ലോകകപ്പ് യോഗ്യത മത്സരം; ഇറാഖിലേക്ക് ഒമാൻ ആരാധകർ ഒഴുകും
text_fieldsമസ്കത്ത്: സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഒമാൻ-ഇറാഖ് ലോകകപ്പ് യോഗ്യത മത്സരം കാണാൻ പോകുന്ന ഒമാൻ ആരാധകർക്ക് സന്തോഷവാർത്തയുമായി ഒമാൻ ഫുട്ബാൾ അസോസിയേഷൻ. ഇറാഖിലേക്കുള്ള എൻട്രി വിസ ഫീസിൽനിന്ന് ആരാധകരെ ഒഴിവാക്കിയതായി ബാഗ്ദാദിലെ ഒമാൻ എംബസി പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടി ഒമാൻ ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി.
കര-വ്യോമ മാർഗം എത്തുന്നവർക്ക് ഈ ഇളവുകൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ മത്സരം കാണാനായി ആരാധകർ ഇറാഖിലേക്ക് ഒഴുകുമെന്നുറപ്പായി. ആരാധകരുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായകമാകുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.
അതേസമയം, കോച്ച് ജറോസ്ലാവ് സിൽഹവിയയുടെ കീഴിൽ ഊർജിത പരിശീലനമാണ് ബൗശറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ടീം അംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് കഴിഞ്ഞ ദിവസം ക്യാമ്പിലെത്തിയിരുന്നു.
ടീമിന്റെ പ്രകടനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ദീ യസിൻ, ടീമിന് എല്ലാവിധ പിന്തുണയും വിജയാശംസകളും നേർന്നാണ് മടങ്ങിയത്. ഇറാഖിനെതിരെയുള്ള മത്സരത്തിനുശേഷം ഒമാൻ സെപ്റ്റംബർ പത്തിന് മസ്കത്തിൽ ദക്ഷിണ കൊറിയയെയും നേരിടും. നിലവിൽ ബൗഷർ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന പരിശീലനം പൂർത്തിയാക്കി ഒമാൻ ടീം അടുത്ത ദിവസംതന്നെ ഇറാഖിലേക്ക് തിരിക്കും.
മത്സരങ്ങൾക്കായുള്ള ഒമാൻ ടീമിനെ കോച്ച് ദിവസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. കടുത്ത ഗ്രൂപ്പിൽ ഉൾപ്പെട്ട ഒമാന് എല്ലാ മത്സരങ്ങളും നിർണായകമായതിനാൽ ടീമിൽ പരിചയ സമ്പന്നതക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.