റമദാനിലെ തൊഴിൽസമയ ക്രമീകരണവും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും
text_fieldsറമദാൻ വ്രതം ആരംഭിക്കുന്നതിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്. റമദാനിൽ സാധാരണ രീതിയിൽ തൊഴിൽ സമയത്തിൽ പുനഃക്രമീകരണം ഉണ്ടാകാറുണ്ട്. പലർക്കും ഇതിനെക്കുറിച്ച് കൃത്യമായി അറിവില്ലാത്തതിനാൽ സമയക്രമീകരണത്തിെൻറ ആനുകൂല്യങ്ങൾ ലഭിക്കാതെപോകാറുണ്ട്. റമദാനിൽ മുസ്ലിംകൾ അല്ലാത്തവർക്ക് പകൽ സമയത്ത് അവരുടെ വാഹനങ്ങളിലിരുന്ന് ആഹാരപാനീയങ്ങൾ കഴിക്കുന്നത് അനുവദനീയമാണോ? അതുപോലെ റമദാനിൽ പൊതു സമൂഹത്തിലുള്ള പെരുമാറ്റങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് നൽകുകയാണെങ്കിൽ ഉപകാരപ്രദമാകും.
–അബ്ദുൽ വഹാബ്, തളിപ്പറമ്പ്
മുസ്ലിം സമുദായം ആത്മവിശുദ്ധിക്കായി സ്വയം സമർപ്പിക്കുന്ന റമദാനിൽ പതിവ് തൊഴിൽ സമയക്രമത്തിൽനിന്ന് മാറി ഒമാനിലെ ഓഫിസ്-തൊഴിൽ സമയങ്ങൾ പുനഃക്രമീകരിക്കാറുണ്ട്. ഒമാൻ തൊഴിൽ നിയമം (റോയൽ ഡിക്രി 35/ 2003) ഭാഗം നാല് ആർട്ടിക്കിൾ 68 പ്രകാരമാണ് റമദാനിലെ തൊഴിൽ സമയ ക്രമീകരണം. ഇതിെൻറ അടിസ്ഥാനത്തിൽ റമദാനിൽ ദിനേന ആറു മണിക്കൂർ മാത്രമാണ് മുസ്ലിം ജീവനക്കാരുടെ പ്രവൃത്തി സമയം, ആഴ്ചയിൽ 30 മണിക്കൂറും. പ്രവൃത്തിസമയ ക്രമീകരണം സംബന്ധിച്ച് മന്ത്രിതല ഉത്തരവുകളും കാലാകാലങ്ങളിലുണ്ടാകാറുണ്ട്. തൊഴിൽനിയമ പ്രകാരമുള്ള ഇൗ ക്രമീകരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിലെ നിയമലംഘനത്തിന് വിധേയരാകുന്ന ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് പിഴത്തുക നിർണയിക്കുക. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാനും വ്യവസ്ഥയുണ്ട്. നിയമലംഘനം സംബന്ധിച്ച പരാതി നൽകേണ്ടത് മാനവ വിഭവ മന്ത്രാലയത്തിലെ ലേബർ വെൽഫെയർ ഡയറക്ടർ ജനറലിനാണ്.
ഇതോടൊപ്പം പൊതുസമൂഹം റമദാനിൽ പാലിക്കേണ്ട നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ഒമാൻ ശിക്ഷ നിയമം 49ാം വകുപ്പ് പ്രകാരം താഴെ പറയുന്ന നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ക്രിമിനൽ ബാധ്യതകളിൽനിന്ന് ഒമ്പത് വയസ്സിൽ താഴെയുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ പ്രായം ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ചുമതലപ്പെട്ടവർ മറ്റു മാർഗങ്ങളുപയോഗിച്ച് കണ്ടെത്തുന്നതാണ്. നിയമ ലംഘനങ്ങൾ ചുവടെ;
ഒമാൻ ശിക്ഷ നിയമം 277ാം വകുപ്പ് അനുസരിച്ച് പകൽ സമയം (നോമ്പ് തുറക്കുന്നത് വരെയുള്ള സമയം) പൊതുനിരത്തിൽ ആഹാരപാനീയങ്ങൾ പരസ്യമായ രീതിയിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് പത്തു ദിവസത്തിൽ കുറയാത്തതും മൂന്നു മാസത്തിൽ അധികരിക്കാത്തതുമായ ജയിൽ ശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. ഡ്രൈവിങ് സമയത്ത് ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതുമൊക്കെത്തന്നെ റോഡ് സുരക്ഷ നിയമവ്യവസ്ഥ അനുസരിച്ചും ശിക്ഷാർഹമാണ്. പാർക്ക് ചെയ്ത വാഹനത്തിലിരുന്ന് റമദാനിൽ പകൽ സമയത്ത് ആഹാരം കഴിക്കുന്നത് പൊതുസ്ഥലത്തും മറ്റുള്ളവർ കാണുന്ന തരത്തിലുമാണെങ്കിൽ ശിക്ഷാർഹമാണ്.
(ഒമാനിലെ പ്രവാസി സമൂഹത്തിന് നിയമങ്ങളെക്കുറിച്ചു അറിവ് നൽകുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. ആധികാരിക വിവരങ്ങൾക്ക് ഔദ്യോഗിക രേഖകളെ മാത്രം ആശ്രയിക്കുക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.