ലോകകപ്പ് യോഗ്യത; ആശ്വാസ ജയം തേടി ഒമാൻ ഇന്നിറങ്ങും
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യതക്കുള്ള സൂപ്പര്‍ സിക്സ് റൗണ്ടിൽ ആശ്വാസ ജയം തേടി ഒമാൻ ഇന്നിറങ്ങും. അവസാന മത്സരത്തിൽ വെസ്റ്റിൻഡീസാണ് എതിരാളികൾ. ഒമാൻ സമയം രാവിലെ 11ന് ഹരാരെ സ്പോര്‍ട്സ് ക്ലബിലാണ് മത്സരം. ഇരുടീമുകളും ലോകകപ്പ് യോഗ്യത നേടാതെ പുറത്തായതിനാൽ ഇന്നത്തെ മത്സരഫലം ഒരു സ്വാധീനവും ചെലുത്തില്ല. ജയത്തോടെ ടൂർണമെന്റിനോട് വിടപറയാനാകും ഒമാൻ ശ്രമിക്കുക.
സൂപ്പർ സിക്സിലെ ആദ്യ രണ്ടു മത്സരത്തിലും ഒമാൻ തോറ്റിരുന്നു. സിംബാബ്വെയോട് 14 റൺസിനും നെതർലൻഡ്സിനോട് 74 റൺസിനുമാണ് അടിയറവു പറഞ്ഞത്. ഇതാണ് ഒമാന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായത്. ബൗളർമാരും ബാറ്റർമാരും മികച്ച ഫോമിലാണെങ്കിലും നിർണായക മത്സരത്തിൽ അവസരത്തിനൊത്ത് ഉയരാത്തതാണ് സുൽത്താനേറ്റിന് തിരിച്ചടിയായത്. മികച്ച തുടക്കം കിട്ടിയ മത്സരത്തിൽപോലും നല്ല കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ബാറ്റർമാർക്ക് കഴിയാത്തത് വിനയായി. ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ ധാരാളിത്തം കാണിച്ചതും ഒമാന്റെ പ്രകടനത്തെ ബാധിച്ചു. ഇന്നത്തെ മത്സരത്തിൽ മുതിർന്ന കളിക്കാർക്ക് വിശ്രമം നൽകി പുതുമുഖങ്ങളെ പരീക്ഷിക്കാൻ കോച്ച് ദുലീപ് മെന്‍ഡിസ് മുതിർന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.