ലോകകപ്പ് ഫുട്ബാൾ യോഗ്യത; വിജയത്തോടെ തുടങ്ങാൻ ഒമാൻ ഇന്നിറങ്ങും
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യതാമത്സരങ്ങൾ വിജയത്തോടെ തുടങ്ങാൻ ഒമാൻ ഇന്നിറങ്ങും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന മത്സരത്തിൽ ചൈനീസ് തായ്പേയ് ആണ് എതിരാളി. മികച്ച വിജയം നേടി വരും മത്സരങ്ങളിലേക്ക് ആത്മവിശ്വാസം വർധിപ്പിക്കാനായിരിക്കും റെഡ് വാരിയേഴ്സ് ശ്രമിക്കുക. ഇതിന്റെ ഭാഗമായി കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്റെ കീഴിൽ കഠിന പരിശീലനത്തിലായിരുന്നു ടീം അംഗങ്ങൾ. ഫിഫ റാങ്കിങ്ങിൽ ഒമാനേക്കാൾ വളരെ പിന്നിലാണെങ്കിലും തങ്ങളുടെ ദിവസങ്ങളിൽ മികച്ച കളി പുറത്തെടുക്കുന്നവരാണ് ചൈനീസ് തായ്പേയ്. ഗ്രൂപ്പിലെ ഒമാന്റെ രണ്ടാം മത്സരം നവംബർ 21ന് നടക്കും.
കിർഗിസ്താനാണ് എതിരാളികൾ. കിർഗിസ്താനിലെ സ്പാർട്ടക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ആറു മണിക്കാണ് കളി. മലേഷ്യയാണ് ഗ്രൂപ്പിൽ വരുന്ന മറ്റൊരു ടീം. അടുത്ത കാലത്തായി മികച്ച ഫോമിലാണ് ഒമാൻ പന്തുതട്ടുന്നത്. ഇത് ടീമിന് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്. ടിക്കറ്റുകൾ ഒമാൻ ഓയിൽ പെട്രോൾ പമ്പുകളോട് ചേർന്നുള്ള സ്റ്റോറുകളിൽ കഴിഞ്ഞ ദിവസം മുതൽ വിറ്റുതുടങ്ങിയിരുന്നു. ഗാലറി ടിക്കറ്റിന് രണ്ട് റിയാൽ ആണ് നിരക്ക്.
ഫൈനൽ റൗണ്ടിലേക്ക് കണ്ണുംനട്ട്
ഒന്നിലേറെ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് കണ്ണുംനട്ടാണ് റെഡ് വാരിയേഴ്സ് കളത്തിലിറങ്ങുന്നത്. യോഗ്യതാറൗണ്ട് നറുക്കെടുപ്പിൽ പോട്ട് രണ്ടിൽ ഇടംപിടിച്ച ഒമാന് ആദ്യ റൗണ്ട് കളിക്കേണ്ടിവന്നിരുന്നില്ല. റാങ്കിന്റെ അടിസ്ഥാനത്തിൽ രണ്ടാം റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. 2026ലെ ലോകകപ്പിൽ ആകെ ടീമുകളുടെ എണ്ണം 48 ആയി ഉയരുമ്പോൾ ഏഷ്യൻ പ്രാതിനിധ്യം വർധിക്കും. ഇത് ഒമാന്റെ പ്രതീക്ഷകൾ ഉയർത്തുന്ന ഘടകമാണ്.
