ലോകകപ്പ് ആവേശത്തിൽ ഒമാൻ കളി ജ്വരത്തിൽ പ്രവാസി മലയാളികളും
text_fieldsമസ്കത്ത്: ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിലേക്ക് കടന്നതോടെ ഒമാനിലും ആവേശം പെരുകി. ഏറ്റവും കൂടുതൽ ആരാധകരുള്ള അർജൻറീനയും ബ്രസീലും വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ കളത്തിലിറങ്ങിയത് കളി കാണുന്നതിനുള്ള തിരക്ക് വർധിക്കാൻ കാരണമായി. വാരാന്ത്യ അവധി ദിവസങ്ങളിൽ പ്രധാന ടീമുകൾ ക്വാർട്ടറിൽ ഏറ്റുമുട്ടാനെത്തിയത് കൂടുതൽ ഫുട്ബാൾ പ്രേമികൾക്ക് കളികാണാൻ സൗകര്യമായി.
അവധി ദിവസമായതിനാലാണ് പുലർച്ചെ ഒരു മണിവരെ നീണ്ട അർജൻറീന- നെതർലാൻഡ്സ് ഏറ്റുമുട്ടൽ പലർക്കും കാണാൻ കഴിഞ്ഞത്. ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് ലോകകപ്പ് കാണാൻ ഏറ്റവും കൂടുതൽ സൗകര്യം ഒരുക്കിയിരിക്കുന്നത്. കളിക്കൊപ്പം ഭക്ഷണത്തിനും മറ്റ് വിനോദങ്ങൾക്ക് സൗകര്യമൊരുക്കിയതിനാൽ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കളികാണാനെത്തുന്നവർ തലേ ദിവസം ബുക്ക് ചെയ്യണമെന്ന വ്യവസ്ഥയുള്ളത് തിരക്ക് കുറക്കാൻ കാരണമായിട്ടുണ്ട്. വിവിധ ടീമുകളുടെ ആരാധകർ ജഴ്സി അണിഞ്ഞാണെത്തുന്നത്. മൊറോക്കോ ടീം ഇറങ്ങുന്ന ദിവസമാണ് ഇവിടെ കൂടുതൽ കാണികളെത്തുന്നത്. ഒമാനിലെ മൊറോക്കാക്കാരിൽ നിരവധി പേരാണ് ഇവിടെ എത്തുന്നത്. അതോടൊപ്പം സ്വദേശികളിൽ ഒരു വിഭാഗവും മൊറോക്കോക്ക് പിന്തുണയുമായി രംഗത്തുണ്ട്.
എന്നാൽ ഒമാനിൽ പൊതുസ്ഥലങ്ങളിൽ കളി കാണാൻ വലിയ സൗകര്യമില്ലാത്തതിനാൽ ബഹുഭൂരിപക്ഷവും വീട്ടിലിരുന്നാണ് കളി കാണുന്നത്. കുറെ കുടുംബങ്ങൾ ചില വീടുകളിൽ ഒത്തുകൂടി കളി കാണുന്നുമുണ്ട്. ചില സംഘടനകളും കൂട്ടായ്മകളും സ്ഥാപനങ്ങളും തങ്ങളുടെ ഓഫിസുകളിൽ കളി കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെ വിവിധ രാജ്യങ്ങളുടെ ഫാനുകളായി തിരിഞ്ഞ് കളികാണുന്നത് ആവേശം വർധിപ്പിച്ചിട്ടുണ്ട്. 13,14 തീയതികളിൽ നടക്കുന്ന സെമി ഫൈനലും 18 ന് നടക്കുന്ന ഫൈനലും ഒന്നിച്ചിരുന്ന് കാണാൻ ഒമാനിലെ നിരവധി കൂട്ടായ്മകൾ ഇപ്പോൾ തന്നെ പദ്ധതി തയാറാക്കുന്നുണ്ട്.
ചില ഹോട്ടലുകളും മറ്റും കളി കാണുന്നതിന് സ്ക്രീൻ ഒരുക്കിയത് പലർക്കും സൗകര്യമാവുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കളി ആവേശത്തിൽ പലരും ദീർഘനേരം നിന്നാണ് ഇവിടങ്ങളിൽ കളി കാണുന്നത്. മറ്റ് സൗകര്യമില്ലാത്തതിനാൽ ഫോണിലും ഓൺലൈനിലും കളികാണുന്നവരും നിരവധിയാണ്.
കളി മുറുകിയതോടെ പ്രവാസി മലയാളികളുടെ പ്രാധാന ചർച്ച വിഷയം ഫുട്ബാൾ തന്നെയാണ്. ഹോട്ടലുകളിലും ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിലും ചർച്ചയിലെത്തുന്നത് മെസ്സിയും നെയ്മറും സ്വർണകപ്പുമൊക്കെയാണ്. കപ്പ് ആർക്ക് ലഭിക്കുമെന്ന വിഷയത്തിലും പ്രവചനങ്ങൾ നടക്കുകയാണ്. അർജൻറീനക്ക് കപ്പ് കിട്ടുമെന്ന് പറയുന്നവരും ഫ്രാൻസിനാണ് സാധ്യതയെന്നുമൊക്കെ വാദിക്കുന്നവരും നിരവധിയാണ്. കഴിഞ്ഞ വർഷത്തെ ഫൈനൽ ടീമുകളായ ഫ്രാൻസും ക്രൊയേഷ്യയും ഫൈനലിലെത്തുമെന്ന് വാദിക്കുന്നരുമുണ്ട്.
ക്രൊയേഷ്യയും മൊറോക്കോയും ഫൈനലിലെത്തണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഞായറാഴ്ച വാരാന്ത്യ അവധി കഴിഞ്ഞെത്തുമ്പോൾ ഓഫിസുകളിലും സ്ഥാപനങ്ങളിലും പ്രധാന വിഷയം കാൽപന്ത് കളി തന്നെയാവും.ഇനി ഫുട്ബാൾ മാമാങ്കം കഴിയുന്നത് വരെ ഒമാനിലും കളി തന്നെയായിക്കും മുഖ്യ വിഷയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.