സേവനങ്ങൾ പുനഃസ്ഥാപിക്കൽ പ്രവർത്തനം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട ദോഫാർ ഗവർണറേറ്റിലെ വിവിധ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. സേവനങ്ങൾ പുനഃസ്ഥാപിക്കാൻ ഈ മേഖലയിലെ ഫീൽഡ് റെസ്പോൺസ് ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബേസിക് സർവിസസ് സെക്ടർ കോഓഡിനേറ്റർ എൻജിനീയർ അബ്ദുല്ല ബിൻ മുബാറക് അൽ ഹാഷിമി പറഞ്ഞു. റോഡുകളിലേക്ക് വീണുകിടക്കുന്ന പാറക്കല്ലുകളും ചളിയും മറ്റും നീക്കി റോഡുകൾ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
കനത്ത മഴയെത്തുടർന്ന് ധൽകൂത്ത് ഡീസലൈനേഷൻ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിയിട്ടുണ്ടെന്നും അത് പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ബാർഖിയുത്ത് ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറേറ്റിലെ ഒട്ടുമിക്ക വിലായത്തുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. റഖ്യൂത് വിലായത്തിലെ അർദിത്, ഷർഷിതി, ഷാത്ത് എന്നിവിടങ്ങളിലും ഖദ്ർഫി ഏരിയയിലും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്ത്, വൈദ്യുതി ഭാഗികമായി വിച്ഛേദിക്കപ്പെട്ട ധൽകൂത്തിൽ സർവിസ് പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറേറ്റിലെ ആശയവിനിമയ ശൃംഖലകളും ഇന്ധന സ്റ്റേഷനുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകൾ നടത്തിയിരുന്നു. ചില സ്റ്റേഷനുകൾ വൈദ്യുതി തകരാറിനെത്തുടർന്ന് നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.