ലോകകപ്പ് ഫുട്ബാൾ യോഗ്യത: തുടർ തോൽവി, നെഞ്ചിടിപ്പോടെ ആരാധകർ
text_fieldsമസ്കത്ത്: 2026 ലോകകപ്പ് യോഗ്യത എന്ന ഒമാന്റെ ചിരകാലാഭിലാഷത്തിന് മുകളിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടുള്ള തുടർച്ചയായ രണ്ടാം പരാജയം ഫുട്ബാൾ ആരാധകരെ കടുത്ത നിരാശയിലാക്കുന്നു. ഗ്രൂപ് ബിയിലെ ആദ്യ രണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയന്റ് ഒന്നും ലഭിക്കാതെ അവസാന സ്ഥാനത്താണ് ഒമാൻ. ദക്ഷിണ കൊറിയ, ജോർഡൻ, ഇറാഖ് എന്നീ ടീമുകൾക്ക് നാല് പോയന്റുകൾ വീതമാണുള്ളത്.
മറ്റു ടീമുകളായ കുവൈത്തിന് രണ്ടും ഫലസ്തീന് ഒരു പോയന്റുമാണ് ഉള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന്റെ ഫൈനൽ റൗണ്ടിൽ എത്തുക. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ട് യോഗ്യതാ മത്സരത്തിന് അർഹത നേടും. ഇനിയും എട്ടു മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും തുടക്കത്തിലേ ലഭിച്ച തിരിച്ചടിയിൽ ആരാധകർ നിരാശയിലാണ്.
ഇനിയുള്ള എട്ടു മത്സരങ്ങളിൽ അഞ്ചെണ്ണമെങ്കിലും ജയിച്ചാലേ ഈ ഗ്രൂപ്പിൽനിന്ന് നേരിട്ട് യോഗ്യത നേടുക എന്ന സ്വപ്നം പൂവണിയുകയുള്ളൂ. ഒമാന്റെ അടുത്ത കളികൾ ഒക്ടോബർ 10ന് മസ്കത്തിൽ കുവൈത്തുമായും 15ന് അമ്മാനിൽ ജോർഡനുമായും നവംബർ 14ന് ഫലസ്തീനുമായുള്ള എവേ മാച്ചുമാണ്.
ഇതിന്റെ വേദി പിന്നീട് തീരുമാനിക്കും. ഇതോടെ ഗ്രൂപ്പിലെ ആദ്യഘട്ട മത്സരങ്ങൾ പൂർത്തിയാകും. രണ്ടാം ഘട്ട മത്സരങ്ങൾ അടുത്ത വർഷം മാർച്ചിലാണ് ആരംഭിക്കുക. ഗ്രൂപ്പിൽ ഏറ്റവും കരുത്തരായ ഇറാഖ്, ദക്ഷിണ കൊറിയ എന്നീ ടീമുകളുമായാണ് ഒമാന് ആദ്യ രണ്ടു മത്സരങ്ങളും വന്നത്.
ആദ്യ ഹോം മാച്ചാകട്ടെ ലോകകപ്പ് ഫൈനൽ റൗണ്ടിലെ സ്ഥിര സാന്നിധ്യമായ ദക്ഷിണ കൊറിയയുമായി വന്നതും തിരിച്ചടിയായി. ഈ രണ്ടു മത്സരങ്ങളിൽ സമനില നേടിയാൽപോലും നേട്ടമായിതന്നെയാണ് ആരാധകർ കണ്ടിരുന്നത്. എന്നാൽ, ഇറാഖുമായി നന്നായി പൊരുതിയെങ്കിലും ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന മത്സരത്തിലാകട്ടെ സ്വന്തം കാണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ കളിച്ച ഒമാൻ, ദക്ഷിണ കൊറിയക്ക് നല്ല വെല്ലുവിളി ഉയർത്തിയെങ്കിലും അവസാന സമയത്ത് പ്രതിരോധത്തിൽ വന്ന പാളിച്ചകൾ എല്ലാം തകർത്തു. ഗ്രൂപ്പിലെ ടീമുകളുടെ ഘടന അനുസരിച്ച് യഥാർഥത്തിൽ ഈ മത്സരഫലത്തിൽ അധികം ആകുലപ്പെടേണ്ട കാര്യമില്ല. എങ്കിലും ഒമാന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന കാര്യം ഇതല്ല.
ഗ്രൂപ്പിൽ പൊതുവെ ദുർബലരെന്ന് കരുതിയ കുവൈത്ത്, ഫലസ്തീൻ എന്നീ ടീമുകൾ നടത്തുന്നത് മികച്ച പോരാട്ടം തന്നെയാണ്. ജോർഡൻ ആകട്ടെ നാലു പോയന്റുമായി ഇറാഖിനും ദക്ഷിണ കൊറിയക്കും ഒപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളെ ഏറെ ഗൗരവത്തിൽ കണ്ടാൽ മാത്രമേ ഒമാന് മുന്നോട്ടുള്ള പാത സുഗമമാകൂ. ഒമാന്റെ അടുത്ത ഹോം മത്സരം കുവൈത്തുമായുമാണ്.
അയൽക്കാരുമായി മുമ്പ് നടന്നിട്ടുള്ള ഹോം മത്സരങ്ങൾ ആകട്ടെ ഒമാന് നല്ല ഓർമകളല്ല. 2012 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിലെ നിർണായക മത്സരത്തിൽ വിജയം അനിവാര്യമായിരുന്ന ഒമാനെ, സ്വന്തം കാണികൾക്ക് മുന്നിൽ സമനിലയിൽ തളച്ച് ഏഷ്യാ കപ്പ് പ്രവേശനം തടഞ്ഞ ചരിത്രം കുവൈത്തിനുണ്ട്.
എട്ടു മത്സരങ്ങൾ ബാക്കിയുണ്ട് എന്നത് വലിയ കാര്യമാണെങ്കിലും ഒമാന് കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമായിരിക്കില്ലെന്ന് തന്നെയാണ് ആരാധക പക്ഷം. അതേസമയം നിലവിലെ ടീമിന്റെ പ്രകടനത്തിൽ ആരാധകർ സംതൃപ്തരാണ്. അതുകൊണ്ടുതന്നെ ടീമിനും കോച്ചിനും നേരെ നിലവിൽ ആരാധക രോഷം ഉയർന്നിട്ടില്ല. എന്നാൽ, അടുത്ത മൂന്നു മത്സരങ്ങളിൽനിന്ന് ഏറക്കുറെ സ്ഥിതിഗതികൾ വ്യക്തമാകും.
ആദ്യ ഘട്ടം പിന്നിടുമ്പോൾ പ്രതീക്ഷാ നിർഭരമല്ലെങ്കിൽ കാര്യങ്ങൾ മാറിമറിയും. തുടക്കത്തിലേ നേരിട്ട തിരിച്ചടിയിൽ കാണികൾക്ക് നിരാശയുണ്ടെങ്കിലും അടുത്ത മത്സരങ്ങളിൽ തങ്ങളുടെ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.