ലോകകപ്പ് ഫുട്ബാൾ യോഗ്യത; ജോർഡനിലും ജോറാവാൻ ഒമാൻ
text_fieldsമസ്കത്ത്: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ തുടർ വിജയം ലക്ഷ്യമിട്ട് ഒമാൻ ചൊവ്വാഴ്ച ജോർഡനെ നേരിടും. അമ്മാൻ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒമാന്‍ സമയം രാത്രി എട്ടി നാണ് മത്സരം.
കുവൈത്തിനെതിരെ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോച്ച് റഷീദ് ജാബിറിന്റെ കുട്ടികൾ ഇന്ന് ബൂട്ടു കെട്ടിയിറങ്ങുന്നത്. മുന്നോട്ടുപോക്ക് സുഗമമാക്കണമെങ്കിൽ റെഡ് വാരിയേഴ്സിന് വിജയം അനിവാര്യമാണ്. അമ്മാനിലെത്തിയ ടീം കോച്ചിന്റെ നേതൃത്വത്തിൽ അൽ കരാമ ഗ്രൗണ്ടിലാണ് ഞായറാഴ്ച പരിശീലനം നടത്തിയത്.
കഴിഞ്ഞ കളിയിൽ പ്രകടനത്തിൽനിന്ന് ചില മേഖലകളിൽ ഇനിയും മുന്നേറാനുണ്ടെന്നാണ് കോച്ച് വിലയിരുത്തിയിട്ടുള്ളത്. ഇത് പരിഹരിക്കാനുള്ള നിർദേശങ്ങളായിരുന്നു ക്യാമ്പിൽ നൽകിയിരുന്നത്. കളിക്കാർക്ക് പരിക്കില്ലെന്നതും കോച്ചിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. കഴിഞ്ഞ കളിയിലെ ടീമിനെ നിലനിർത്താനാണ് ഇന്നും സാധ്യത. എന്നാൽ, യുവതാരങ്ങൾക്ക് അവസരങ്ങൾ നൽകിയേക്കും. കഴിഞ്ഞ കളിയിലെപോലെ പ്രതിരോധ -മുന്നേറ്റ നിരകൾ ചൊവ്വാഴ്ച കരുത്തുകാണിച്ചാൽ റെഡ് വാരിയേഴ്സിനെ മറികടക്കാൻ ജോർഡന് നന്നായി വിയർപ്പൊഴുക്കേണ്ടിവരും. എന്നാൽ, ഗ്രൂപ് ബിയില്‍ പോയന്റ് പട്ടികയില്‍ ഒമാന്റെ മുന്നില്‍ മൂന്നാം സ്ഥാനത്തുള്ള ജോര്ഡന് കരുത്തരായ എതിരാളികളാണ്.
അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങിയതിനാല്‍ ഇന്നത്തെ മത്സരം ജോർഡനും നിർണായകമാണ്. സ്വന്തം കാണികൾക്ക് മുന്നിലാണ് പന്തുതട്ടാനിറങ്ങുന്നത് എന്നുള്ളതും പ്രതീക്ഷ നൽകുന്ന കാര്യമാണ്. അതേസമയം, ടീമിന് പിന്തുണയുമായി ഇതിനകം നിരവധി ഒമാൻ ആരാധകർ ജോർഡനിലെത്തിയിട്ടുണ്ട്. മത്സരത്തിന് ടീം സജ്ജമാണെന്നും ടീമിലെ ഓരോ താരങ്ങളും മികച്ച പ്രകടനം നടത്താൻ കെൽപ്പുള്ളവരാണെന്ന് കോച്ച് റഷീദ് ജാബിർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഹോം മാച്ചായാലും എവേ മാച്ചായാലും മനസ്സാന്നിധ്യം വളരെ അധികം പ്രധാനമുള്ള ഘടകമാണ്. വ്യക്തിഗത പ്രകടനത്തേക്കാൾ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.