ലോകകപ്പ് യോഗ്യത റൗണ്ട് ഫൈനൽ: ഒമാൻ കരുത്തരുടെ ഗ്രൂപ്പിൽ
text_fieldsമസ്കത്ത്: 2022 ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഏഷ്യ വൻകരയിൽ നിന്നും മത്സരിക്കുന്ന ടീമുകളെ കണ്ടെത്തുന്നതിനുള്ള അവസാന റൗണ്ട് മത്സരങ്ങളിൽ ഒമാൻ കരുത്തരുടെ ഗ്രൂപ്പിൽ. ആറ് ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളിൽ ഒമാൻ ഗ്രൂപ് ബിയിലാണ് സ്ഥാനം പിടിച്ചത്. ഈ ഗ്രൂപ്പിൽ ഒമാന് പുറമെ കരുത്തരായ ജപ്പാൻ, ആസ്ട്രേലിയ, സൗദി അറേബ്യ, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളാ ണുള്ളത്.
ഹോം ആൻഡ് എവേ അടിസ്ഥാനത്തിലുള്ള മത്സരങ്ങളിൽ ഓരോ ഗ്രൂപ്പിലും ആദ്യ രണ്ടുസ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. ഓരോ ഗ്രൂപ്പിലും മൂന്നാം സ്ഥാനത്തെത്തുന്ന ടീമുകൾ പ്ലേ ഓഫ് മത്സരിച്ച് ജയിക്കുന്ന ടീം ഓഷ്യാന മേഖലയിൽ നിന്നുമുള്ള ടീമുമായി മത്സരിക്കണം. അവിടെ ജയിക്കുന്ന ടീമിനും ലോകകപ്പിൽ കളിക്കാം. സെപ്റ്റംബർ രണ്ട് മുതലാണ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുക. ഇറാൻ, ഇറാഖ്, യു.എ.ഇ, കൊറിയ, സിറിയ, ലെബനാൻ എന്നീ രാജ്യങ്ങളാണ് ഗ്രൂപ് എയിലുള്ളത്. ആതിഥേയരായ ഖത്തർ നേരെത്തേ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
നിലവിൽ ജപ്പാനും ആസ്ട്രേലിയയും സ്ഥിരമായി ലോകകപ്പ് കളിക്കുന്ന ടീമുകളാണ്. സൗദി അറേബ്യയും ഇടക്ക് ലോകകപ്പിൽ കളിക്കുന്ന ടീമാണ്. 2014 ലോകകപ്പ് യോഗ്യത റൗണ്ടിൽ സമാനമായ ഗ്രൂപ്പിൽ ആയിരുന്നു ഒമാൻ. അന്ന് ജപ്പാൻ, ആസ്ട്രേലിയ , ജോർഡൻ, ഇറാഖ് എന്നീ ടീമുകൾക്ക് ഒപ്പമുള്ള ഗ്രൂപ്പിൽ ആയിരുന്ന ഒമാൻ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചെങ്കിലും നിർഭാഗ്യം കൊണ്ടാണ് യോഗ്യത നേടാതെ പോയത്.
മരണഗ്രൂപ്പിൽ ഉൾപ്പെട്ടുവെന്നതിനാൽ ഒമാെൻറ സാധ്യതകൾ ഇല്ലാതാകുന്നില്ലെന്ന് കായിക രംഗത്തെ വിദഗ്ധർ പറയുന്നു. ആസ്ട്രേലിയ, ജപ്പാൻ, സൗദി അറേബ്യ എന്നീ ടീമുകളുമായി ഒമാൻ ഇടക്കിടെ കളിക്കുന്നുവെന്നതിനാൽ മുൻ പരിചയം ഏറെ സഹായകരമാകുമെന്നാണ് ഒമാൻ ഡെയ്ലി ഒബ്സർവർ സ്പോർട്സ് എഡിറ്റർ അനുരൂപ് പറയുന്നത്. ഓരോ ടീമിനും പത്തോളം മത്സരങ്ങൾ ഉണ്ടാകും. അഞ്ച് ഹോം മത്സരങ്ങളിൽ മൂന്നെണ്ണമെങ്കിലും ജയിക്കുകയും രണ്ടെണ്ണം തോൽക്കാതിരിക്കുകയും എവേ മത്സരങ്ങളിൽ ഭൂരിഭാഗവും തോൽക്കാതിരിക്കുകയും ചെയ്താൽ ഒമാന് സാധ്യത ഉണ്ടെന്നാണ് അനുരൂപ് പറയുന്നത്.
ലോകകപ്പ് ആയതിനാലും, ഗൾഫ് രാജ്യത്തു ലോകകപ്പ് നടക്കുന്നുവെന്നതിനാലും ഒമാനിൽ ഏറെ ആവേശം പ്രകടമാകുമെന്ന് മസ്കത്ത് ഡെയ്ലി സ്പോർട്സ് എഡിറ്റർ അശോക് പുരോഹിത് പറയുന്നു. ഒട്ടേറെ ഭാവി വാഗ്ദാനങ്ങളായ കളിക്കാർ ടീമിലുണ്ട്. അതിനാൽ മരണഗ്രൂപ് എന്നത് വലിയ വെല്ലുവിളിയാവില്ലെന്നും അശോക് പറഞ്ഞു.
എന്തായാലും രണ്ടു തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഒമാെൻറ ലോകകപ്പ് ഫൈനൽ റൗണ്ട് എന്ന പ്രതീക്ഷ ഇക്കുറി നടക്കുമെന്നാണ് മിക്ക ഫുട്ബാൾ ആരാധകരുടെയും പ്രതീക്ഷ. ഗൾഫ് രാജ്യത്താണ് ടൂർണമെൻറ് നടക്കുന്നത് എന്നതിനാൽ ഏവരുടെയും പ്രതീക്ഷ വാനോളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.