ലോകകപ്പ് യോഗ്യത മത്സരം; ഒമാന്‍ തകർപ്പൻ വിജയത്തുടക്കം
text_fieldsമസ്കത്ത്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാന്‍ തകർപ്പൻ വിജയത്തുടക്കം. സിംബാബ്വെയിലെ ബുലവായോ അത്ലറ്റിക് ക്ലബ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അയർലൻഡിനെ അഞ്ചു വിക്കറ്റിനാണ് തകർത്തത്. ഇതോടെ വിലപ്പെട്ട രണ്ടു പോയന്റും ഒമാൻ സ്വന്തമാക്കി.
ടോസ് നേടിയ ഒമാൻ അയർലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് അയർലൻഡ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 48.1 ഓവറിൽ വിജയം കണ്ടു. 49 പന്തില്‍ 52 റണ്‍സ് നേടിയ ആഖിബ് ഇല്യാസ്, 74 പന്തില്‍ അത്രയും റണ്‍സ് നേടിയ കശ്യപ് കുമാര്‍ ഹരീഷ്ഭായ്, ക്യാപ്റ്റന്‍ സീഷാന്‍ മഖ്സൂദ് (67 പന്തില്‍ 59), മുഹമ്മദ് നദീം (53 പന്തില്‍ 46 റണ്‍സ്) എന്നിവരുടെ ബാറ്റിങ് മികവാണ് ഒമാന്‍ വിജയം എളുപ്പമാക്കിയത്.
മാര്‍ക്ക് അദൈര്‍, ജോഷുവ ലിറ്റില്‍ എന്നിവര്‍ അയര്‍ലൻഡിനുവേണ്ടി രണ്ടു വിക്കറ്റുകള്‍ വീതം നേടി. മികച്ച തുടക്കമായിരുന്നു അയർലൻഡിന് ലഭിച്ചിരുന്നത്. ഒരു ഘട്ടത്തിൽ സ്കോർ 300 കടക്കുമെന്ന് കരുതിയിരുന്നുവെങ്കിലും മധ്യനിര ബാറ്റർമാരെ ഒമാൻ ബൗളിങ്നിര വരിഞ്ഞുമുറുക്കുകയായിരുന്നു. ജോര്‍ജ് ഡോക്ക്ററും (89 പന്തില്‍ 91) ഹാരി ടെക്ടറുമാണ് (82 പന്തില്‍ 52) അയർലൻഡിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ബിലാല്‍ ഖാന്, ഫയ്യാസ് ബട്ട് എന്നിവര്‍ ഒമാനുവേണ്ടി രണ്ടു വീതം വിക്കറ്റുകളും സ്വന്തമാക്കി. സന്നാഹമത്സരത്തിൽനിന്ന് വ്യത്യസ്തമായി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത് ഒമാന്‍ വരും മത്സരങ്ങൾക്ക് ആത്മവിശ്വാസം പകരും. 21ന് യു.എ.ഇയുമായും 23ന് മുൻ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയുമായും 25ന് സ്കോട്ട്ലൻഡുമായുമാണ് ഒമാന്റെ മത്സരങ്ങൾ. ഇരുഗ്രൂപ്പുകളിൽനിന്നും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ സിക്സ് പോരാട്ടത്തിന് അർഹത നേടും. ഇതില്‍ കൂടുതല്‍ പോയന്റ് നേടുന്ന ടീമുകള്‍ പ്ലേഓഫിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും യോഗ്യത നേടും. ഒമാൻ ക്യാപ്റ്റൻ സീഷാന്‍ മഖ്സൂദാണ് കളിയിലെ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.