രണ്ടാം റൗണ്ട് യോഗ്യതാ റൗണ്ടിൽ ഒമ്പത് ഗ്രൂപ്പുകളിൽ നാല് ടീമുകൾ വീതം ആകെ 36 ടീമുകൾ ആണ് മാറ്റുരക്കുക. ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് മത്സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത റൗണ്ടിൽ പ്രവേശിക്കും. ഇങ്ങനെ വരുന്ന പതിനെട്ട് ടീമുകൾ, ആറെണ്ണം വീതം മൂന്ന് ഗ്രൂപ്പുകളിലായി മാറ്റുരക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ഗ്രൂപ്പുകളിൽ മൂന്നും നാലും സ്ഥാനത്തുവരുന്ന ആറ് ടീമുകൾ, മൂന്ന് ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളിൽ പരസ്പരം ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ നേരിട്ട് ലോകകപ്പിന് യോഗ്യതനേടും. ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാർ പരസ്പരം ഏറ്റുമുട്ടി ഇതിൽനിന്നും ഒരു ടീം പ്ലേ ഓഫിന് യോഗ്യത നേടും. ഇങ്ങനെ യോഗ്യത നേടുന്ന ടീം മറ്റു ഭൂഖണ്ഡങ്ങളിൽനിന്നുള്ള ടീമുമായി പ്ലേ ഓഫിൽ ഏറ്റുമുട്ടി ജയിക്കുന്നപക്ഷം അവർക്കും ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കും. അതായത് ഏഷ്യൻ മേഖലയിൽനിന്ന് എട്ടോ ഒമ്പതോ ടീമുകൾക്ക് അവസരം ലഭിക്കും എന്നർഥം. അതുകൊണ്ടുതന്നെ ലോകകപ്പ് അവസാന റൗണ്ടിൽ കളിക്കുക എന്ന സ്വപനം ഇത്തവണ പൂവണിയും എന്ന ഉറച്ച വിശ്വാസത്തിലാണ് റെഡ്വാരിയേഴ്സിന്റെ ആരാധകർ.
കാര്യങ്ങൾ എളുപ്പമാകില്ല
എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നാണ് കളിവിദഗ്ധർ പറയുന്നത്. രണ്ടാം റൗണ്ടിൽ ഒമാന് നേരിടാനുള്ളത് ചൈനീസ് തായ്പേയ്, കിർഗിസ്താൻ, മലേഷ്യ എന്നീ ടീമുകളെയാണ്. ഇവരെ നിലവിലെ ഫോമിൽ കീഴടക്കുക എളുപ്പമായിരിക്കും. എന്നാൽ, അടുത്ത റൗണ്ടിൽ കൂടുതൽ കരുത്തരായ എതിരാളികൾ ആയിട്ടായിരിക്കും ഏറ്റുമുട്ടേണ്ടിവരുക. സാധാരണ എല്ലാ ലോകകപ്പിലും ഏഷ്യയിൽനിന്ന് കളിക്കുന്ന ജപ്പാൻ, ആസ്ട്രേലിയ, സൗദി അറേബ്യ, സൗത്ത് കൊറിയ, ഇറാൻ എന്നീ അഞ്ചു ടീമുകളും അടുത്ത തവണയും യോഗ്യത നേടും എന്നുറപ്പാണ്.
ബാക്കിയുള്ള മൂന്നോ, നാലോ ടീമുകൾക്കായി ഖത്തർ, യു.എ.ഇ, വടക്കൻ കൊറിയ, ഇറാഖ്, കസാഖ്സ്താൻ, തായ്ലൻഡ്, വിയറ്റ്നാം, ജോർഡൻ, ബഹ്റൈൻ എന്നിങ്ങനെ പത്തോളം ടീമുകൾ ശക്തമായി തന്നെ മത്സരിക്കുന്നുണ്ട് എന്നത് ഒമാന് ഏറെ വെല്ലുവിളി ഉയർത്തുന്ന ഘടകമാണ്. യോഗ്യത നേടും എന്നുറപ്പിച്ചഘട്ടത്തിൽ പലപ്പോഴും വിലങ്ങുതടിയായ ജപ്പാൻ, ആസ്ട്രേലിയ ടീമുകൾ ഇത്തവണ ഒരേ ഗ്രൂപ്പിൽ വരില്ല എന്ന പ്രതീക്ഷയിലാണ് ഒമാൻ. യോഗ്യത നേടുന്ന അവസാന ടീമുകളെ അറിയാൻ രണ്ടു വർഷത്തോളം കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.