ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യോഗ്യത ലീഗ് രണ്ട്: ഒമാൻ യു.എ.ഇ മത്സരം ഇന്ന്
text_fieldsമസ്കത്ത്: അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലേക്ക് യോഗ്യത നേടുന്നതിനായുള്ള ലീഗ്-രണ്ട് മത്സരങ്ങളിലെ അടുത്ത ഘട്ടത്തിന് ശനിയാഴ്ച യു.എ.ഇയിൽ തുടക്കമാകും. ഒമാൻ, യു.എ.ഇ, നമീബിയ ടീമുകളാണ് ഈ ഘട്ടത്തിൽ മാറ്റുരക്കുക. ആദ്യ മത്സരത്തില്‍ ഒമാന്‍ യു.എ.ഇയെ നേരിടും.
ദുബൈ സ്പോര്‍ട്സ് സിറ്റിയിലെ ഐ.സി.സി അക്കാദമി ഗ്രൗണ്ടില്‍ രാവിലെ 9.30നാണ് മത്സരം. യു.എ.ഇയുമായി രണ്ടും നമീബിയയുമായി മൂന്നും മത്സരങ്ങളാണ് ഒമാനുള്ളത്. ഏഴു ടീമുകൾ മാറ്റുരക്കുന്ന ലീഗ് രണ്ട് ഗ്രൂപ്പിൽനിന്ന് ഒരു ടീമാണ് നേരിട്ട് അടുത്തവർഷത്തെ ലോകകപ്പിന് യോഗ്യത നേടുക. രണ്ടു മുതൽ അഞ്ചുവരെ സ്ഥാനത്തുള്ള ടീമുകൾ പ്ലേ ഓഫ് കളിച്ച് ഒരു ടീമിനും യോഗ്യത നേടാം.
ഓരോ ടീമിനും 36 മത്സരങ്ങളാണുള്ളത്. നിലവിൽ 23 മത്സരങ്ങളിൽനിന്ന് 14 ജയവും ഏഴു തോൽവിയും ഒരു ടൈയുമായി 30 പോയന്റുള്ള ഒമാൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടു. എന്നാൽ രണ്ടാം സ്ഥാനത്തുള്ള സ്കോർട്ലൻഡിന് 16 പോയന്റും മൂന്നാം സ്ഥനത്തുള്ള യു.എ.ഇക്കു 14ഉം നാലാം സ്ഥാനത്തുള്ള അമേരിക്കക്ക് 12 പോയന്റുമാണുള്ളത്. എന്നാൽ ഇവരെല്ലാം യഥാക്രമം 12, 16, 10 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.
അധികം മത്സരങ്ങൾ കളിച്ച ഒമാന്‍ ഇനിയുള്ള ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്. എന്നാൽ കഴിഞ്ഞ നാളുകളിൽ ഹോം ഗ്രൗണ്ടിൽ ഒമാന്റെ പ്രകടനം മികച്ചതായിരുന്നില്ല. ട്വന്റി20 ലോകകപ്പിന്ശേഷം ഈയിടെ നടന്ന യു.എ.ഇ.ക്കെതിരായ ഏകദിന പരമ്പര, ചതുർരാഷ്ട്ര ട്വന്റി20 പരമ്പര, ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരം ഇവയിലെല്ലാം നിറംമങ്ങിയ പ്രകടനമാണ് ഒമാൻ കാഴ്ച്ചവെച്ചത്. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് എന്നിവയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ആരും തന്നെയില്ല.
എന്നാൽ സ്വന്തം ഗ്രൗണ്ടിൽ പൊതുവെ നിറം മങ്ങുന്ന ഒമാൻ ക്രിക്കറ്റ് ടീം വിദേശ മണ്ണിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാറുണ്ട്. വെല്ലുവിളികൾ നിറഞ്ഞ ഘട്ടമാണ് മുന്നിലുള്ളതെന്നും പുതിയ അന്തരീക്ഷത്തിൽ കൂടുതൽ കരുത്തോടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീം തയാറാണെന്ന് കോച്ച് ദിലീപ് മെന്റിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.