ലോകകപ്പ് യോഗ്യത; നിർണായക മത്സരത്തിന് ഒമാൻ
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഒമാൻ വ്യാഴാഴ്ച ദക്ഷിണ കൊറിയയെ നേരിടും. കൊറിയയിലെ ഗോയാങ്ങ് സ്റ്റേഡിയത്തില്‍ ഒമാന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. മുന്നോട്ടുള്ളപോക്ക് സുഗമമാക്കണമെങ്കിൽ ടീമിന് ഇന്ന് വിജയം അനിവാര്യമാണ്. ദക്ഷിണ കൊറിയയെ അവരുടെ നാട്ടിൽ നേരിടുകയെന്നത് വെല്ലുവിളിയാണെങ്കിലും മികച്ച കളി പുറത്തെടുക്കാനായിട്ട് തന്നെയാണ് കോച്ച് റഷീദ് ജാബിറിന്റെ കുട്ടികൾ കളത്തിലിറങ്ങുന്നത്.
വമ്പൻ മത്സരം മുന്നിൽ കണ്ട് മികച്ച മന്നൊരുക്കം ടീം ഇതിനകം നടത്തിയിട്ടുണ്ട്. മസ്കത്തിൽ ആഭ്യന്തര പരിശീലനവും സുഡാനെതിരെ സൗഹൃദ മത്സരവും കഴിഞ്ഞാണ് ദക്ഷിണ കൊറിയയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കൊറിയയിൽ മികച്ച പരിശീലനത്തിലേർപ്പെടുകയും ചെയ്തിട്ടുണ്ട്.
സൗഹൃദ മത്സരത്തിൽ സുഡാനോട് സമനില വഴങ്ങിയെങ്കിലും ടീമിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ കളി ഉപകരിക്കുന്നതായാണ് കോച്ച് വിലയിരുത്തുന്നത്. അവസാനമായി ഇരുടീമുകളും മസ്കത്തില് ഏറ്റുമുട്ടിയപ്പോള്‍ വിജയം ദക്ഷിണ കൊറിയക്കൊപ്പമായിരുന്നു. സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത് ആതിഥേയർക്ക് മുൻതൂക്കം നൽകുന്നതാണ്. എന്നാൽ, അറേബ്യൻ ഗൾഫ് കപ്പിലെ മിന്നും പ്രകടനവും കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശീലനവുമെല്ലാം റെഡ്വാരിയേഴ്സിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ഗ്രൂപ് ബിയില്‍ 11കളിയിൽനിന്ന് 14 പോയന്റുമായി ദക്ഷിണ കൊറിയ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.