തണുപ്പ് എത്താൻ വൈകുന്നു ; കമ്പിളി വിപണി തണുത്തുതന്നെ
text_fieldsസോഹാർ: ഡിസംബർ പകുതിയായിട്ടും മേഖലയിൽ തണുപ്പ് എത്താത്തതിനാൽ കമ്പിളി വിപണി തണുത്തുതന്നെ. സൂക്കുകളിലും മാർക്കറ്റുകളിലും കമ്പളിയും ഷാളും സ്വെറ്ററും തൊപ്പിയുമൊക്കെ വിൽപനക്കുവെച്ച കടകളിൽ ആവശ്യക്കാർ എത്തുന്നില്ലെന്നതാണ് അവസ്ഥ. കൊറോണ മൂലം പ്രതിസന്ധിയിലായിരുന്ന കച്ചവടം ഉണർന്നുവരുന്ന സമയമായിരുന്നതിനാൽ തണുപ്പ് സീസൺ കണക്കാക്കി നല്ല സ്റ്റോക്ക് തന്നെ ഒരുക്കിയിരുന്നെന്ന് 20 വർഷമായി സീബ് സൂക്കിൽ പുതപ്പും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കൂത്തുപറമ്പ് സ്വദേശി മജീദ് പറയുന്നു.
സാധാരണ നവംബർ അവസാനവും ഡിസംബർ ആദ്യം മുതലും നല്ല തണുപ്പ് അനുഭവപ്പെടേണ്ടതാണ്. ഇത്തവണ അത് നീണ്ടുപോയതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയത്. സ്കൂൾ അവധിയും ക്രിസ്മസ്-പുതുവർ സീസണും ആയതിനാൽ പ്രവാസികൾ നാട്ടിലേക്ക് പോകേണ്ട സമയമാണ്. എന്നിട്ടും വിപണി ഉണർന്നില്ലെന്നതാണ് കച്ചവടക്കാരിൽ ആശങ്ക ഉയർത്തുന്നത്. വലിയ കച്ചവടം എന്നു പറയാൻ കഴിയില്ലെങ്കിലും ഫുട്ബാൾ കളിയുള്ളതുകൊണ്ട് ചെറിയ കച്ചവടം നടക്കുന്നതായി സോഹാർ സൂക്കിലെ കച്ചവടക്കാരൻ തലശ്ശേരി സ്വദേശി മഷൂദ് പറയുന്നു.
പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലുള്ള പ്രവാസികളാണ് കമ്പിളികളുടെയും തൊപ്പി, ഷാൾ എന്നിവയുടെയും കൂടുതൽ ആവശ്യക്കാർ. ഇവർ നാട്ടിലേക്ക് പോകുമ്പോൾ പ്രധാനമായും കൊണ്ടുപോകുന്ന സാധനങ്ങളിലൊന്ന് ഇവയാണ്. വലിയ മാളുകളിൽ സീസൺ ആവുമ്പോഴേക്കും ഓഫറുകൾ വരാറുണ്ട്.
ഒരുപരിധി വരെ ചെറിയ കടക്കാർക്ക് കച്ചവടം കുറയുന്നതിന്റെ ഒരു കാരണവും ഇതാണെന്നു കാബൂറയിലെ കടക്കാർ പറയുന്നു.തണുപ്പ് സീസണിൽ കൂടുതൽ വിറ്റുപോകുന്നത് ടെൻറും ഗ്രിൽ ചെയ്യുന്നതും കോഴി ചുടുന്നതുമായ ബാർബിക്യു ഐറ്റംസുമാണ്. ലോകകപ്പ് ഫുട്ബാൾ നടക്കുന്നതുകൊണ്ട് പുറത്ത് പാർക്കിൽ ഇരുന്നുള്ള ഭക്ഷണം പാകംചെയ്യൽ കുറവാണ്.ഫൈനൽ കഴിയുന്നതോടെ തണുപ്പ് കൂടുകയും ആളുകൾ പുറത്തേക്കുപോകാൻ തുടങ്ങുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.