കെ.എം.സി.സി തണലിൽ നാടണഞ്ഞു; ലേഖൻ സുകേഷന് ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം
text_fieldsമസ്കത്ത്: പ്രവാസ ജീവിതത്തിലെ ദുരിതങ്ങൾക്ക് അറുതിവരുത്തി കൊല്ലം പരവൂർ സ്വദേശി ലേഖൻ സുകേഷന് കെ.എം.സി.സിയുടെ തണലിൽ നാടണഞ്ഞു. ഒരുപാട് സ്വപ്നങ്ങളുമായി 34 വർഷം മുമ്പാണ് കടൽ കടന്നെത്തുന്നത്. പ്രായമായ അച്ഛനേയും അമ്മയേയും വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മാറ്റണം, സഹോദരിയെ പഠിപ്പിക്കുകയും വിവാഹം കഴിപ്പിച്ചയക്കുകയും വേണം. അങ്ങനെ ഏതൊരു പ്രവാസിക്കുമുള്ള കുറേ ആഗ്രഹങ്ങളുമായി വിമാനം കയറിയതാണ് ലേഖൻ.
കൂടപ്പിറപ്പുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി കടബാധ്യതകൾ അവസാനിക്കുമ്പോഴേക്കും ലേഖന്റെ ജീവിതത്തിലെ നല്ല സമയങ്ങൾ പ്രവാസിയായി കഴിഞ്ഞിരുന്നു. അമ്മയുടെ മരണം, സഹോദരിയുടെ വിവാഹം, ഒടുവിൽ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ പോലുമാകാതെ കഴിഞ്ഞ വർഷങ്ങളത്രയും ലേഖൻ ഒമാനിൽ കഴിയുകയായിരുന്നു.
വിസയും മതിയായ രേഖകളും ഇല്ലാതെ വർഷങ്ങളായി കഴിഞ്ഞ ഇദ്ദേഹത്തിന്റെ സ്ഥിതി മനസ്സിലാക്കി കെ.എം.സി.സി ഭാരവാഹികളായ റഫീഖ് ശ്രീകണ്ഠപുരം, അമീർ കാവനൂർ, മുഹമ്മദ് വാണിമേൽ, സുലൈമാൻ തൃക്കരിപ്പൂർ, അശ്രഫ് കിണവക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് വൈദ്യസഹായവും ഭക്ഷണവും ഒപ്പം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള രേഖകളും തയാറാക്കിയത്.
തൊഴിൽ മന്ത്രാലയത്തിൽ ഇടപെട്ട് ഇദ്ദേഹത്തിന്റെ പിഴ ഒഴിവാക്കുകയും റോയൽ ഒമാൻ പൊലീസ് വഴി യാത്രാ രേഖകളും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് എമർജൻസി പാസ്സ്പോർട്ടും മലബാർ ഗോൾഡിന്റെ സഹായത്തോടെ നാട്ടിലേക്കുള്ള ടിക്കറ്റും ശരിയാക്കുകയായിരുന്നു.
അവിവാഹിതനായ ലേഖന് ബന്ധുക്കൾ മാത്രമാണുള്ളത്. ഭവന രഹിതരായ ഇവരാകട്ടെ കൂലിവേല ചെയ്തു വാടകവീട്ടിലാണ് താമസിക്കുന്നത്. കാഴ്ചശക്തി നഷ്ടപ്പെടുകയും നിരവധി രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ സ്ഥിതി വഷളാകും എന്നതിനാൽ മസ്കത്ത് കെ.എം.സി.സി ദേശീയ കമ്മിറ്റി മുൻ ട്രഷററും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.യൂസഫ് സലിം, പത്തനാപുരം ഗാന്ധിഭവൻ കോഓഡിനേറ്റർ സിദ്ദീഖ് മംഗലശ്ശേരി, സെക്രട്ടറി സോമരാജൻ എന്നിവരുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന്, ലേഖൻ സുകേഷനു ‘ഗാന്ധിഭവനിൽ’ എല്ലാ സൗകര്യങ്ങളും നൽകി പാർപ്പിക്കുന്നതിന് വേണ്ട ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.