ലോകകപ്പ് ഫുട്ബാൾ യോഗ്യത: ഇന്ന് ഒമാൻ-ഇറാഖ് പോര്
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിനായി ഒമാൻ ചൊവ്വാഴ്ച ഇറങ്ങും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന കളിയിൽ ഇറാഖാണ് എതിരാളികൾ. രാത്രി എട്ടിനാണ് കിക്കോഫ്.
കഴിഞ്ഞ ദിവസം ഫലസ്തീനെതരെ നേടിയ വിജയത്തിന്റെ ആത്മ വിശ്വാസത്തിലാണ് കോച്ച് റഷീദും ജാബിറും സ്വന്തം തട്ടകത്തിൽ ബൂട്ടുകെട്ടി ഇറങ്ങുന്നത്. ദേശീയ ദിനാഘോഷവേളയിൽ നടക്കുന്ന കളിയായതിനാൽ കൂടുതൽ കാണികൾ ഒഴുകും. ഇത് ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
അതേസമയം, കഴിഞ്ഞ കളിയിൽ ജോർഡനെതിരെ സമനിലയുമായാണ് ഇറാഖ് ഒമാനിൽ പോരാട്ടത്തിനിറങ്ങുന്നത്. മുന്നോട്ടുള്ള പോക്ക് കൂടുതൽ സുഗമമാകണമെങ്കിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇറാഖും ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം കനക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ സെപ്റ്റംബറിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇറാഖിനൊപ്പമായിരുന്നു വിജയം. ഇന്നും വിജയം തുടർന്ന് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനായിരിക്കും ഇറാഖ് ശ്രമിക്കുക. മികച്ച പന്തടക്കവും കളിയും കാഴ്ചവെക്കുന്നുണ്ടെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചയാണ് റെഡ്വാരിയേഴ്സിന് തിരിച്ചടിയാകുന്നത്.
ഇത് പരിഹരിച്ചായിരിക്കും സ്വന്തം കാണികൾക്ക് മുന്നിൽ പന്ത് തട്ടുക. കോച്ചിന്റെ കീഴിൽ ഊർജിത പരിശീലനമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഫലസ്തീനെതിരെയുള്ള വിജയം ഗ്രൂപ്പിൽനിന്ന് നേരിട്ട് യോഗ്യതനേടാമെന്നുള്ള ഒമാന്റെ പ്രതീക്ഷക്ക് ജീവൻവെപ്പിച്ചിട്ടുണ്ട്. ഗ്രൂപ് ബിയിൽ അഞ്ച് കളിയിൽനിന്ന് 13 പോയന്റുമായി ദക്ഷിണകൊറിയ ഏറക്കുറെ യോഗ്യത ഉറപ്പിച്ച സ്ഥിതിയിലാണ്.
എട്ടുപോയന്റ് വീതമുള്ള ജോർഡനും ഇറാഖുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ആറുപോയന്റുമായി ഒമാൻ നാലാം സ്ഥാനത്താണ്.
അഞ്ചും ആറും സ്ഥാനത്ത് കുവൈത്തും ഫലസ്തീനുമാണ് . ഇന്നത്തെ മത്സരത്തിൽ ഇറാഖിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞാൽ പോയന്റ് പട്ടികയിൽ ഉയരാൻ സാധിക്കും. ജോർഡനെ സമനിലയിൽ പിടിക്കുകയും ചെയ്താൽ നേരിട്ടുതന്നെ യോഗ്യത നേടാം എന്നുള്ള പ്രതീക്ഷയും ആരാധകർക്കുണ്ട്. അതോടൊപ്പം മറ്റു ടീമുകളുടെ പ്രകടനവും നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.