പറഞ്ഞു, പ്രസിഡന്റ് ഫ്രാൻസിസ് തലച്ചിറ, വേൾഡ് മലയാളി കൗൺസിൽ സെക്രട്ടറിസാബു കുര്യൻ, ട്രഷറർ കെ.കെ. ജോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.