ലോകകപ്പ് യോഗ്യത: തുടർ വിജയം തേടി ഒമാൻ ഇന്നിറങ്ങും
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിൽ രണ്ടാം വിജയം തേടി ഒമാൻ ചൊവ്വാഴ്ച ഇറങ്ങും. കിർഗിസ്താനിലെ സ്പാർട്ടക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ആറിനാണ് ആതിഥേയരുമായുള്ള മത്സരം. ആദ്യ കളിയിലെ വിജയം കോച്ച് ബ്രാങ്കോ ഇവോകോവിച്ചിനും കുട്ടികൾക്കും ആത്മവിശ്വാസം പകരുന്നതാണ്. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഒമാൻ തകർത്തത്. ഇതോടെ ഗ്രൂപ് ഡിയിൽ വിലപ്പെട്ട മൂന്നുപോയന്റും റെഡ്വാരിയേഴ്സ് സ്വന്തമാക്കി.
ഇരുപകുതികളിലായി ഉമർ അൽമാലിക്കി , അഹമ്മദ് അൽകാബി, മത്താഹ് സലേഹ് എന്നിവരായിരുന്നു ഒമാന് വേണ്ടി ഗോൾ നേടിയത്. കിർഗിസ്താനെതിരെ മികച്ച ഗോൾ സ്കോർ ചെയ്ത് മുന്നോട്ടുള്ള പോക്ക് സുഗമമാക്കാനായിരിക്കും ചൊവ്വാഴ്ച റെഡ്വാരിയേഴ്സ് ശ്രമിക്കുക. കിർഗിസ്താനിലെ തണുത്തുറഞ്ഞ അന്തരീക്ഷം വെല്ലുവിളിയാണെങ്കിലും മത്സരത്തിന് ദിവസങ്ങക്ക് മുമ്പേ എത്തി ഇതുമായി പൊതുത്തപെടാൻ ടീം പരിശീലനം നടത്തിയത് ഗുണകരാമാകുമെന്നാണ് കോച്ച് കണക്ക് കൂട്ടൂന്നത്. പുതുമുഖ താരങ്ങൾക്കും ഇന്ന് അവസരം നൽകിയേക്കും. മുന്നേറ്റനിരയും പ്രതിരോധവും കഴിഞ്ഞ കളിയിൽ കരുത്ത് കാട്ടിയത് ശുഭ സൂചനയായിട്ടാണ് കോച്ച് കാണുന്നത്. അതേസമയം, ഫിനിഷിങ്ങിൽ ഇനിയും മെച്ചപ്പെടാനുണ്ട്.
കഴിഞ്ഞ കളിയിൽ നിരവധി തുറന്ന അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകൾ കാരണമാണ് കൂടുതൽ ഗോൾ നേടാൻ കഴിയാതെ പോയത്. ഇത് പരിഹരിച്ചായിരിക്കും സുൽത്താനേറ്റ് ഇന്ന് കളത്തിലിറങ്ങുക. അതേസമയം, ആദ്യ മത്സരത്തിൽ മലേഷ്യയോട് തോറ്റാണ് കിർഗിസ്താൻ വരുന്നത്. മുന്നോട്ടുള്ള പോക്കിന് ഇന്നത്തെ കളിയിൽ ജയം അനിവാര്യമാണ്. സ്വന്തം കാണികൾക്കുമുന്നിൽ പന്ത് തട്ടുന്നു എന്നുള്ളത് ആതിഥേയർക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.