ലോകകപ്പ് യോഗ്യത: ഒമാന് തോൽവി
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യതയുടെ രണ്ടാം മത്സരത്തിൽ ഒമാന് തോൽവി. കിർഗിസ്താനിലെ സ്പാർട്ടക്ക് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ആതിഥേയരോട് ഏക പക്ഷീയമായ ഒരു ഗോളിനാണ് അടിയറവ് പറഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ അബ്ദുറഖ്മാനോവാ ആണ് കിർഗിസ്താനുവേണ്ടി വലകുലുക്കിയത്. മികച്ച കളി പുറത്തെടുത്തിരുന്നുവെങ്കിലും കഴിഞ്ഞ മത്സരത്തിലെപോലെ ഫിനിഷിങ്ങിലെ പാളിച്ചകളാണ് കിർഗിസ്താനെതിരെയും വിനയായത്.
വിസിൽ മുഴങ്ങി ആദ്യ നിമിഷം മുതൽക്കേ ഇടതുവലുതുവിങ്ങുകളിലൂടെയുള്ള റെഡ് വാരിയേഴ്സിന്റെ മുന്നേറ്റത്തിനായിരുന്നു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗോൾ എന്നുറപ്പിച്ച പല അവസരങ്ങളും കിർഗിസ്താന്റെ പ്രതിരോധത്തിൽ തട്ടി അകലുകയായിരുന്നു. ഇതിനിടക്ക് കൗണ്ടർ അറ്റാക്കുകളിലൂടെ കിർഗിസ്താനും കളം നിറച്ച് കളിച്ചു.
രണ്ട് ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ലക്ഷ്യംകാണാതെയാണ് ആദ്യ പകുതിക്ക് വിസിൽ മുഴങ്ങിയത്. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിക്കുക എന്ന തന്ത്രവുമായാണ് കോച്ച് ബ്രാങ്കോ ഇവോകോവിച്ച് ഒമാൻ ടീമിനെ ഗ്രൗണ്ടിൽ ഇറക്കിയത്. ഇതിനിടെ ഒമാന്റെ പ്രതിരോധത്തിലുണ്ടായ വീഴ്ച മുതലെടുത്ത് 49ാം മിനിറ്റിൽ അബ്ദുറഖ്മാനോ ആതിഥേയർക്കുവേണ്ടി ഗോൾ നേടി. ഇതോടെ കൂടുതൽ ഉണർന്ന് കളിച്ച ഒമാൻ ആക്രമണം കനപ്പിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. ഗ്രൂപ്പ് ഡിയിൽ രണ്ട് മത്സരങ്ങളും വിജയിച്ച് ആറു പോയന്റുമായി മലേഷ്യയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് വീതം പോയന്റുകളുമായി ഒമാൻ രണ്ടും കിർഗിസ്താൻ മൂന്നും സ്ഥാനത്താണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.